Latest News
Loading...

ഏഴര വർഷമായി പി ജെ ജോസഫ് എംഎൽഎയുടെ പങ്ക് വട്ടപ്പൂജ്യം:

 തൊടുപുഴ: കഴിഞ്ഞ ഏഴര വർഷക്കാലമായി തൊടുപുഴയുടെ വികസന കാര്യത്തിൽ പിജെ ജോസഫ് എംഎൽഎ വച്ച് പുലർത്തുന്ന അപകർഷതാ മനോഭാവത്തിന്റെ ഇരയായി തൊടുപുഴ നിയോജകമണ്ഡലം മാറിയിരിക്കുകയാണെന്ന് കേരള കോൺഗ്രസ് എം. തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. തൊടുപുഴയ്ക്ക് അർഹതപ്പെട്ട വികസനങ്ങൾ സംസ്ഥാന സർക്കാരിൽ നിന്നും നേടിയെടുക്കുവാൻ ജനങ്ങൾ ബഹുഭൂരിപക്ഷത്തിൽ വിജയിപ്പിച്ച എംഎൽഎ ആയ തനിക്ക് മന്ത്രി സ്ഥാനം ഉണ്ടെങ്കിൽ മാത്രമേ കഴിയൂ എന്ന മനോഭാവം വച്ചുപുലർത്തുന്നത് തൊടുപുഴയുടെ വികസനത്തിന് വിലങ്ങു തടിയായി മാറിയിരിക്കുകയാണ്. 

കേരളത്തിലെ മറ്റു പ്രതിപക്ഷ എംഎൽഎമാരുടെ മണ്ഡലങ്ങളിൽ നടക്കുന്ന വികസനത്തിന്റെ നാലിലൊന്നു പോലും തൊടുപുഴയ്ക്ക് അന്യമായത് എംഎൽഎയുടെ കാര്യക്ഷമമായ ഇടപെടലിന്റെ കുറവ് മൂലമാണ്. സംസ്ഥാന സർക്കാരിനോട് തന്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ആവശ്യം ഉന്നയിക്കുവാനും നേടിയെടുക്കുവാനും സമ്മർദ്ദ ശക്തിയായി ഇടപെടൽ നടത്തേണ്ട പിജെ ജോസഫ് നിയമസഭയിലോ സർക്കാർ വിളിച്ചു ചേർക്കുന്ന കമ്മറ്റികളിലോ പങ്കെടുക്കാതെ മാറിനിൽക്കുന്നത് അംഗീകരിക്കുവാൻ ആവില്ല. സർക്കാർ പരിപാടികളിൽതനിക്ക് ഉദ്ഘാടകനോ അധ്യക്ഷനോ ആകണം എന്ന് വാശിപിടിക്കുന്ന എംഎൽഎ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുന്നത് ആരോഗ്യപ്രശ്നം എന്ന കാരണം പറഞ്ഞുകൊണ്ടാണ്. വാർദ്ധക്യസഹജമായ അസുഖങ്ങൾ തൊടുപുഴയിലെ ജനങ്ങളുടെ ചുമലിൽ കെട്ടിവയ്ക്കുന്നത് ശരിയല്ല. പൊതുസേവനവും പൊതുപ്രവർത്തനവും ജീവിതാവസാനം വരെ ചെയ്യേണ്ട ഒന്നാണെന്ന് ആരും കരുതരുത്.

 അവനവൻറെ ആരോഗ്യവും വ്യക്തിപരമായി സമയം കണ്ടെത്തി ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുവാൻ മനസ്സ് കാണിക്കുക എന്നുള്ളതാണ് പ്രധാനം. തൊടുപുഴയിലെ വികസന പ്രവർത്തനങ്ങളിൽ ഭാഗമാകേണ്ട എംഎൽഎ കഴിഞ്ഞ ഏഴര വർഷക്കാലമായി പുലർത്തുന്ന ദുർവാശിയും ഈഗോയും നിമിത്തം മണ്ഡലത്തിന്റെ വികസനം മുരടിച്ചിരിക്കുകയാണ്. വികസനത്തിൽ ജില്ലയിലെ മണ്ഡലങ്ങളിൽ ഏറ്റവും മുന്നിൽ നിന്നിരുന്ന തൊടുപുഴ നിയോജകമണ്ഡലം ഇന്ന് ബഹുദൂരം പിന്നിലാണ്. കൊട്ടിഘോഷിക്കപ്പെട്ട വികസനങ്ങളുടെ ഓർമ്മകൾ അയവിറക്കുക മാത്രമാണ് തൊടുപുഴയുടെ ജനങ്ങളുടെ വിധി. എംഎൽഎയുടെ രാഷ്ട്രീയ നിലപാടുകൾ എന്തുമായിക്കൊള്ളട്ടെ തന്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ മുന്നോട്ടു കൊണ്ടുപോകാനുള്ള ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടുന്നത് ഭൂഷണമല്ല. പിടി തോമസ് എംഎൽഎ ആയിരിക്കെ നിർമ്മാണം പൂർത്തീകരിച്ച മൂപ്പിൽ കടവ് പാലം തുടർന്ന് എംഎൽഎ ആയ ജോസഫ് പാലത്തിന് വളവുണ്ടെന്ന് കളവ് പ്രചരിപ്പിച്ച് ഉദ്ഘാടനം പോലും മാറ്റിവച്ചത് തൊടുപുഴ ക്കാർ മറന്നിട്ടില്ല, രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് റവന്യൂ മന്ത്രി കെഎം മാണി അനുവദിച്ച് ഖജനാവിൽ നിന്നും ഒരു കോടിയിൽപരം രൂപ ചെലവഴിച്ച് പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച റവന്യൂ ടവർ പാതിവഴിയിൽ ഉപേക്ഷിച്ചത് പിജെ ജോസഫിന്റെ ദുർവാശിയുടെ മറ്റൊരു ഉദാഹരണമാണ്. കഴിഞ്ഞ 10 വർഷമായി മണ്ഡലത്തിൽ മുങ്ങിക്കിടക്കുന്ന വികസന പ്രവർത്തനങ്ങൾ നിരവധിയാണ് പലതും പാതിവഴിയിൽ ഉപേക്ഷിച്ച മട്ടിലാണ്. കാഞ്ഞിരമറ്റം പാലം, സിവിൽ സ്റ്റേഷൻ അനക്സ് മന്ദിരം, ഫയർ സ്റ്റേഷൻ മന്ദിരം, പുഴയോര വാക്ക് വേ, മുനിസിപ്പിൽ ഓഫീസിനു സമീപം ഫ്ലൈ ഓവർ, കാഞ്ഞിരമറ്റം ചുങ്കം ബൈപ്പാസ്, ആലക്കോട് വണ്ണപ്പുറം ചേലചുവട് ഹൈവേ, ഇൻഡോർ സ്റ്റേഡിയം,തുടങ്ങിയവ ഉദാഹരണം മാത്രം ജില്ലാ ജയിൽ സ്പൈസസ് പാർക്ക് എന്നീ സ്ഥാപനങ്ങളുടെ ഉദ്ഘാടന സമയത്ത് എംഎൽഎ മനപ്പൂർവം പങ്കെടുക്കാതെ വിട്ടുനിന്നത് തൊടുപുഴയിലെ ജനങ്ങളോടുള്ള ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടുന്നതിനു തുല്യമാണ്. എംഎൽഎയുടെ മണ്ഡലത്തോടുള്ള അവഗണനയിലും വികസനവിരുദ്ധ നിലപാടിലും പ്രതിഷേധിച്ച് ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുവാൻ കേരള കോൺഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പ്രസിഡൻറ് ജിമ്മി മറ്റത്തിപാറ അധ്യക്ഷത വഹിച്ചു.

 നേതാക്കളായ പ്രൊഫ. കെ ഐ ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേ ടത്ത്, അപ്പച്ചൻ ഓലിക്കരോട്ട്, മാത്യു വാരികാട്ട്, ബെന്നി പ്ലാക്കൂട്ടം,അഡ്വ. പി കെ മധുനമ്പൂതിരി,അംബിക ഗോപാലകൃഷ്ണൻ, റോയ് പുത്തൻകുളം, ജോസ് പാറപ്പുറം, തോമസ് കിഴക്കേപറമ്പിൽ, ജോസി വേളാശേരിൽ, ജോസ് മാറാട്ടിൽ, ജോസ് മഠത്തിനാൽ, സണ്ണി കടുത്തലകുന്നേൽ, ലിപ്സൺ കൊന്നക്കൽ, ഡോണി കട്ടക്കയം, മനോജ്‌ മാമല,റോയ്സൺ കുഴിഞ്ഞാലിൽ, ശ്രീജിത്ത് ഒളിയറക്കൽ,അഡ്വ. കെവിൻജോർജ്,സ്റ്റാൻലി, കീത്താപ്പിള്ളിൽ ജോസ് ഈറ്റക്കകുന്നേൽ,റോയ് വാലുമ്മേൽ, ജെറാൾഡ് തടത്തിൽ, ജെഫിൻ കൊടുവേലിൽ, തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment

0 Comments