Latest News
Loading...

റോഡ് സുരക്ഷാ നിർമ്മാണം ഇഴയുന്നു; നിർമ്മാണത്തിലെ അപാകതയ്ക്കെതിരെ പരാതിഏറ്റുമാനൂർ - പൂഞ്ഞാർ സംസ്ഥാന ഹൈവേയിൽ റോഡ് സുരക്ഷാ ഫണ്ട് വിനിയോഗിച്ചു നടത്തുന്ന പ്രവർത്തനങ്ങൾ ഇഴയുകയാണെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ കുറ്റപ്പെടുത്തി. ഒരു വർഷം മുമ്പ് നടപടികൾ ആരംഭിച്ചിട്ടും ഇതേവരെ പണികൾ പൂർത്തീകരിക്കാനായിട്ടില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇടപ്പാടി മുതൽ ഭരണങ്ങാനം എ ആർ എസ് സ്കൂളിനു സമീപം വരെയുള്ള ഭാഗത്തെ റോഡ് കൂടുതൽ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ റോഡ് സേഫ്റ്റി അതോററ്റി അനുവദിച്ച തൊണ്ണൂറ്റി അഞ്ചര ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.  പൊതു മരാമത്ത് നിരത്ത് വിഭാഗം പാലാ സെക്ഷനാണ് നടത്തിപ്പിൻ്റെ ചുമതല. എന്നാൽ അപകട സാധ്യത കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ പലതും എസ്റ്റിമേറ്റിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുകയാണെന്ന പരാതി ഉയർന്നിട്ടുണ്ടെന്ന് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷയ്ക്കായി നിർമ്മിക്കുന്ന സാമിഗ്രികളിൽ തട്ടി അപകടങ്ങളും നിത്യസംഭവമായി മാറി. കുന്നേമുറി പാലത്തിനു സമീപം നടപ്പാതയിലും റോഡിലുമായി നിർമ്മിച്ചിട്ട കോൺക്രീറ്റ് സ്ലാബിൽ ഇടിച്ചതിനെത്തുടർന്നു തെന്നിമാറിയ ഓട്ടോയും ബസും കൂട്ടിയിടിച്ച് രണ്ടു പേർ മരണപ്പെടുകയും മറ്റാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തത് അടുത്ത കാലത്താണ്. ഇതോടെയാണ് ഈ സ്ലാബുകൾ മാറ്റിയത്. ഇതിനു കാരണക്കാരായവർക്കെതിരെ നടപടി എടുക്കാതെ സംരക്ഷണം തീർക്കുകയും ചെയ്യുകയാണെന്നും ഫൗണ്ടേഷൻ കുറ്റപ്പെടുത്തി. .ഇടപ്പാടി കുന്നേമുറി പാലം മുതൽ മേരിഗിരി ആശുപത്രി ജംഗ്ഷൻ വരെയുള്ള ഭാഗത്ത് റോഡിന്റെ ഇടത് വശത്ത് നിലവിലുള്ള കോൺക്രീറ്റ് ഓടകൾ അതീവ അപകടാവസ്ഥയിലാണെന്ന് പൊതുജനങ്ങൾക്കാകെ നാളുകളായി പരാതിയുള്ളതാണെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. നിരവധി അപകടങ്ങളാണ് ദിനം പ്രതി മേഖലയിൽ ഉണ്ടാവുന്നത്.

പ്രദേശത്ത് നിലവിലുള്ള കോൺക്രീറ്റ് ഓടയും റോഡും തമ്മിൽ പലയിടങ്ങളിലും അര മീറ്ററിൽ താഴെ മാത്രമാണ് അകലമുള്ളത്. ടാറിംഗ് പ്രതലത്തിൽ നിന്നും ഒരടി താഴ്ച്ചയിലാണ് ബേം നിൽക്കുന്നത്. പലപ്പോഴും വാഹനങ്ങൾ പരസ്പരം സൈഡ് കൊടുക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങളും കാൽ നടയാത്രക്കാരും ഓടയിൽ വീഴുന്നത് നിത്യസംഭവമാണ്. 

പ്രദേശത്തെ ഓടകൾക്ക് സുരക്ഷിതമായ കവറിംഗ് സ്ലാബ് നിർമ്മിക്കുക എന്നത് മാത്രമാണ് ഇതിനുള്ള ഏക പ്രതിവിധി. എന്നാൽ ഇത് നിർമ്മിക്കാനുള്ള നീക്കങ്ങളൊന്നും  പൊതുമരാമത്ത് അധികൃതരുടെ ഭാഗത്ത് നിന്നും ഫലത്തിൽ ഉണ്ടായിട്ടില്ല. റോഡ് സുരക്ഷാ ഫണ്ട് റോഡിന്റെ സുരക്ഷിതത്വത്തിനായി വിനിയോഗിക്കാതെ കരാറുകാരന് ലാഭമുണ്ടാക്കാനുള്ള നിലയിലേക്ക് മാത്രമായി മാറിയെന്നും യോഗം ആരോപിച്ചു. ഏ ആർ എസ് സ്കൂൾ വരെ എന്നത് ചുരുക്കി ഭരണങ്ങാനം ടൗണിൻ്റെ പകുതിയിൽ പണി അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നും യോഗം ആരോപിച്ചു. ഇക്കാര്യങ്ങൾ സൂചിപ്പിച്ച്  പിടിപ്പുകേടിന്റെ പര്യായമായ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആദ്യ ഘട്ടമായി മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, ചീഫ് എഞ്ചിനിയർ, വിജിലൻസ് വിഭാഗം എന്നിവിടങ്ങളിൽ പരാതി നൽകാൻ യോഗം തീരുമാനിച്ചു.

വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ  നടപടികൾ സ്വീകരിക്കാത്തപക്ഷം സമാന ചിന്താഗതിയുള്ളവരെ കൂട്ടി ആക്ഷൻ കൗൺസിൽ രൂപീകരിക്കാനും വസ്തുതകൾ ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി ഫയൽ ചെയ്യാനും യോഗം തീരുമാനിച്ചു.

ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, ബിനു പെരുമന, അനൂപ് ചെറിയാൻ, സുമിത കോര എന്നിവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments