Latest News
Loading...

പാലാ അൽഫോൻസ കോളേജ് അറുപതാം വർഷത്തിലേക്ക്.ആപ്തവാക്യം അന്വർത്ഥമാക്കി പാലാ അൽഫോൻസ കോളേജ് അറുപതാം വർഷത്തിലേക്ക്. പരിപൂർണ്ണയും പര്യാപ്തയുമായ വനിതയെ രൂപപ്പെടുത്തുക എന്ന കുലീന ദൗത്യം അതിൻ്റെ പൂർണ്ണതയിൽ പാലിച്ചു പോരുന്നതിൻ്റെ ചാരിതാർത്ഥ്യത്തോടെയാണ് അൽഫോൻസിയൻ സമൂഹം പ്രിയ കലാലയത്തിൻ്റെ ജൂബിലിയെ വരവേൽക്കുന്നത്.

അറുപത് വർഷം മുൻപ് ഒരു വനിതാ കോളേജ് എന്ന ആശയം ഏറെ വെല്ലുവിളികളെ അതിജീവിച്ച് ഭാഗ്യസ്മരണാർഹനായ സെബാസ്റ്റ്യൻ വയലിൽ പിതാവ് മുന്നോട്ടു വയ്ക്കുമ്പോൾ ലോകം നേരിടാനിടയുള്ള വെല്ലുവിളികൾക്ക് ക്രിയാത്മകമായ ഉത്തരം നല്കാൻ കഴിയുന്ന അനേകായിരം വനിതകളെയും അദ്ദേഹം സ്വപനം കണ്ടിരിക്കും. ക്രാന്തദർശിയായ തങ്ങളുടെ വിലയ പിതാവിൻ്റെ സ്വപ്നങ്ങൾക്ക് മഴവിൽ വർണ്ണങ്ങൾ ചാർത്തുന്നു കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി അൽഫോൻസയുടെ പടിയേറിയ വനിതകൾ.

ജീവിതത്തിനായി കൊളുത്തിവയ്ക്കപ്പെട്ട ദീപം എന്നത് അൽഫോൻസാ കോളേജിനെ സംബന്ധിച്ച് ഒരു ആപ്തവാക്യത്തേക്കാളുപരി ഒരു ജീവിത ചര്യയാണ് എന്നതിന് അറുപത് വർഷക്കാലമായി നാടിനും സമൂഹത്തിനും ഈ കലാലയം നല്കിക്കൊണ്ടിരിക്കുന്ന സംഭാവനകൾ സാക്ഷ്യം നല്കുന്നു. അക്കാദമിക ,കലാകായിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ മികവിൻ്റെ പകരം വയ്ക്കാനില്ലാത്ത അടയാളമായി അൽഫോൻസ കോളേജ് മാറിയതിനു പിന്നിൽ ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളോടുള്ള വിശ്വസ്തതയും വിദ്യാർത്ഥി സമൂഹത്തോട് പുലർത്തുന്ന ഉത്തരവദിത്വവും ആണെന്ന് നിസംശയം പറയാം.
1964ൽ 400 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ കലാലയത്തിൽ ഇന്ന് പതിമൂന്ന് ബിരുദ കോഴ്സുകളിലും ഏഴ് ബിരുദാനന്തര കോഴ്സുകളിലുമായി ...... വിദ്യാർത്ഥികൾ പഠിക്കുന്നു.അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ , മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ' ജേക്കബ് മുരിക്കൻ എന്നിവരുടെ പൈതൃക പരിപാലനയിൽ വളർന്ന ഈ കലാലയത്തെ ഏറിയ കാലവും നയിച്ചിട്ടുള്ളത് അൽഫോൻസായുടെ തന്നെ മക്കളാണ് എന്നതും ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുള്ളവരും ഇപ്പോൾ സേവനം ചെയ്യുന്നവരുമായ അധ്യാപകരിൽ  ഭൂരിഭാഗവും അൽഫോൻസിയൻസ് ആണ് എന്നതും  ജൂബിലി വർഷത്തെ കൂടുതൽ മധുരിതമാക്കുന്നു.

സാമൂഹിക ജീവിതത്തിൻ്റെ   എല്ലാ മേഖലകളിലും ഒരു അൽഫോൻസിയൻ സാന്നിധ്യം കണ്ടെത്താനാവും എന്നത് ഏറെ അഭിമാനാർഹമായ നേട്ടമാണ്. ഷൈനി വിത്സൺ, പ്രീജാ ശ്രീ ധരൻ, സിനി ജോസ് എന്നിവരിലൂടെ മൂന്ന് ഒളിമ്പ്യന്മാരെയും ഷൈനി, പ്രീജാ, പത്മിനി തോമസ് എന്നിവരിലൂടെ മൂന്ന് അർജുന അവാർഡ് ജേതാക്കളെയും രാജ്യത്തിന്  സമ്മാനിക്കാൻ കഴിഞ്ഞ ഏക  കലാലയമെന്ന അഭിമാനം  അൽഫോൻസയ്ക്കുമാത്രം സ്വന്തമാണ്.സുമി, സൗമി, സോണി, സോമി എന്നിങ്ങനെ ജലറാണികളും  കേരളത്തിൻ്റെ സുവർണ്ണ കുമാരി കെ.എം. സെലിൻ , സിനി ജോസ്, രശ്മി ബോസ്, പ്രസീത പ്രസന്നൻ, കെ.എസ്. ബിജിമോ ൾ, ആർ. ശ്രീകല, ആശ സെ ബാസ്റ്റ്യൻ എന്നിവരും ഉൾപ്പെടുന്ന അൽഫോൻസിയൻ കായിക നിര രാജ്യത്തിൻ്റെ കായിക മേഖലക്ക് നല്ല കുന്ന സംഭാവന പ്രശംസാവഹമാണ്. നിസ്തുലമായ ഈ നേട്ടങ്ങൾക്ക്  മികച്ച സംഭാവനകൾക്കുള്ള കേരള സർക്കാരിൻ്റെ ജി.വി.രാജ അവാർഡ് കോളേജിനെ തേടിയെത്തിയത്  ജൂബിലിയെ കൂടുതൽ വർണ്ണാഭമാക്കുന്നു.


.കലയിലും സാഹിത്യത്തിലും കായികമേഖലയിലെന്ന പോലെ അൽഫോൻ സയുടെ മിടുക്കികളുണ്ട്. ആഷാ ജയിംസ് ഐഎഎസ്, ആനീസ്  മാത്യു ഐഎഎസ്, സുനിത ജേക്കബ് ഐഎഎസ്, സി.എച്ച്. ഹണി ഐഎഎസ്, ബി. സന്ധ്യ  ഐ പി സ് എന്നിങ്ങനെ നീളുന്ന ഭരണത്തലപ്പത്തെ അൽഫോൻസിയൻ ടച്ച്. യുവ ശാസ്ത്രജ്ഞ ഡോ. ലിജി മോൾ ജയിംസ്, ഗായിക റിമി ടോമി, നടി മിയ എ ന്നിങ്ങനെ കലാരംഗത്തെയും ശാസ്ത്രലോകത്തെയും സജീവ സാന്നിധ്യ നിര നീളുന്നു .

അക്കാദമിക് മേഖലയിലെ അൽഫോൻസ കോളേജിൻ്റെ പകരം വയ്ക്കാനില്ലാത്ത മികവിന് ഇക്കുറിയും കേരളം സാക്ഷ്യം വഹിച്ചു. ഇകഴിഞ്ഞ എം ജി യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷയിൽ36 റാങ്കുകളും 99 A+ ഗ്രേഡുകളും 110 A ഗ്രേഡുകളും ഡയമണ്ട് ജൂബിലി വർഷത്തെ വജ്രശോഭിതമാക്കി അൽഫോൻസയുടെ മിടുക്കികൾ.

 സാമൂഹിക പ്രതിബദ്ധതയുള്ള, കാലാനുസൃതമായ മാറ്റങ്ങളിലേക്ക് സമൂഹത്തെ നയിക്കാൻ പ്രാപ്തിയുള്ള ഒരു യുവ തലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തെ മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന ഒരു ഉന്നത വിദ്യാഭാസ സ്ഥാപനം എന്ന നിലയിൽ, സാമൂഹിക-വ്യക്തി ജീവിതത്തിൻ്റെ നാനാവിധ തലങ്ങളിലും തനതായ ഒരു മുദ്ര പതിപ്പിക്കാൻ കഴിഞ്ഞു എന്നത് കോളേജിൻ്റെ വജ്ര ശോഭയെ കൂടുതൽ തെളിവുള്ളതാക്കുന്നു . സാമൂഹികവും സാമ്പത്തികവും ലിംഗപരവുമായ അസമത്വങ്ങൾ നിലനിന്നിരുന്ന , പുതിയ ഭാവങ്ങളിൽ ഇന്നും നിലനിൽക്കുന്ന, ഇന്നിൻ്റെ സാമൂഹിക അന്തരീക്ഷത്തിന് ക്രൈസ്തവ മൂല്യങ്ങളിൽ അടിസ്ഥാനമുറപ്പിക്കുന്ന വിശ്വമാനവികതയുടെ പുതിയ ഭാഷ പരിചയപ്പെടുത്തുന്നതിൽ ഈ കലാലയം വഹിക്കുന്ന പങ്ക് നിസ്സാരമല്ല. 


.ഗാന്ധിയൻ പഠന കേന്ദ്രം', എൻ.സി.സി എൻ.എസ്.എസ് ,ഉന്നത് ഭാരത് അഭിയാൻ, യൂത്ത് റെഡ് ക്രോസ് , ജീസസ് യൂത്ത്,C.S.M,എന്നിങ്ങനെ വിവിധങ്ങളായ യുവജന സംഘടനകൾ ക്യാമ്പസിൽ പ്രവർത്തിക്കുന്നുണ്ട്. ജൂബിലി വർഷത്തിൽ ഭവന രഹിതർക്കായ് 60 വീടുകളാണ് കോളേജ് എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നിർമ്മാണത്തിലിരിക്കുന്നത്.  സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് വീട് പുതുക്കിപ്പണിയുന്നതിനും മറ്റുമുള്ള സാമ്പത്തിക സഹായം റെഡ് ക്രോസ് വർഷം തോറും നല്കി വരുന്നു. പിന്നാക്കാവസ്ഥയിലുള്ള പ്രദേശങ്ങളെ ദത്ത് ഗ്രാമങ്ങളായി സ്വീകരിച്ച് അവരുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന യുബിഎ, സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്നവർക്ക് വിദ്യാഭ്യാസ-ചികിത്സാ സഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എൻ.സി.സി,ചാരിറ്റി സെൽ, ഗാന്ധിയൻ പഠന കേന്ദ്രത്തിൻ്റെ മേൽനോട്ടത്തിലുള്ള ജയിൽ മിനിസ്ട്രി , വർഷത്തിൽ പലപ്പോഴായി നടത്തപ്പെടുന്ന രക്തദാന ക്യാമ്പുകൾ, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ,  ദുരന്ത നിവാരണ,ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇവയെല്ലാം അൽഫോൻസയുടെ സാമൂഹിക പ്രതിബന്ധതയുടെ ഒളിമങ്ങാത്ത അടയാളങ്ങളാണ്.


ജീവിതത്തിനായ് കൊളുത്തി വയ്ക്കപ്പെട്ട ദീപം എന്ന ആപ്തവാക്യം അന്വർത്ഥമാക്കി, ലക്ഷക്കണക്കിന് ജീവിതങ്ങൾക്ക് പ്രകാശമായി നിന്നുകൊണ്ട് അൽഫോൻസ പ്രകാശിതമായ അറുപത് വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ കൂടുതൽ  ക്രിയാത്മകമായ പുത്തൻ വഴിത്താരകളെ സ്വപനം കാണുന്നു ഓരോ  അൽഫോൻസിയനും. ഇനിയുമുണ്ടേറെ നേടാനും നല്കാനും വളരാനും വളർത്താനും .

സെപ്റ്റംബർ അഞ്ചാം തിയതി കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം  പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും.കോളേജ് മാനേജർ  മോൺ ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും.  കോളജ് പ്രിൻസിപ്പാൾ ഡോ. ഷാജി ജോൺ , ബർസാർ ഡോ.ജോസ് ജോസഫ് ,അധ്യാപക അനധ്യാപക വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും.


   
Post a Comment

0 Comments