Latest News
Loading...

കുടിവെള്ളപദ്ധതി വിവാദം. പരസ്യസംവാദത്തിന് തയാറെന്ന് പൂഞ്ഞാര്‍ എംഎല്‍എ

പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി വിവാദമുയര്‍ത്തുന്നവരുമായി വിഷയത്തില്‍ പരസ്യമായ സംവാദത്തിന് തയാറെന്ന് അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ.  പദ്ധതി ആവിഷ്‌കരിച്ച് ഭരണാനുമതി നേടി ടെന്‍ഡര്‍ നടപടികളില്‍ എത്തിച്ചപ്പോള്‍, വ്യാജ പ്രചാരവേലകളും, തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളും, വ്യാജ അവകാശവാദങ്ങളുമായി ഇറങ്ങി പുറപ്പെടുന്നത് പരിഹാസ്യമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പാലാ എംഎല്‍എയും മുന്‍ പൂഞ്ഞാർ എംഎല്‍എയും വ്യാജപ്രചാരവേലകളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ :


'പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലായി 75,000 വീടുകളില്‍ കുടിവെള്ളമെത്തിക്കുന്ന 1000 കോടി രൂപയുടെ പദ്ധതി സംബന്ധിച്ച് എംപിയും, സമീപ മണ്ഡലത്തിലെ എംഎല്‍എയും ചില പ്രസ്താവനകള്‍ നടത്തിയത് ശ്രദ്ധയില്‍പ്പെട്ടു. അതുപോലെതന്നെ തികച്ചും തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പ്രചാരവേലയുമായി മുന്‍ ജനപ്രതിനിധിയും, അനുചരന്മാരും ഇറങ്ങിത്തിരിച്ചിട്ടുമുണ്ട്. 'കാളപറ്റെന്നു കേള്‍ക്കുമ്പോഴേ കയറെടുക്കുന്നവരോട് സഹതാപമേ ഉള്ളൂ'.

കാര്യങ്ങള്‍ ചെയ്യുന്നു എന്ന് കാണുമ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിട്ട് കാര്യമില്ല. ഇവരോടൊക്കെ സൂചിപ്പിക്കാനുള്ളത് ഞാന്‍ നല്‍കിയ പത്ര പ്രസ്താവനയും എന്റെ ഫേസ്ബുക്ക് പോസ്റ്റും കൃത്യമായി ഒന്ന് വായിച്ചു നോക്കുക എന്നാണ്. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ഒരു വാക്ക് എങ്കിലും പിശക് ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ പദ്ധതിയുടെ ഭരണാനുമതി തുക മാത്രമാണ് 1000 കോടി രൂപ. ആ പദ്ധതിയിലെ 6 പഞ്ചായത്തുകളിലെ ജലവിതരണ സ്രോതസ്സ് ഇടുക്കി ജില്ലയിലെ മലങ്കര ഡാമാണ്. അതിന്റെ ശുദ്ധീകരണശാല നീലൂരിലാണ്. അവിടെയൊന്നും വിനിയോഗിക്കപ്പെടുന്ന തുക പൂഞ്ഞാറിന്റെ കണക്കില്‍ പദ്ധതി തുകയില്‍ ചേര്‍ത്തിട്ടില്ല. എന്നാല്‍ അതേ ജല സ്രോതസ്സില്‍ നിന്നും വെള്ളമെടുത്ത്, അതേ ശുദ്ധീകരണശാലയില്‍ നിന്നും ശുദ്ധീകരിച്ച് ,പാലാ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിലേക്കും കുടിവെള്ള വിതരണ പദ്ധതി ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നും എനിക്ക് ഒരു തര്‍ക്കവുമില്ല.അവിടെ വിനിയോഗിക്കുന്ന പദ്ധതി തുകയെ കുറിച്ച് ഞാന്‍ പരാമര്‍ശിച്ചിട്ടുമില്ല. പിന്നെ എന്തിനാണ് പാലാ എംഎല്‍എയ്ക്ക് ഹാലിളകുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. .കഴിഞ്ഞ ഒന്നരവര്‍ഷമായി വളരെ തീവ്രമായി പരിശ്രമം നടത്തി പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും ശുദ്ധജലമെത്തിക്കുന്നതിന് സംഭരണ ടാങ്കുകള്‍, പമ്പ് ഹൗസുകള്‍, ബൂസ്റ്റിംഗ് സ്റ്റേഷനുകള്‍, പൈപ്പ് സംവിധാനം ഇവയെല്ലാം ഒരുക്കുന്നതിനും, സ്ഥലം ഏറ്റെടുക്കുന്നതിനും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെയും, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നല്ല നിലയില്‍ കൂട്ടായ പരിശ്രമം നടത്തിയാണ് പദ്ധതി ആവിഷ്‌കരിച്ചത് . ഇത് ബന്ധപ്പെട്ട വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരോടും, പ്രാദേശിക ജനപ്രതികളോടും ചോദിച്ചാല്‍ ആര്‍ക്കും ബോധ്യമാകും. പദ്ധതി ആവിഷ്‌കരിച്ചതിന്റെ അടിസ്ഥാനത്തിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തുകയ്ക്ക് ഭരണാനുമതി നേടിയെടുത്തത്.ഇതെല്ലാം ഞാന്‍ എംഎല്‍എ ആയതിനു ശേഷം മാത്രം നടന്ന കാര്യങ്ങളാണ്. ഈ പദ്ധതി ആവിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലും, കോട്ടയം കലക്ടറേറ്റിലും, നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലുമായി 12 തവണ യോഗം ചേര്‍ന്നിട്ടുണ്ട്. ഇതിന്റെയൊക്കെ മിനിറ്റ്‌സ് ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാവുന്നതാണ്. ഈ യോഗങ്ങളില്‍ ബഹു. ജല വിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിന്‍, ജില്ലാ കളക്ടര്‍ ഡോ. പി കെ ജയശ്രീ ഐഎഎസ്, കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍,ചീഫ് എന്‍ജിനീയര്‍,സൂപ്രന്‍ഡിംഗ് എന്‍ജിനീയര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും കൂടാതെ, പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍,മറ്റ് തദ്ദേശ ജനപ്രതിനിധികള്‍, സെക്രട്ടറിമാര്‍ തുടങ്ങിയവരെല്ലാം വിവിധ സന്ദര്‍ഭങ്ങളില്‍ പങ്കെടുത്തിട്ടുള്ളതാണ്. ഞാന്‍ ഈ പരാമര്‍ശിച്ചവരല്ലാതെ ഈ പദ്ധതി ആവിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട്, വിമര്‍ശനമുന്നയിച്ചവരാരും ഒരു യോഗത്തിലും പങ്കെടുത്തിട്ടുള്ളതല്ല. 

ഇനി മറ്റൊരു കാര്യം ജലജീവന്‍ മിഷന്‍ പദ്ധതികള്‍ക്ക് കേന്ദ്ര സഹായം സംബന്ധിച്ചാണ്. ഈ പദ്ധതിയുടെ 45% പദ്ധതി തുക വഹിക്കുന്നത് കേന്ദ്ര ഗവണ്‍മെന്റ് ആണ്. അത് സംസ്ഥാനതലത്തില്‍ ജലജീവിഷന്‍ 971 ഗ്രാമപഞ്ചായത്തുകളിലും ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതികള്‍ക്ക് വരുന്ന ആകെ തുകയുടെ 45% വിഹിതം എന്നുള്ള നിലയില്‍ സംസ്ഥാനത്തിന് നല്‍കുന്നതാണ്. അത് ഏതെങ്കിലും നിയോജകമണ്ഡലത്തിലെയോ,പഞ്ചായത്തിലെയോ പദ്ധതികളുടെ അടിസ്ഥാനത്തിലല്ല കേന്ദ്രസര്‍ക്കാര്‍ വിഹിതം നല്‍കുക. അതിലുപരി കേന്ദ്ര ധനകാര്യ കമ്മീഷന്‍ അവാര്‍ഡിന്റെ ഭാഗമായും, സംസ്ഥാന വിഹിതമായും കേരളത്തിന് ലഭിക്കേണ്ട അര്‍ഹമായ ധനകാര്യ വിഹിതത്തില്‍ നിന്നാണ് കേന്ദ്രo ഈ വിഹിതം നല്‍കുന്നത്. അതിന് ഏതെങ്കിലും പാര്‍ലമെന്റ് അംഗത്തിന്റെയോ, മറ്റേതെങ്കിലും പ്രത്യേക ഇടപെടലിന്റെയോ ആവശ്യമില്ല. അതുപോലെ തന്നെ ഇത് സംസ്ഥാനത്തിന്റെ മാത്രം പദ്ധതിയാണെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടുമില്ല. വസ്തുതകള്‍ ഇതായിരിക്കെ ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെയും,ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിന്റെയും സഹായത്താല്‍ സംസ്ഥാന ജലവിഭവ വകുപ്പിന്റെയും, വാട്ടര്‍ അതോറിറ്റിയുടെയും നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി ആവിഷ്‌കരിച്ച് ഭരണാനുമതി നേടി ടെന്‍ഡര്‍ നടപടികളില്‍ എത്തിച്ചപ്പോള്‍, വ്യാജ പ്രചാരവേലകളും, തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളും, വ്യാജ അവകാശവാദങ്ങളുമായി ഇറങ്ങി പുറപ്പെടുന്നത് പരിഹാസ്യമാണെന്നേ പറയാനുള്ളൂ. ഇത് സംബന്ധമായി ആരുമായും പരസ്യമായ ഒരു സംവാദത്തിന് തയ്യാറുമാണ്.

 നാടിനു വേണ്ടത് വിവാദങ്ങള്‍ അല്ല, വികസനമാണ്. 'പട്ടി തിന്നുകയുമില്ല,പശുവിനെ തീറ്റിക്കുകയുമില്ല' എന്ന നയവുമായി ഇറങ്ങി പുറപ്പെടരുതെന്നേ അഭ്യര്‍ത്ഥിക്കാനുള്ളൂ. ഈ നാടിന്റെ വികസനത്തെ പതിറ്റാണ്ടുകളായി അട്ടിമറിച്ചവര്‍ സമീപപ്രദേശത്തെ സില്‍ബന്തികളെ കൂട്ടുപിടിച്ച് വ്യാജ പ്രചാരവേലകളുമായി ഇറങ്ങിയാല്‍ പൂഞ്ഞാറിലെ ജനത പുച്ഛിച്ചു തള്ളും എന്നോര്‍മിപ്പിക്കുന്നു. വരുന്ന രണ്ടുവര്‍ഷംകൊണ്ട് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കി പൂഞ്ഞാറിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കാന്‍ ആത്മാര്‍ത്ഥ പരിശ്രമവുമായി മുന്നോട്ടു പോകുകയാണ്. അതിന് എല്ലാവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു...'

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments