എബിസി യാഥാർത്ഥ്യമാക്കി, ജില്ലാ പഞ്ചായത്ത് ഭവൻ വിപുലീകരണത്തിനും കവാടത്തിനും 5 കോടി രൂപ വകയിരുത്തി ഡിപിസി അംഗീകാരവും നേടി പ്രസിഡന്റും വൈസ് പ്രസിഡന്റും പടിയിറങ്ങുന്നു.
നിർമല ജിമ്മിയുടെ കുറിപ്പ്:
ജില്ലാ പഞ്ചായത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്താൻ സാധിക്കുന്ന തരത്തിൽ കോവിഡ് കാലഘട്ടത്തിലും പ്രളയ പ്രതിരോധവേളയിലും നിരവധിയായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ സാധിച്ചു. ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും ഒരുമിച്ച് നിന്നുകൊണ്ട് ജില്ലയുടെ സമഗ്രവികസനത്തിനായി നിരവധി മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കുവാൻ സാധിച്ചതിന്റെ നേട്ടമാണ് ജില്ലയ്ക്ക് ലഭിച്ച സ്‌കോച്ച് അവാർഡ്. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന് ഒരുമിച്ച് കൈകോർത്ത് മുന്നേറുവാൻ സാധിച്ചു. കുടുംബശ്രീയുമായും, ദാരിദ്ര്യലഘൂകരണവിഭാഗവുമായി ഒരുമിച്ച് നിന്നുകൊണ്ട് നിരവധി നേട്ടങ്ങൾ കൈവരിക്കുവാൻ സാധിച്ചു.
1995 ൽ ജില്ലാ പഞ്ചായത്ത് ആദ്യ ഭരണസമിതി അധികാരത്തിൽ വന്ന് കളക്‌ട്രേറ്റ് ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചിരുന്നുവെങ്കിലും, 1997-98 കാലയളവിലാണ് പുതിയ ജില്ലാ പഞ്ചായത്ത് ഭവൻ പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിച്ചത്. ജനപ്രതിനിധികളും അതിനനുസരിച്ചുളള ഉദ്യോഗസ്ഥരുമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് തദ്ദേശസ്വയംഭരണവകുപ്പ് ഏകീകരണം കൂടി യാഥാർത്ഥ്യമായതോടുകൂടി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും എണ്ണവും, വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ എണ്ണവും വർദ്ധിച്ചപ്പോൾ ഓഫീസിൽ യാതൊരുവിധ സൗകര്യങ്ങളും ഇല്ലാത്ത സാഹചര്യമാണ് നിലവിലുളളത്. ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്ക് ഓഫീസിൽ വരുമ്പോൾ സൗകര്യപ്രദമായ രീതിയിൽ ഇരിക്കുവാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. പാർക്കിംഗിനും ആവശ്യത്തിന് സ്ഥലമില്ല. 40 സെന്റ് സ്ഥലമാണ് ജില്ലാ പഞ്ചായത്തിനുള്ളത്. ഇവിടെ ഗ്രൗണ്ട് നില പാർക്കിംഗിനും ബാക്കി രണ്ട് നിലകളിലായി ജനപ്രതിനിധികൾക്കും ഓഫീസിനുമുളള സൗകര്യങ്ങൾ ഇപ്പോഴുളള ഭരണസമിതിയുടെ കാലാവധി തീരുന്നതിന് മുമ്പ് യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് 5 കോടി രൂപ വകയിരുത്തിയിരിക്കുന്നത്.
കോട്ടയം ജില്ലയിൽ എബിസി യാഥാർത്ഥ്യമാക്കുകയെന്നത് ഒരു സ്വപ്നമായിരുന്നു. അതിനുവേണ്ടി ജില്ലാ പഞ്ചായത്ത് 7552200/-രൂപ വകയിരുത്തി പ്രോജക്ട് ഡി.പി.സി അംഗീകാരം നേടിയിട്ടുളളതുമാണ്. ഡിസംബർ 30 ന് ഉദ്ഘാടനം നടത്തുകയെന്ന ലക്ഷ്യത്തോടെ കാര്യങ്ങൾ നീക്കിയെങ്കിലും മൃഗസംരക്ഷണ വകുപ്പിലെ ചുരുക്കം ചില ഉദ്യോഗസ്ഥർ ഇതിനെതിരെ നിന്നുവെന്നത് പദ്ധതി ആരംഭിക്കുന്നതിന് കാലതാമസം വരുത്തി. കേജ് നിർമ്മാണം തീരാത്തതുകൊണ്ട് ഉദ്ഘാടനം ജനുവരി 15 ലേയ്ക്ക് മാറ്റിവച്ചു.
ഞാൻ പ്രസിഡന്റും, റ്റി.എസ് ശരത്ത് വൈസ് പ്രസിഡന്റുമായി സ്ഥാനമേറ്റപ്പോൾ കോട്ടയം ജില്ലാ പഞ്ചായത്ത് 14-ാം സ്ഥാനത്തായിരുന്നു. ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ നിതാന്തമായ പരിശ്രമത്താൽ കോട്ടയം ജില്ലാപഞ്ചായത്തിനെ രണ്ടാം സ്ഥാനത്ത് എത്തിക്കുവാൻ സാധിച്ചു. 92.45% ഫണ്ട് ചെലവഴിക്കുവാനും സാധിച്ചു.
.ഞങ്ങൾ അധികാരമേറ്റെടുക്കുന്ന സമയം കോവിഡ് ജില്ലയിൽ അതിരൂക്ഷമായിരുന്നു. കോട്ടയം ജില്ലയിൽ ഒരു രോഗിക്കുപോലും ഓക്‌സിജനും ചികിത്സയും കിട്ടാതെ വരരുത് എന്ന ലക്ഷ്യത്തോടുകൂടി ജില്ലയിലെ ഏറ്റവും വലിയ സി.എഫ്.എൽ.ടി.സി. തുടങ്ങുവാൻ സാധിച്ചു. അത് ജില്ലയിലെ ഗ്രാമ/ബ്ലോക്ക്/ മുനിസിപ്പാലിറ്റികൾക്ക് വളരെ പ്രയോജനപ്രദമായിരുന്നു. കോവിഡ് സമയത്ത് 10 ലക്ഷം രൂപയുടെ പൾസ് ഓക്‌സിമീറ്റർ ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകൾക്കും നൽകുവാൻ സാധിച്ചു. കോവിഡിന് ശേഷം സ്‌കൂൾ തുറന്നപ്പോൾ ഗവൺമെന്റ് എയ്ഡഡ് സ്‌കൂളുകളിൽ 35 ലക്ഷം രൂപയുടെ മാസ്‌ക്, തെർമൽ സ്‌കാനർ, പൾസ് ഓക്‌സി മീറ്റർ, സാനിറ്റൈസർ, ഇവ നൽകുവാൻ സാധിച്ചു.
കിഴക്കൻമേഖലകളിൽ പ്രകൃതിദുരന്തം ഉണ്ടായപ്പോൾ ജില്ലാ പഞ്ചായത്തിന് ആ മേഖലകളിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തുവാനും കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പളളി, മൂന്നിലവ്, മേലുകാവ്, തലനാട്, കാണക്കാരി തുടങ്ങിയ പഞ്ചായത്തുകളിൽ 1500/-രൂപ വിലവരുന്ന ഭക്ഷ്യധാന്യകിറ്റുകൾ നൽകുവാനും സാധിച്ചു. 10 ലക്ഷത്തോളം രൂപയുടെ പിപിഇ കിറ്റ്, മാസ്‌ക്, പൾസ് ഓക്‌സിമീറ്റർ, തുടങ്ങിയവ ജനറൽ ആശുപത്രിയിൽ നൽകുവാനും സാധിച്ചു. കാണക്കാരി ഗവൺമെന്റ് വൊക്കേഷണൽ സ്‌കൂളിലും, വയല സ്‌കൂളിലും ഗേൾസ് ഫ്രണ്ടലി ടോയലെറ്റടക്കം 2.5 കോടി രൂപയുടെ സി.എസ്.ആർ ഫണ്ട് ചെലവഴിക്കാൻ സാധിച്ചു.
കോവിഡ് കാലഘട്ടത്തിൽ ആരോഗ്യമേഖലയിലെ പ്രവർത്തനം സുഗമമാക്കുവാൻ, രോഗികളെ ആശുപത്രികളിൽ എത്തിക്കുവാൻ 2 കോടി.19 ലക്ഷം രൂപ ചെലവഴിച്ച് 16 ആബുലൻസ് വാങ്ങി ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കൈമാറുവാൻ സാധിച്ചു. വൈക്കം താലൂക്ക് ആശുപത്രിയിൽ 1 കോടി 40ലക്ഷം രൂപയുടെ മാമോഗ്രാം, പാലാ ജനറൽ ആശുപത്രിയിൽ ക്യാൻസർ ഡിറ്റക്ടഷനുവേണ്ടി 1 കോടി രൂപയുടെ കൊബാൾട്ട് റേഡിയേഷൻ മെഷീൻ, കോട്ടയം ജനറൽ ആശുപത്രിയിലും വിവിധ പഞ്ചായത്തുകളിലുമായി പാലിയേറ്റീവ് പ്രവർത്തനത്തിനുവേണ്ടി 1.5കോടി രൂപ, കോട്ടയം മെഡിക്കൽ കോളേജിൽ പാലിയേറ്റീവ് 3-ാം ഘട്ടം തുടങ്ങുവാനായി 15 ലക്ഷം രൂപാ വകയിരുത്തുകയും ചെയ്തു.
നിർധനരായ വൃക്കരോഗികൾക്ക് ഡയാലിസിന് ധനസഹായം നൽകുന്നതിനുളള പദ്ധതി ആരംഭിച്ചു.
ലൈഫ് ഭവന പദ്ധതിയ്ക്കുവേണ്ടി പട്ടികജാതി/പട്ടികവർഗ്ഗ ജനറൽ വിഭാഗങ്ങൾക്കായി 12 കോടി 30 ലക്ഷം രൂപ ചെലവഴിച്ചു. 1 കോടി 10 ലക്ഷം രൂപ എസ്.സി. വിദ്യാർത്ഥികളുടെ പഠനത്തിനുവേണ്ടി ലാപ് ടോപ്പ് വാങ്ങി നൽകുവാൻ സാധിച്ചു. 60 ലക്ഷം രൂപാ ചെലവഴിച്ച് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് സൈഡ് വീൽ സ്‌കൂട്ടർ നൽകി. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് 2 കോടി 20 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് നൽകാനായി. ക്ഷീരസഹകരണസംഘങ്ങൾക്ക് റിവോൾവിംഗ് ഫണ്ട് 66ലക്ഷം രൂപ, കാലിത്തീറ്റ സബ്‌സീഡിയിനത്തിൽ 2 കോടി 20 ലക്ഷം രൂപയും -മിൽക്ക് ഇൻസെന്റീവ് ഇനത്തിൽ 66 ലക്ഷം രൂപയും, ഖാദി കൈത്തറി പ്രോത്സാഹനത്തിനായി 53.31 ലക്ഷം രൂപ മാറ്റി വച്ചു.
തരിശ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഇല്ലംനിറ വല്ലംനിറ ഗ്രാമ/ബ്ലോക്ക്/ ജില്ലാ പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയായി 3 കോടി രൂപാ വകയിരുത്തി തുടക്കം കുറിക്കുവാൻ സാധിച്ചു. നെൽകർഷകർക്ക് കൂലിച്ചെലവ് സബ്‌സിഡിയായി 18 ലക്ഷം രൂപ ചെലവഴിച്ചു. പിന്നോക്കവിഭാഗ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി 3 കോടി 25 ലക്ഷം രൂപ ചെലവഴിച്ചു. വയോജന പദ്ധതിയ്ക്കായി 1 കോടിയോളം രൂപയും ചെലവഴിച്ചിട്ടുണ്ട്.
ഉദ്പാദന മേഖലയുടെ ഉന്നമനത്തിനായി കൃഷിക്ക് കൊയ്ത് മെതി യന്ത്രം വാങ്ങിയത് നന്നാക്കിയതുമായി 2 കോടി 50 ലക്ഷം രൂപയോളം ചെലവഴിച്ചു. കിഫ്ബിയിൽ പെടുത്തി പണി തീർത്ത പുതിയ സ്‌കൂളുകൾക്കും ജില്ലയിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ തുടങ്ങുവാൻ ആവശ്യത്തിനുളള ഫർണീച്ചറുകൾക്കായി 3 കോടി രൂപയോളം ചെലവഴിച്ചു. ബഡ്‌സ് സ്‌കൂൾ നിർമ്മാണത്തിനായി 30 ലക്ഷം രൂപ മുടക്കി. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 3 കോടിയോളം രൂപ മുടക്കി വിവിധവഴിയോര വിശ്രമകേന്ദ്രങ്ങൾക്ക് തുടക്കം കുറിക്കുവാൻ സാധിച്ചു. ഇത് വിദേശത്തും സ്വദേശത്തുമുളള വിനോദ സഞ്ചാരികൾക്ക് സഹായകമാകും. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വക സ്ഥലത്ത് സയൻസ് സിറ്റിക്ക് എതിർവശം കെ.എം.മാണി തണൽ വിനോദ വിശ്രമ കേന്ദ്രം പണിയുന്നതിനുവേണ്ടി 2 കോടി രൂപ മാറ്റി വച്ച് പണി തുടങ്ങുവാൻ പോകുന്നു. അത് ജില്ലയിലെ എടുത്തുപറയാൻ പറ്റുന്ന നേട്ടമാണ്. നമ്മുടെ യുവജനങ്ങളും വിദ്യാർത്ഥികളുമൊക്കെ ലഹരിയിലേയ്ക്ക് പോകുന്നത് തടയുന്നതിനായി ലഹരി വിമുക്ത കോട്ടയം എന്ന ലക്ഷ്യത്തോടെ കുട്ടികളെയും യുവജനങ്ങളെയും ലൈബ്രറിയിലേക്ക് ആകർഷിക്കുന്ന രീതിയിൽ ലൈബ്രറികളെ മാറ്റിയെടുക്കുന്നതിന് 2 കോടിയോളം രൂപ വകയിരുത്തി പ്രവർത്തനത്തിന് തുടക്കം കുറിക്കുവാൻ സാധിച്ചു. വിവിധ സ്ഥലങ്ങളിൽ അധുനിക കളിസ്ഥലങ്ങൾ സ്ഥാപിച്ച് യുവജനങ്ങളുടെ കായികശേഷി വർദ്ധിപ്പിക്കുവാനും അതിൽ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും സാധിച്ചു. ഓപ്പൺ ജിമ്മുകൾക്കും തുടക്കം കുറിക്കുവാൻ സാധിച്ചു.
സമ്പൂർണ്ണ ശുചിത്വ ജില്ലയാക്കുകയെന്ന ലക്ഷ്യത്തോടുകൂടി കോട്ടയം ജില്ലയിലെ മുഴുവൻ ഗവ.എയ്ഡഡ് സ്‌കൂളുകൾക്കായി നാപ്കിൻ വെൻഡിംഗ് മെഷീൻ, ഇൻസിനറേറ്റർ, അലമാര സ്ഥാപിക്കുന്നതിനായി 2 കോടിയോളം രൂപാ മാറ്റി വച്ചു. 30 ഗവൺമെന്റ് സ്‌കൂളുകളിൽ സ്ഥാപിച്ചു. ബാക്കി നടന്നുവരുന്നു. ഇത് ജില്ലയിലെ പെൺകുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണ്. മീനച്ചിലാർ ശുചീകരണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ആഴംകൂട്ടലും ശുചീകരണവും നടന്നുവരുന്നു. ജില്ലയിലെ വിവിധ കുടിവെളള പദ്ധതികൾക്കും ജലജീവൻ മിഷൻ പദ്ധതിക്കുംവേണ്ടി 4 കോടിയോളം രൂപയുടെ പ്രവർത്തനങ്ങൾ നടത്തുവാൻ സാധിച്ചു.
ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നതിനുശേഷം ഡിപിസി ചെയർമാൻ എന്ന നിലയിൽ ഗ്രാമ / ബ്ലോക്ക്/ മുനിസിപ്പാലിറ്റികളെ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ചുകൊണ്ട് ജില്ലയുടെ സമഗ്രവികസനത്തിനായി പ്രവർത്തിക്കുവാൻ സാധിച്ചതിന്റെ നേട്ടമാണ് ജില്ല മൂന്നാം സ്ഥാനത്തെത്തിയത്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments