Latest News
Loading...

നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി മൂന്നിലവിലെ മാലിന്യസംസ്‌കരണപ്ലാന്റ്



കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സ്റ്റാര്‍ട്ട്അപ് മിഷനില്‍പെടുത്തി മൂന്നിലവ് പഞ്ചായത്തിലെ പെരുങ്കാവില്‍ ആരംഭിച്ച ജൈവമാലിന്യ സംസ്‌കരണപ്ലാന്റിനെതിരെ ജനകീയപ്രതിഷേധം ഉയരുന്നു. ആലപ്പുഴ കേന്ദ്രമായുള്ള സ്ഥാപനമാണ് മലയോരമേഖലയില്‍ വന്‍കിട മാലിന്യസംസ്‌കരണകേന്ദ്രം ആരംഭിച്ചത്. പ്രവര്‍ത്തനം തുടങ്ങി ഒരുമാസം പിന്നിടുംമുന്‍പേ മാലിന്യവും ഈച്ചയും ദുര്‍ഗന്ധവും ജനജീവിതം ദുരിതത്താലാക്കുന്നതായാണ് ആക്ഷേപം. 



ഒരു മാസ്ം മാത്രം മുന്‍പാണ് അഗ്സോ അഗ്രോസോജിയര്‍ കമ്പനിയുടെ ബ്രാഞ്ച് മൂന്നിലവിലെ 7-ാം വാര്‍ഡ് പെരുങ്കാവില്‍ പ്രവര്‍ത്തനം തുടങ്ങിയത്. സ്റ്റാര്‍ട്ട്അപ് മിഷന്‍വഴിയെത്തിയ കമ്പനിയ്ക്ക് തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും സര്‍്ടടിഫിക്കറ്റുകള്‍ ആവശ്യമില്ല. അതിനാല്‍തന്നെ പഞ്ചായത്തും ജനങ്ങളുംപോലും അറിഞ്ഞത് പദ്ധതി ആരംഭിച്ച് കഴിഞ്ഞാണ്. മറ്റ് ജില്ലകളില്‍ നിന്നടക്കം ടണ്‍ കണക്കിന് മാലിന്യം ഇവിടെയെത്തിച്ച് കമ്പോസ്റ്റ് വളമാക്കുന്നതാണ് പദ്ധതി. എന്നാല്‍ കേവലം കിണര്‍ റിംഗുകള്‍ വെറുതെ അടുക്കിവെച്ച് മാലിന്യം നിറച്ച് പ്ലാസ്റ്റിക് കൊണ്ട് മൂടുകയായിരുന്നു. ഇതില്‍ നിന്നും ഈച്ചകളും പുഴുക്കളും പുറത്തേയ്ക്ക് പരക്കുന്നത് മനംമടുപ്പിക്കുന്ന കാഴ്ചയാണ്. 



സ്‌കൂളുകളും ജനവാസകേന്ദ്രങ്ങളും പദ്ധതി പ്രദേശത്തിന് സമീപത്തായുണ്ട്. മാലിന്യം നിറച്ച ഒരു കമ്പോസ്റ്റ് യൂണിറ്റ് കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്ന് മാലിന്യം ഇവിടെ പരന്ന നിലയിലാണ്. തൊട്ടടുത്തുകൂടി ഒഴുകുന്ന തോട്ടിലേയ്ക്ക് മാലിന്യവും പുഴുക്കളും മലിനജലവും കലര്‍ന്ന് മീനച്ചിലാറ്റിയേക്ക് എത്തുന്നതായും പ്രദേശവാസികള്‍ പരാതിപ്പെടുന്നു. 



20-ലധികം കമ്പോസ്റ്റ് യൂണിറ്റുകളാണ് ആദ്യഘട്ടത്തില്‍ ഉള്ളത്. ഇവയെല്ലാം റിംഗുകള്‍വെറുതെ അടുക്കിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ നിന്നും മലിനജലവും പുഴുക്കളും പുറത്തേയ്ക്ക് നുരച്ചിറങ്ങുന്നത് സമീപമാകെ പരക്കുകയാണ്. 


ദിവസം 5 മെട്രിക് ടണ്‍ സംസ്‌കരിക്കുന്നതിനുള്ള 3 വര്‍ഷത്തെ അനുമതിയാണ് പൊലൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ് നല്കിയിരിക്കുന്നത്. മലിനജലസംസ്‌കരണത്തിന് സംവിധാനം വേണമെന്ന നിര്‍ദേശവും നടപ്പാക്കിയിട്ടില്ല. ഈച്ചയുടെ പുഴു്കളുടെയോ ശല്യമുണ്ടാകാത്ത വിധം വേണം പ്ലാന്റ് പ്രവര്‍ത്തിപ്പിക്കേണ്ടതെന്ന ശുചിത്വമിഷന്‍ നിര്‍ദേശവും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. ജനങ്ങള്‍ക്ക് ദോഷകരമായി മാറിയ പ്ലാന്റിന് സ്റ്റോപ് മെമ്മോ നല്കുമെന്ന് മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് പിഎല്‍ ജോസഫ് പറഞ്ഞു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments