Latest News
Loading...

മലങ്കര മീനച്ചില്‍ കുടിവെള്ള പദ്ധതി വേഗം കൈവരിക്കുന്നു

കോട്ടയം ജില്ലയിലെ 13 പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്ന മലങ്കര- മീനച്ചില്‍ കുടിവെള്ള പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ക്ക് തുടക്കമായി. മൂന്നിലവ്, മേലുകാവ്, കടനാട്, രാമപുരം,തിടനാട്, ഭരണങ്ങാനം, മീനച്ചില്‍, തലപ്പലം, തലനാട്, തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍ എന്നീ പഞ്ചായത്തുകളിലാണ് പദ്ധതിയിലൂടെ ശുദ്ധജലമെത്തുക. പദ്ധതിയുടെ ഭാഗമായി നീലുരില്‍ സ്ഥാപിക്കുന്ന 72 എംഎല്‍ഡി കുടിവെള്ള ശുദ്ധീകരണശാലയ്ക്കു വേണ്ടിയുള്ള ടെന്‍ഡറാണ് ആദ്യം തുറക്കുന്നത്. ഇതോടൊപ്പം മലങ്കര ഡാമില്‍ നിന്നുള്ള വെള്ളം പമ്പ് ചെയ്യുന്നതിനുള്ള പമ്പ് ഹൗസിന്റെയും അനുബന്ധമായിട്ടുള്ള നാലു കിലോമീറ്റര്‍ പൈപ്പ് ലൈനിന്റെയും ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ ടെന്‍ഡറും തുറക്കുന്നതായിരിക്കും. വാട്ടര്‍ അതോറിറ്റിക്കു പുറമേ ജലനിധിയെയും കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ഉടന്‍ മലങ്കര മീനച്ചില്‍ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനുമായി ചര്‍ച്ച ചെയ്തിരുന്നു. പൂഞ്ഞാര്‍ മേഖലയിലെ പദ്ധതി സംബന്ധിച്ച വിശദമായ രൂപരേഖ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എയും മന്ത്രിക്ക് കൈമാറിയിരുന്നു.

.1252 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചിട്ടുള്ളത്. മേലുകാവ് 75.12 കോടി, മൂന്നിലവ് 77.59 കോടി, കടനാട് 95.40 കോടി, രാമപുരം 146.75 കോടി, തലനാട് 55.83, പൂഞ്ഞാര്‍ 86.81, പൂഞ്ഞാര്‍ തെക്കേക്കര 100.83, തീക്കോയി 97.95, തിടനാട് 111.68 കോടി, മീനച്ചില്‍ 111.37 കോടി, ഭരണങ്ങാനം 92.79 കോടി, കൂട്ടിക്കല്‍ 148.74 കോടി, തലപ്പലം 49.24 കോടി എന്നിങ്ങനെയാണ് ഓരോ പഞ്ചായത്തുകള്‍ക്കും തുക വകയിരുത്തിയിരിക്കുന്നത്.

ഈ പദ്ധതിയിലൂടെ പാലാ നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകള്‍ക്കും പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും. പദ്ധതിയിലൂടെ അരലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വര്‍ഷം മുഴുവന്‍ ശുദ്ധജലം ലഭിക്കും. പാലാ മുനിസിപ്പാലിറ്റിക്കും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിക്കും നേരിട്ടല്ലാതെ പദ്ധതിയുടെ ഗുണം ലഭിക്കും.

മലങ്കര ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള മലങ്കര റിസര്‍വോയറില്‍ നിന്ന് കോട്ടയം ജില്ലയിലെ 13 പഞ്ചായത്തുകള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന സമഗ്ര പദ്ധതിയാണിത്. നീലൂരില്‍ സ്ഥാപിക്കുന്ന ജലശുദ്ധീകരണ ശാലയില്‍ നിന്ന് പ്രതിദിനം 40 ദശലക്ഷം ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

.1998 ല്‍ അന്ന് മന്ത്രിയായിരുന്ന കെ.എം. മാണിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഒന്നേമുക്കാല്‍ ഏക്കറോളം ഭൂമി ഇതിനായി കണ്ടെത്തി ഏറ്റെടുത്തിരുന്നു. എന്നാല്‍ പല തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി കാരണം പദ്ധതി നീണ്ടുപോവുകയായിരുന്നു. കുടിവെള്ള ക്ഷാമം നേരിടുന്ന ഈ പഞ്ചായത്തുകളില്‍, ജലജീവന്‍ മിഷനിലൂടെ പദ്ധതി നടപ്പാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

മലങ്കര കുടിവെള്ള പദ്ധതിയുടെ ചെലവ് കൂടുതലാണെങ്കിലും വര്‍ഷം മുഴുവന്‍ ജല ലഭ്യത ഉറപ്പാക്കാനും ജനങ്ങള്‍ക്ക് കടുത്ത വേനലില്‍ പോലും കുടിവെള്ളം തടസ്സമില്ലാതെ വിതരണം ചെയ്യാനും ഈ പദ്ധതിയിലൂടെ സാധിക്കും

ജലജീവന്‍ മിഷന്റെ നാലാമത്തെ സംസ്ഥാനതല കമ്മറ്റിയില്‍ അംഗീകാരം നല്‍കിയെങ്കിലും സംസ്ഥാന ജലശുചിത്വ മിഷന്‍ ഈ പദ്ധതി ഒന്നു കൂടി സമഗ്രമായ പഠനത്തിന് വിധേയമാക്കി പുനപരിശോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പദ്ധതി പുനപരിശോധനയ്ക്കു ശേഷം വീണ്ടും അംഗീകാരം നല്‍കുകയായിരുന്നു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments