Latest News
Loading...

മറുനാടനെതിരെ നടന്ന നിയമ വിരുദ്ധമായ ഹാക്കിംഗ് ആഘോഷിക്കപ്പെടുമ്പോൾ



എബി ജെ ജോസ്
ചെയർമാൻ (മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ)

ഇന്നലെ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നതു മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഒരു പക്ഷേ ഇന്നും നാളെയുമൊക്കെ അത് തുടർന്നേയ്ക്കാം.

താൻ ചീഫ് എഡിറ്ററായുള്ള മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമം സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ സഞ്ചരിക്കുകയാണെന്ന ഷാജൻ സ്കറിയായുടെ വീഡിയോ വന്ന ശേഷമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകൾ ആരംഭിച്ചത്. മറുനാടൻ്റെ ഫേസ്ബുക്ക് പേജുകൾ ഹാക്ക് ചെയ്ത വിവരങ്ങളും ഷാജൻ പങ്കുവച്ചിരുന്നു. ഇതേത്തുടർന്നാണ് മറുനാടൻ്റെ എതിരാളികൾ വിജയാഹ്ലാദങ്ങളുമായി രംഗത്ത് വന്നത്. മറുനാടൻ ചെയ്യുന്നതെല്ലാം തെറ്റാണെന്ന് നിരന്തരം വാദമുന്നയിക്കുന്നവരെല്ലാമാണ് മറുനാടനെതിരെയുള്ള നിയമവിരുദ്ധ ഹാക്കിംഗിനെ പിന്തുണച്ച് രംഗത്തു വന്നിരിക്കുന്നതെന്നതാണ്  കൗതുകം.

മറുനാടനെതിരെ കോടതി നടപടികളോ സർക്കാർ നടപടികളോ അല്ല ഇന്നലെ ഉണ്ടായതെന്ന് പൊതുസമൂഹം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയിൽ മൂന്നു വർഷം വരെ തടവോ രണ്ട് ലക്ഷം രൂപാവരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഹാക്കിംഗ് എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ മനസിലാക്കാൻ സാധിക്കും. 2000 ലെ ഐടി ആക്ടിന്റെ IX-ാം വകുപ്പ് 43-ൽ കമ്പ്യൂട്ടറിനോ കമ്പ്യൂട്ടർ സിസ്റ്റത്തിനോ കേടുപാടുകൾ വരുത്തിയാൽ പിഴ ചുമത്തുന്നു. ഇങ്ങനെയുള്ള നിയമവിരുദ്ധ നടപടിയെ ആണ് ഒരുപറ്റം ആളുകൾ പിന്തുണയ്ക്കുന്നത്. മറുനാടനെതിരെ നിയമപരമായി ഒന്നും ചെയ്യാനാവാതെ വരുമ്പോൾ മറുനാടൻ്റെ ഭാഗത്ത് ന്യായം ഉണ്ടെന്നു തന്നെയാണല്ലോ അത് കാണിക്കുന്നത്. നിയമവിരുദ്ധ നടപടികൾ മറുനാടൻ നടത്തിയിരുന്നുവെങ്കിൽ എങ്ങനെ ഇപ്പോഴും തുടർന്നു പോകാനാകും. പ്രത്യേകിച്ചും സംസ്ഥാന ഭരണകൂടത്തിൻ്റെ നിത്യവിമർശകൻ കൂടിയാണ് ഷാജൻ എന്നതും ഓർക്കുക.

ഇവർ പറയുന്നതെന്താണ്? മറുനാടൻ നുണപ്രചാരണം നടത്തുന്നു, വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നല്ലേ. എന്നിട്ടെന്തേ സർക്കാരുകൾ നടപടിയെടുക്കാത്തത്. കോടതി നടപടിയോ സർക്കാർ നടപടിയോ വന്നിരുന്നെങ്കിൽ ഒരു ന്യായീകരണമെങ്കിലും പറയാമായിരുന്നു. ഇനി മറുനാടനെ 'നിയമമാർഗ്ഗത്തിലൂടെ' പൂട്ടിക്കെട്ടിക്കുമെന്ന് ദൃഢപ്രതിജ്ഞയെടുത്തവർ ഏതായാലും 'രാജ്യത്തെ നിയമ വ്യവസ്ഥയോടു കൂറും വിശ്വസ്തതയും അങ്ങേയറ്റം ഉള്ളവരാണെന്ന് അറിയുന്നതാണ്' ഒരു ആശ്വാസം.  

മറുനാടനെതിരെ നിയമ നടപടികളും സർക്കാർ നടപടികളും സ്വീകരിക്കാമെന്നിരിക്കെ അതൊന്നും ചെയ്യാതെ  നിയമവിരുദ്ധ നടപടി സ്വീകരിച്ചതിനെ വല്ലാതെ ന്യായീകരിക്കപ്പെടുന്നതിനെ നാം ഭയപ്പെടുക തന്നെ വേണം. തങ്ങൾക്ക് എതിർപ്പുള്ള മറ്റ് മാധ്യമങ്ങൾക്കെതിരെയും ഇതേ നടപടികൾ ഉണ്ടായേക്കുമെന്ന സൂചനകൾ വന്നു കഴിഞ്ഞു.  ജനാധിപത്യത്തിൻ്റെ കവചങ്ങളായ മറ്റു തൂണുകളെയും ഇക്കൂട്ടർ ഇനി ലക്ഷ്യമിട്ടു കൂടായ്കയില്ല. 

മറുനാടനെതിരെ കച്ചമുറുക്കുന്നവർ മറുനാടനെതിരെ പത്രമെന്ന നിലയിൽ എന്തുകൊണ്ടാണ് നിയമ നടപടികൾ സ്വീകരിക്കാത്തത്? നമ്മുടെ നിയമ വ്യവസ്ഥയിൽ വിശ്വാസമില്ലാത്തതുകൊണ്ടാണോ? അതോ നിയമപരമായി പരാജയപ്പെടുമെന്നു മനസിലാക്കിയതുകൊണ്ടാണോ?

നിയമപരമായി മറുനാടനെതിരെ നടപടി സാധ്യമല്ലെന്നു  ബോധ്യപ്പെട്ടിട്ടാണ്  നിയമവിരുദ്ധമായ ഹാക്കിംഗിലൂടെ മറുനാടനെതിരെ രംഗത്തു വന്നതെന്ന് ആരെങ്കിലും  കരുതിയാൽ അവരെ കുറ്റപ്പെടുത്താനാവില്ല. 

മറുനാടനെ ഒട്ടേറെ സാധാരണക്കാർ  പിന്തുണക്കുന്നുണ്ട്. സാധാരണക്കാരുടെ പ്രശ്നങ്ങൾ മറുനാടനിലൂടെ പുറത്ത് വരാറുള്ളതാണ് ഇതിനു കാരണം. അതുകൊണ്ടാണ് തൻ്റെ പേജുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പറഞ്ഞ് ഷാജൻ പുതിയ ലിങ്ക് പരിചയപ്പെടുത്തി കേവലം എട്ടു മണിക്കൂറുകൾ കൊണ്ട്, അതായത് ഒരു ദിവസത്തിൻ്റെ മൂന്നിലൊന്ന് സമയംകൊണ്ട് ഒന്നേകാൽ ലക്ഷത്തോളമാളുകളാണ് വരിക്കാരായത്. ഇവരെല്ലാം വിഡ്ഢികളൊന്നുമല്ലല്ലോ.

മറുനാടനോടു യോജിക്കാനും വിയോജിക്കാനും എല്ലാവർക്കും അവകാശമുണ്ട്. വിയോജിപ്പ്, എതിർപ്പ് ഉണ്ടെങ്കിൽ നിയമപരമായി എന്തുകൊണ്ട് നേരിടുന്നില്ല എന്ന ചോദ്യത്തിന് ഏറെ പ്രസക്തി ഉണ്ട്. മറുനാടൻ പൊതു സമൂഹത്തോടുള്ള കടമ പത്രമെന്ന നിലയിൽ നിറവേറ്റുകയാണ് ചെയ്തിട്ടുള്ളത്. അങ്ങനെ ചെയ്യുമ്പോൾ തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ അതിനെ തിരുത്തിക്കാൻ നിയമപരമായ മാർഗ്ഗം രാജ്യത്ത് നിലവിലുണ്ട്. ആ മാർഗ്ഗമാണ് സ്വീകരിക്കേണ്ടത്.  

നിയമവിരുദ്ധമാർഗ്ഗങ്ങൾ അവലംബിക്കുന്നത് നിയമവാഴ്ചയുള്ള രാജ്യത്ത് ഭൂഷണമല്ല.  പണത്തിൻ്റെയും അധികാരത്തിൻ്റെയും ബലത്തിൽ സ്വന്തം ഇഷ്ടപ്രകാരം ഓരോരുത്തരും നിയമവിരുദ്ധ പ്രവർത്തികൾ ചെയ്യുന്നതിനെയും അതിനെ പ്രോത്സാഹിപ്പിക്കുന്നതിനെയും ജനം കരുതിയിരിക്കണം.

മറുനാടനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കൂ, അതല്ലേ ഹീറോയിസം. 

കുറിപ്പ്:
നിങ്ങൾ മറുനാടനെ എതിർക്കുന്നപോലെ എനിക്ക് അനുകൂലിക്കാനും അവകാശമുണ്ട്.  ഞാൻ അനുകൂലിക്കുന്നതിനെ നിങ്ങൾ അനുകൂലിച്ചേ മതിയാകൂ എന്നോ ഞാൻ എതിർക്കുന്നതിനെ നിങ്ങൾ എതിർത്തേ മതിയാകൂ എന്നോ എനിക്ക് വാശിയില്ല. അതു പാടില്ല താനും. അതുപോലെ തന്നെ നിങ്ങൾ എതിർക്കുന്നതിനെ ഞാൻ എതിർക്കണമെന്നോ നിങ്ങൾ അനുകൂലിക്കുന്നതിനെ ഞാൻ അനുകൂലിക്കണമെന്നോ ശഠിക്കരുത്. എൻ്റെ അഭിപ്രായം എൻ്റെ സ്വാതന്ത്ര്യമാണ്.

എബി ജെ ജോസ്
ചെയർമാൻ
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ
പാലാ - 686575



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments