Latest News
Loading...

ചെറിയാൻ ജെ കാപ്പൻ്റെ സ്മരണയ്ക്കായി സൗജന്യ ഭൂമിയും വീടും




പാലാ: അശരണർക്കു കാരുണ്യമേകാൻ സമൂഹത്തിനാകണമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ചെറിയാൻ ജെ കാപ്പൻ ആൻ്റ് ത്രേസ്യാമ്മ കാപ്പൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സൗജന്യമായി നൽകിയ സ്ഥലത്ത് സൗജന്യമായി നിർമ്മിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപന കർമ്മങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മാണി സി കാപ്പൻ എം എൽ എ, ഫൗണ്ടേഷൻ ചെയർമാൻ ചെറിയാൻ സി കാപ്പൻ, ന്യൂയോർക്ക് നന്മക്കൂട്ടായ്മ പ്രസിഡൻ്റ് ഫിലിപ്പോസ് ജോസഫ്, മെമ്പർ പോൾ ജോസ്, പ്രോജക്ട് കോ-ഓർഡിനേറ്റർ എബി ജെ ജോസ്, ഗുണഭോക്താക്കളായ കിടങ്ങൂർ കിരമാക്കിൽ അംബിക, പരിയത്താനത്തുപാറയിൽ സജിന എന്നിവർ പങ്കെടുത്തു.  



അറുനൂറ് സ്ക്വയർഫീറ്റോളം വിസ്തീർണ്ണമുള്ള വാർക്ക വീടാണ് സൗജന്യമായി നിർമ്മിച്ചു നൽക്കുന്നത്. രണ്ട് ബെഡ് റൂമുകൾ, ലിവിംഗ്, ഡൈനിംഗ് ഏരിയാ, അടുക്കള, അറ്റാച്ചിഡ് ബാത്ത്റൂം, സിറ്റൗട്ട് എന്നിവ ഉൾപ്പെട്ടതാണ് പ്ലാൻ. പാലായിലെ ഗ്രാവിറ്റി ഡിസൈനിലെ എഞ്ചിനിയർ രാജേഷ് എസ് ആണ് എഞ്ചിനീയറിംഗ് നിർവ്വഹിക്കുന്നത്.

കിടങ്ങൂർ പാലത്തിനടിയിൽ കഴിഞ്ഞ 20 വർഷമായി താമസിച്ചു വരുന്ന രണ്ടു കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ സൗജന്യമായി വീട് നിർമ്മിച്ചു നൽകുന്നത്. 



സ്വാതന്ത്ര്യസമര സേനാനിയും എം പി യും പാലാ നഗരസഭാ ചെയർമാനുമായിരുന്ന ചെറിയാൻ ജെ കാപ്പൻ്റെയും ഭാര്യ ത്രേസ്യാമ്മ കാപ്പൻ്റെയും സ്മരണ നിലനിർത്തുന്നതിനായി പാവപ്പെട്ടവർക്കു വീടുവയ്ക്കാൻ ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടിയിൽ ചെറിയാൻ സി കാപ്പൻ വാങ്ങിയ 53 സെൻ്റ് സ്ഥലത്തെ ആറു സെൻ്റ് ഈ ഗുണഭോക്താക്കൾക്കു നേരത്തെ സൗജന്യമായി നൽകിയിരുന്നു. ഇവിടെയാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വിഭാവനം ചെയ്ത ഹോം ഫോർ ഹോംലെസ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന രണ്ടായിരം വീടുകളുടെ ഭാഗമായി ഈ വീടുകൾ നിർമ്മിക്കുന്നത്. ഇതിനു പിന്നാലെ ഈ പദ്ധതിയുടെ ഭാഗമായി ഇവിടെ ബാക്കിയുള്ള സ്ഥലത്ത് ഒൻപത് വീടുകൾ കൂടി നിർമ്മിച്ച് അർഹരായവർക്കു കൈമാറും. മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ ജസ്റ്റീസ് കെ നാരായണക്കുറുപ്പ്, ചെറിയാൻ സി കാപ്പൻ, എബി ജെ ജോസ് എന്നിവരടങ്ങുന്ന സമിതിയാണ് ലഭ്യമായ അപേക്ഷകളിൽ നിന്നും ഏറ്റവും അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയത്.



   




Post a Comment

0 Comments