Latest News
Loading...

ആദ്യകാല ഫോട്ടോഗ്രാഫര്‍ കെ.വി. ദേവസ്യ എന്ന സാംസണ്‍ (81) ഓര്‍മ്മയായി

പാലാ : കേരളത്തില്‍ ആദ്യമായി വീഡിയോഗ്രാഫി പരിചയപ്പെടുത്തിയ പാലായിലെ ആദ്യകാല ഫോട്ടോഗ്രാഫര്‍ കെ.വി. ദേവസ്യ എന്ന സാംസണ്‍ (81) ഓര്‍മ്മയായി. 35ല്‍പരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സാംസണ്‍ പാലായിലും കേരളത്തിലും ആദ്യമായി വീഡിയോ എന്ന ചലിക്കുന്ന ഫോട്ടോരൂപത്തെ പരിചയപ്പെടുത്തിയത്. പാലായില്‍ സാംസണ്‍ സ്റ്റുഡിയോ നടത്തുകയായിരുന്നു അദ്ദേഹം. ഇന്നത്തെ പാലാ എംഎല്‍എ ആയിരുന്ന മാണി സി. കാപ്പന്‍ മുഖാന്തിരം ഗള്‍ഫിലുള്ള തന്റെ സുഹൃത്ത് ബന്ധങ്ങള്‍ ഉപയോഗിച്ചാണ് സാംസണ്‍ വീഡിയോ സ്വന്തമാക്കുന്നത്. മാണി സി. കാപ്പനാണ് കാമറ നാട്ടിലെത്തിച്ചു നല്‍കിയത്. അന്ന് വരെ പരിചയമില്ലാത്ത ചലിക്കുന്ന ഫോട്ടോകള്‍ ആദ്യമായി അവതരിപ്പിച്ച സാംസണ്‍ പാലായിലും കേരളത്തിലും അങ്ങനെ ജനശ്രദ്ധയാകര്‍ഷിച്ചു.


യാത്രകളെ ഏറെ പ്രണയിച്ചിരുന്ന സാംസണ്‍ ഇക്കാലയളവില്‍ 148 വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു. വ്യത്യസ്ഥമായ ചിത്രങ്ങള്‍ കാമറയില്‍ ഒപ്പിയെടുക്കുന്നതിനാണ് ഈ യാത്രകളെല്ലാം. ഫോട്ടോഗ്രാഫിക്കായി ടൂര്‍ സംഘങ്ങള്‍ക്കൊപ്പവും തനിച്ചും വിവിധ രാജ്യങ്ങളിലെത്തി. ബാങ്ക് ലോണ്‍ തരപ്പെടുത്തിയാണ് യാത്രക്കുള്ള പണം കണ്ടെത്തുന്നത്. വൈവിദ്യങ്ങളാര്‍ന്ന ചിത്രങ്ങള്‍ ആല്‍ബത്തിലാക്കിയും യാത്രാ വിവരണങ്ങള്‍ നല്‍കിയും വില്പന നടത്തിയാണ് ലോണുകള്‍ തിരിച്ചടക്കുന്നത്. ആറ് പതിറ്റാണ്ടോളം ഫോട്ടോഗ്രാഫി രംഗത്ത് പ്രവര്‍ത്തിച്ച സാംസണിന്റെ ശേഖരത്തില്‍ കാല്‍ലക്ഷത്തോളം വിസ്മയം ജനിപ്പിക്കുന്ന ചിത്രങ്ങളുണ്ട്.

ഒരിക്കല്‍ യൂറോപ്പ് സന്ദര്‍ശനത്തില്‍ നാഷ്ണല്‍ പാര്‍ക്ക് സന്ദര്‍ശിക്കുമ്പോള്‍ ഭംഗിയുള്ള കുരുവികളം കാണുകയും ഏറെനേരത്തെ ശ്രമത്തിനൊടുവില്‍ പക്ഷിയുടെയും പക്ഷിക്കൂടിന്റെയും വിവിധ ചിത്രങ്ങള്‍ ഒപ്പിയെടുക്കുകയും ചെയ്തു. ചിത്രങ്ങള്‍ കമ്പോസ് ചെയ്യുമ്പോഴാണ് ആ കൗതുകം സാംസണിന്റെ ശ്രദ്ധയില്‍പെടുന്നത്. പക്ഷിക്കൂടിന്റെ ചിത്രം വലുതാക്കിയപ്പോള്‍ അതിനുള്ളില്‍ ഒരു മലയാള പത്രത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. യാഥൃശ്ചികമായ ഈ ഫോട്ടോ ഇദ്ദേഹത്തെ നിരവധി അവാര്‍ഡുകള്‍ അര്‍ഹനാക്കി. യൂറോപ്പിലെ മലയാളി അസോ. അവാര്‍ഡുകളും ഇതിലുള്‍പ്പെടും.

നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ യാത്രയെക്കുറിച്ചും ഫോട്ടോഗ്രാഫിയെക്കുറിച്ചും ലേഖനങ്ങളും സ്ഥിരം പക്തികളും സാംസണ്‍ തയ്യാറാക്കി നല്‍കിയിട്ടുണ്ട്. മികച്ച ഗായകനും ചിത്രകാരനുമായിരുന്നു അദ്ദേഹം. തൃപ്പൂണിത്തുറ ആര്‍എല്‍വി നൃത്തസംഗീത കോളേജില്‍ നിന്നും ഗാനഭൂഷണം പാസായിട്ടുണ്ട്. നിരവധി ഗാനമേളകളിലും പങ്കെടുത്തിട്ടുണ്ട്. മികച്ച ചിത്രകാരനായ സാംസണ്‍ കോട്ടയം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ കാന്‍വാസില്‍ വരച്ച തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒരു പാലാക്കാരന്റെ കഥ എന്ന പേരില്‍ ജീവചരിത്രവും 2021ല്‍ പ്രകാശനം ചെയ്തിരുന്നു. 

2023ല്‍ അമേരിക്കയില്‍ തന്റെ 25-മത്തെ സന്ദര്‍ശനത്തിനുള്ള തയ്യാറെടുപ്പിനിടെയാണ് അന്ത്യം സംഭവിച്ചത്. യാത്രകളിലും ഫോട്ടോഗ്രാഫിയിലുമുള്ള തന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ ഭാര്യ ഓമനയുടെയും മക്കളുടെയും പിന്തുണയാണെന്ന് പലപ്പോഴും സാംസണ്‍ പറയുമായിരുന്നു. അദ്ദേഹത്തിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച (27.12.2022) രാവിലെ 10.30ന് പാലാ ളാലം സെന്റ് മേരീസ് പഴയപള്ളിയില്‍ നടക്കും. ഭാര്യ : ഓമന കൊല്ലപ്പള്ളി കുന്നത്തുംപാറ കുടുംബാംഗം. മക്കള്‍ : മെര്‍ളി, സജി, സൗമി. മരുമക്കള്‍ : റെജി മൂന്നുകണ്ടത്തില്‍ പള്ളിയ്ക്കത്തോട്, സിമി തൊട്ടിയില്‍ ഇരട്ടയാര്‍, ജീയോ തോട്ടത്തില്‍ മൂവാറ്റുപുഴ.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments