Latest News
Loading...

മഴ പെയ്താലുടൻ ഹൈവേയിൽ വെള്ളക്കെട്ട് നിത്യസംഭവം



പാലാ: പൊതുമരാമത്ത് വകുപ്പിൻ്റെ അനാസ്ഥമൂലം മഴ പെയ്താലുടൻ വെള്ളക്കെട്ട് രൂപപ്പെടുന്നു. മൂവാറ്റുപുഴ പുനലൂർ ഹൈവേയുടെ ഭാഗമായ കെ എസ് ആർ ടി സി ബസ് സ്റ്റാൻ്റിന് എതിർവശത്ത് റോഡിലാണ് നൂറ് മീറ്ററിലധികം ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നത്. വർഷങ്ങളായി ഈ ഭാഗം മഴ പെയ്യുമ്പോഴും മഴക്കാലത്തും വെള്ളക്കെട്ടിലാണ്. ചെറിയ മഴ പെയ്താൽപോലും റോഡിനു പകുതി ഭാഗം വരെ വെള്ളം കയറും. വലിയ മഴ പെയ്താൽ റോഡ് മുഴുവൻ വെള്ളക്കെട്ടാണ്. ഇതുമൂലം വാഹന യാത്രികരും കാൽനടക്കാരും കഷ്ടപ്പെടുകയാണ്. ചാവറ പബ്ളിക് സ്കൂൾ, സെൻ്റ് വിൻസെൻ്റ് സ്കൂൾ, പോലീസ് സ്റ്റേഷൻ, ചെറുപുഷ്പം ആശുപത്രി, കിഴതടിയൂർപള്ളി എന്നിവിടങ്ങളിലേയ്ക്കു പോകുന്ന കാൽനടയാത്രികർ മഴപെയ്യുന്നതോടെ വെള്ളക്കെട്ടിലൂടെ നടന്നു പോകേണ്ട ഗതികേടിലാണ്. ശരിയായ രീതിയിൽ ഓട നിർമ്മിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ കുറ്റപ്പെടുത്തി.

സ്വകാര്യ കെട്ടിട നിർമ്മാണത്തെ സഹായിക്കാൻ നാളുകളായി ഓട നിർമ്മാണം നടത്താതെ അധികൃതർ അനാസ്ഥ കാട്ടിയതായി ഫൗണ്ടേഷൻ ആരോപിച്ചു. പിന്നീട് കെട്ടിട നിർമ്മാണം പൂർത്തിയായപ്പോൾ ഈ കെട്ടിടത്തിൻ്റെ മുൻവശത്ത് മാത്രമായി അശാസ്ത്രീയമായി ഓട നിർമ്മാണം പൂർത്തീകരിച്ചു. ഇതു മൂലമാണ് വെള്ളക്കെട്ട് സ്ഥിരമായി രൂപപ്പെടുന്നതിനു കാരണമെന്ന് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. ഇതിൻ്റെ തുടർഭാഗം നടപടി സ്വീകരിക്കാതെ ഇപ്പോഴും അപകടാവസ്ഥയിൽ അതേപടി നിലനിർത്തിയിരിക്കുകയാണ്. ഇതുമൂലം ഈ ഭാഗത്ത് അപകടകരമായ രീതിയിൽ റോഡിലൂടെ കാൽ നടയാത്രക്കാർ നടക്കേണ്ട അവസ്ഥയിലാണ്. റോഡിലിറങ്ങിയില്ലെങ്കിൽ ഓടയിൽ വീഴുമെന്ന ആശങ്കയിലാണ് ഇതുവഴി യാത്ര ചെയ്യുന്നവർ. വെള്ളക്കെട്ട് രൂപപ്പെടുന്നതോടെ ഇവിടെ ഗതാഗത തടസ്സങ്ങളും ആരംഭിക്കും. പലപ്പോഴും ഈ ഗതാഗതക്കുരുക്ക് പൂഞ്ഞാർ - ഈരാറ്റുപേട്ട റോഡിലെ ഗതാഗതത്തെയും പ്രതികൂലമായി ബാധിക്കാറുണ്ട്. 

പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഗുരുതരമായ അനാസ്ഥയാണ് വർഷങ്ങളായി തുടരുന്ന വെള്ളക്കെട്ടിനു കാരണമെന്ന് യോഗം കുറ്റപ്പെടുത്തി. പൊതുമരാമത്ത് വകുപ്പിൻ്റെ അനാസ്ഥകൾക്കെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ചെയർമാൻ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, ബിനു പെരുമന, അനൂപ് ചെറിയാൻ, സുമിത കോര, സിബി സെബാസ്റ്റ്യൻ, ജസ്റ്റിൻ ജോർജ്, ബിപിൻ തോമസ് എന്നിവർ പ്രസംഗിച്ചു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments