Latest News
Loading...

എം.ജി സർവകലാശലയിൽ കാമ്പസ് ഫിറ്റ്‌നസ് ഡ്രൈവ്


 
എല്ലാ വിദ്യാർഥികൾക്കും കായികക്ഷമത ഉറപ്പാക്കുന്നതിന് ലക്ഷ്യമിടുന്ന കാമ്പസ് ഫിറ്റ്നസ് ഡ്രൈവിന് മഹാത്മാ ഗാന്ധി സർവകലാശാലയിൽ ഡിസംബർ 15 ന് തുടക്കം കുറിക്കും. പാലാ സെൻറ് തോമസ് കോളജിൽ ഉച്ചകഴിഞ്ഞ് രണ്ടിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പദ്ധതി ഉദ്ഘാടനം ചെയ്യും.


മാണി സി. കാപ്പൻ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജോസ് കെ. മാണി എം.പി. മുഖ്യപ്രഭാഷണം നടത്തും. സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ ആമുഖ പ്രഭാഷണം നിർവഹിക്കും.


ജോബ് മൈക്കിൾ എം.എൽ.എ, സർവകലാശാലാ പ്രോ-വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ, മുനിസിപ്പൽ ചെയർമാൻ ആൻറോ ജോസ് പടിഞ്ഞാറേക്കര, സിൻഡിക്കേറ്റ് അംഗം പി. ഹരികൃഷ്ണൻ, സർവകലാശാലാ രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാർ, സെൻറ് തോമസ് കോളജ് പ്രിൻസിപ്പൽ ഡോ. ജെയിംസ് ജോൺ, സർവകലാശാലാ സെനറ്റ് അംഗം ജോജി അലക്സ്, സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻറ് സ്പോർട്സ് സയൻസസ് ഡയറക്ടർ ഡോ. ബിനു ജോർജ് വർഗീസ്, ഡോ. തങ്കച്ചൻ മാത്യു, ഡോ. വിനീത് കുമാർ തുടങ്ങിയവർ സംസാരിക്കും.

സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത എല്ലാ കോളജുകളിലും പദ്ധതി നടപ്പാക്കും. ഇതിൻറെ ഭാഗമായി വിദ്യാർഥികളിൽ കായികക്ഷമതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കും. സർവകലാശാലയിൽ നിന്ന് ബിരുദം നേടുന്ന എല്ലാ വിദ്യാർഥികളും കാമ്പസ് ഫിറ്റ്നസ് ഡ്രൈവിലൂടെ കടന്നുപോകുന്ന രീതിയിലാണ് ക്രമകീരണങ്ങൾ.

നാലു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്.  ബിരുദ കോഴ്സുകളിൽ ചേരുന്ന വിദ്യാർഥികളിൽ ശാസ്ത്രീയ പരിശോധന നടത്തി കായികക്ഷമത വിലയിരുത്തുന്നതോടെയാണ് തുടക്കം. ഇവരെ നാലാം സെമസ്റ്റർ വരെ കായിക അവബോധ ക്ലാസുകളിലും സൈക്ലിംഗ്, യോഗ, മൈനർ ഗെയിമുകൾ തുടങ്ങിയവയിലും പങ്കെടുപ്പിക്കും.

നാലാം സെമസ്റ്ററിൽ വീണ്ടും പരിശോധന നടത്തി കായികക്ഷമതയിൽ മുന്നിട്ടു നിൽക്കുന്ന വിദ്യാർഥികൾക്ക് കോളജ് തലത്തിൽ അംഗീകാരം നൽകും. എല്ലാ ബിരുദ വിദ്യാർഥികളെയും പദ്ധതിയിൽ ഉൾപ്പെടുത്തുന്നു എന്ന് ഉറപ്പുവരുത്തുന്നതിനും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുമായി സർവകലാശാലാ തലത്തിലും കോളജ് തലത്തിലും മോണിട്ടറിംഗ് കമ്മിറ്റികൾ പ്രവർത്തിക്കും.



സർവകലാശാലാ തലത്തിൽ വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ചെയർമാനും സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ കൺവീനറുമായുള്ള കമ്മിറ്റിയാണ് പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സിൻഡിേക്കറ്റ് അംഗം ഡോ. ബിജു തോമസ് ജോയിൻറ് കൺവീനറും സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻറ് സ്പോർട്സ് സയൻസസ് ഡയറക്ടർ പ്രഫ. ബിനു ജോർജ് വർഗീസ് കോ-ഓർഡിനേറ്ററുമാണ്.

Post a Comment

0 Comments