Latest News
Loading...

കത്രിക്കുട്ടി ടീച്ചറെ കാണാന്‍ പ്രിയ ശിഷ്യ നാളെയെത്തും

കത്രിക്കുട്ടി ടീച്ചറെ കാണാന്‍ പ്രിയ ശിഷ്യ നാളെയെത്തും.  അപൂര്‍വ്വ ഗുരുശിഷ്യ ദര്‍ശനത്തിന് സാക്ഷ്യം  വഹിക്കാന്‍ തയ്യാറാവുകയാണ്‌ പെരിങ്ങുളം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂള്‍. 


.വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഗുരുശിഷ്യ സമാഗമത്തിനാണ് പെരിങ്ങുളം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂള്‍ നാളെ വേദിയാകുന്നത്. സ്‌കൂളിലെ അധ്യാപിക ആയിരുന്ന കത്രിക്കുട്ടി ടീച്ചറും, വിദ്യാര്‍ത്ഥിനി ആയിരുന്ന നിഷ ബിനോയിയും തമ്മിലുള്ള കൂടിക്കാഴ്ചക്കാണ് പെരിങ്ങുളം സ്‌കൂള്‍ അവസരമൊരുക്കുന്നത്. 

മലയോള മനോരമയുടെ ഗുരുപംക്തി പേജിലൂടെയാണ് നിഷ ബിനോയി കത്രിക്കുട്ടി ടീച്ചറിനെ അനുസ്മരിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ട സ്‌കൂളധികൃതര്‍ ഇരുവരെയും ബന്ധപ്പെടുകയും കൂടി കാഴ്ചക്ക് അവസര ഒരുക്കുകയുമായിരുന്നു. 

നാളെ ഉച്ചകഴിഞ്ഞ് 2.30തിനാണ് ഗുരുദര്‍ശനം എന്ന പേരില്‍ പരിപാടി നടക്കുന്നത്.

പ്രിയപ്പെട്ട അധ്യാപികയെ ഒന്നു നേരിട്ടു കാണാൻ കൊതിക്കുന്നതിനെക്കുറിച്ചും ആ ദിവസത്തിനായി മകനുമൊത്ത് കാത്തിരിക്കുന്നതിനെക്കുറിച്ചും നിഷ പറയുന്നതിങ്ങനെ :- (Source- Manoramaonline)

ലില്ലിക്കുട്ടി ടീച്ചറിന്റെ ക്ലാസ് മുറിയിലെ ഒന്നാം നിര ബഞ്ചിൽ, എണ്ണതേച്ചു മിനുസപ്പെടുത്തി കുറുനിരയിട്ടു വലത്തോട്ടു ചീകിയ തലമുടിയിൽ വരയൻ സ്ലൈഡു കുത്തിയ, പാകമാകാത്ത യൂണിഫോമിനുള്ളിൽ ഓളം വെട്ടുന്ന ശരീരവും വിടർന്നു തിളങ്ങുന്ന കണ്ണുകളുമുള്ള ഒരു രണ്ടാം ക്ലാസുകാരി ഉണ്ടായിരുന്നു. വെള്ളിയാഴ്ചകളിലെ അവസാന പീരിയഡിൽ തിങ്ങി നിറഞ്ഞ ക്ലാസ് മുറികളിലെല്ലാം കലാകാരന്മാരും കലാകാരികളും ഉണർന്നിരുന്ന കാലം. ലില്ലിക്കുട്ടി ടീച്ചറുടെ നിർദേശപ്രകാരം ‘കുഞ്ഞിക്കിളിയേ’ എന്ന പാട്ടു പാടി. പിന്നെ എന്നിലെ കലാകാരിയെ സ്കൂൾ കാലഘട്ടം കഴിഞ്ഞും ‘കുഞ്ഞിക്കിളി’ എന്ന വിളി പിൻതുടർന്നു. കഥ ഇതല്ല. 


.അന്നത്തെ ഒറ്റയ്ക്കുള്ള ആ ഗാനമേളയ്ക്കു ശേഷം പിറ്റേദിവസം ഉച്ചകഴിഞ്ഞപ്പോൾ ലില്ലിക്കുട്ടി ടീച്ചർ പറഞ്ഞു നിഷമോള് സ്റ്റാഫ് റൂമിൽ ചെന്ന് കത്രിക്കുട്ടി ടീച്ചറെ കണ്ടിട്ടു വരാൻ. പ്രസ്തുത ടീച്ചറിന്റെ പേരു പോലും നേരെ ചൊവ്വേ വഴങ്ങില്ലെന്നു മനസ്സിലാക്കിയ ഞാൻ എന്താണു സംഭവിക്കുന്നതെന്നറിയാതെ അന്തം വിട്ടു. കത്രിക്കുട്ടി ടീച്ചർ ഞങ്ങളെ പഠിപ്പിക്കുന്ന അധ്യാപിക അല്ല. ഞാനൊട്ടു കണ്ടിട്ടു പോലുമില്ല. പിന്നെ എന്തിനാവും ഉറപ്പില്ലാത്ത മനസ്സും വിറയ്ക്കുന്ന കാലടികളുമായി ഞാൻ സ്റ്റാഫ് റൂമിന്റെ വാതിൽക്കൽ നിന്ന് ചൊവ്വാഗ്രഹത്തിലേക്കെന്നതുപോലെ നോക്കി. ‘‘എന്നാ കൊച്ചേ....’’എന്റെ ഉണ്ടക്കണ്ണിലെ പേടിയും വാതിലിൽ തെരുപ്പിടിക്കുന്ന കുഞ്ഞി വിരലുകളും കണ്ട, കവിളത്ത് ഉണക്കമുന്തിരി ഒട്ടിച്ചു വച്ചതു പോലെ മറുകുള്ള പൊക്കം കുറഞ്ഞു തടിച്ച ടീച്ചര്‍ ഉരുണ്ടു വരുന്നു.ഓടിയാലോ....? വേണ്ട. ലില്ലിക്കുട്ടി ടീച്ചറിന് എന്നോട് ഇഷ്ടമുണ്ട്. ടീച്ചറിനു നാണക്കേടാവും. ഉള്ളിലെ എല്ലാ ഭയവും കാർമേഘങ്ങളായി ഉരുണ്ടു കൂടി കാഴ്ചയെ മറച്ചു തുടങ്ങി. മങ്ങിയ കാഴ്ചയിൽ നിലത്തു മുട്ടുന്ന, അവരുടെ സാരിഞൊറികളിലേക്കും നോക്കി ഒന്നു മാത്രം പറയാൻ ശ്രമിച്ചു. ‘‘കത്രികക്കുട്ടി ടീച്ചറ്....’’ പറഞ്ഞു പഠിച്ചു വന്ന പേരുപോലും ....ഹൊ...കണ്ണുകളുയർത്തുമ്പോഴേക്കും അടക്കിവച്ചിരുന്നതൊക്കെയും നിലത്തു വീണു ചിതറിയിരുന്നു. ചൂളി നിൽക്കുമ്പോൾ അവരുടെ പിന്നിലെവിടെയോ നിന്ന് ഒരു ശബ്ദം.

.‘‘നിഷമോളാന്നോ....’’അതാവും കത്രിക്കുട്ടി ടീച്ചർ. ഉള്ളിൽ കടന്നപ്പോഴേക്കും കുഞ്ഞി വളയിട്ട ഇരുണ്ട കൈകൾ വന്നു പൊതിഞ്ഞ് ഒരു മെലിഞ്ഞ ശരീരത്തോടു ചേർത്തു പിടിച്ചിരുന്നു... കത്രിക്കുട്ടി ടീച്ചറെ... ഞാൻ കാണുകയായിരുന്നു. കറുത്ത് ചുരുണ്ട മുടി. തിളങ്ങുന്ന ചെറിയ കണ്ണുകൾ. ഇരു നിറത്തിൽ പ്രസന്നമായ മുഖം. മെലിഞ്ഞ ശരീരത്തില്‍ ഇളം നിറമുള്ള കോട്ടൺ സാരി വൃത്തിയിലും ഭംഗിയിലും ഞൊറിഞ്ഞുടുത്തിരിക്കുന്നു. ഏങ്ങലടിക്കുന്ന എന്നെ, ചുമലിൽ തഴുകിക്കൊണ്ട് ടീച്ചർ ആശ്വസിപ്പിച്ചു. ആരോറൂട്ടു ബിസ്കറ്റ് തന്നു സന്തോഷിപ്പിച്ചു. കാര്യമെന്താണെന്നു വച്ചാൽ ‘കുഞ്ഞിക്കിളിയേ’ ഗാനമേള എന്റെ ക്ലാസ്സിനു പുറത്തു കൂടി പോയ ടീച്ചർ കേട്ടിരുന്നു. എന്റെ ഒരു പാട്ടു കൂടി ടീച്ചറിനു കേൾക്കണമത്രേ... അദ്ഭുതപ്പെട്ടു നിഷ്കളങ്കമായി നോക്കുന്ന എന്നെ ടീച്ചർ വീണ്ടും പ്രോത്സാഹിപ്പിച്ചു. ചിറ്റയിൽ നിന്നു കേട്ടു തഴമ്പിച്ച ഒരു കൃഷ്ണഭക്തിഗാനം അനന്തതയിലേക്കെങ്ങോ നോക്കി നിന്നു പാടി തീർന്നപ്പോഴേക്കും രണ്ടു കൈകൾ കൊണ്ടും ടീച്ചർ എന്നെ നെഞ്ചോടു ചേർത്തു. കുട്ടിക്യൂറ പൗഡറിന്റെ നേർത്ത മണം...ജീവിതത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തികൾ വേറെയും ഉണ്ടായിട്ടുണ്ടെങ്കിലും അവരാരും ചേർത്തു പിടിച്ച ഈ കൈകളോളം വരില്ല. സെന്റ്. അഗസ്റ്റ്യൻസ് ഹൈസ്കൂൾ, പെരിങ്ങുളം മീനച്ചിലാറിന്റെ തീരത്ത് പള്ളിയും മഠവുമൊക്കെയായി LP, UP, ഹൈസ്കൂൾ എന്നിങ്ങനെ മൂന്നു സെക്ഷനായിരുന്നു. UP സെക്ഷനിൽ സാമൂഹ്യശാസ്ത്ര അധ്യാപികയായിരുന്നു കത്രിക്കുട്ടി ടീച്ചർ. 4–ാം ക്ലാസ്സിലെത്തിയപ്പോൾ, സ്ഥലപരിമിതി മൂലം  എന്റെ ക്ലാസ്സ് കഞ്ഞിപ്പുരയുടെ ഒരു മൂലയ്ക്കായി. സാബു സാറാണ് ക്ലാസ്സ് ടീച്ചർ. ഒരു ദിവസം, ക്ലാസ്സിൽ എല്ലാവരും ചേർന്നു വലിയ ബഹളമാണ്. കഞ്ഞിപ്പുരയിലെ ചേച്ചി ഇടയ്ക്കു വന്ന് ശാസിച്ചു പോയി. ഞാനാണെങ്കിൽ സഹപാഠിയായ അരുണിനൊപ്പം അടുത്തിരിക്കുന്നവരെ തിക്കി താഴെയിടുന്ന രസകരമായ ഒരു വിനോദത്തിലേർപ്പെട്ടിരിക്കുകയായിരുന്നു. ഒരു വള്ളം കളിയുടെ ആവേശം തുടിക്കുന്ന അന്തരീക്ഷം. എതിരാളികളെ തിക്കി നിലംപരിശാക്കി വിജയാഹ്ലാദത്തിൽ, ആർപ്പുവിളികളിൽ നിൽക്കുമ്പോൾ കഞ്ഞിപ്പുരയിലേക്കുള്ള നടകളിറങ്ങി കുട്ടിക്യൂറ പൗഡറിന്റെ മണം വരുന്നു. ബലൂണിന്റെ കാറ്റു പറത്തി വിട്ടതു പോലെയായ ഞാൻ ബഞ്ചിലിരിക്കുന്ന സംസാരത്തിലോ പെരുമാറ്റത്തിലോ ഒരു മാറ്റവുമില്ലാതെ, പ്രസന്നമായ കത്രിക്കുട്ടി ടീച്ചർ ഞങ്ങളെ ശാന്തരാക്കാൻ വന്നതാണ്. 

മലയാളം പാഠപുസ്തകം വാങ്ങി ടീച്ചർ ഒരു കവിത ചൊല്ലി. കടമ്മനിട്ടയുടെ ‘കോഴി’ ടീച്ചറിന്റെ ആലാപനമികവിൽ മാത്രം ശ്രദ്ധിച്ചിരുന്ന എനിക്ക്, അന്ന് അതിന്റെ അർഥവ്യാപ്തി പൂര്‍ണമായും മനസ്സിലാക്കുവാനുള്ള പ്രാപ്തിയുണ്ടായിരുന്നില്ല. ഇന്ന് 28 വർഷങ്ങൾക്കിപ്പുറം കേട്ടു തഴമ്പിച്ച കത്രിക്കുട്ടി കഥകളോടൊപ്പം ‘കുഞ്ഞേ തുള്ളാൻ സമയമില്ലിപ്പോൾ’ എന്ന് എന്റെ മക്കൾ ചൊല്ലി നടക്കുന്നു. അന്ന് അധ്യാപകരോടെല്ലാം ഒരു ഭയഭക്തി ബഹുമാനമാണ്. എന്നെക്കുറിച്ചെല്ലാം ചോദിച്ചറിയുമായിരുന്നെങ്കിലും ടീച്ചറെക്കുറിച്ച് എന്തെങ്കിലും ചോദിക്കാൻ ഭയമായിരുന്നു. വീടെവിടെയാണെന്നു പോലും ചോദിച്ചതുമില്ല. അങ്ങനെയിരിക്കെ ഞാനറിയാതെ എപ്പോഴോ ടീച്ചർ ട്രാൻസ്ഫർ ആയി പോയി. കുട്ടിക്യൂറ മണമില്ലാത്ത, കണ്ണുകളിൽ നക്ഷത്രങ്ങളില്ലാത്ത ഒരു ശൂന്യത. അടുപ്പമുണ്ടായിരുന്നെങ്കിലും ആത്മബന്ധമില്ലാതിരുന്നതോർത്ത് ഞാൻ വേദനിച്ചു. മാഞ്ഞുപോയ ചില മണങ്ങൾ. പത്താം ക്ലാസ്സിലെ ഡ്രിൽ പീരീഡ് നടക്കുന്നു. ഞാനും ജിൻസിയും തമ്മിൽ പൊരിഞ്ഞ അടി. ആരോഗ്യപരമായി തോറ്റുപോയ ഞാൻ പിണങ്ങി ക്ലാസ്സ് റൂമിലേക്കു പോകവേ ഒന്നു കണ്ടു, കരഞ്ഞു കൊണ്ട് സ്റ്റാഫ് റൂമിലേക്ക്, എന്നെ കാണാതെ നടന്നു പോകുന്ന കത്രിക്കുട്ടി ടീച്ചർ. പെട്ടെന്ന് എന്റെ ഹൃദയം പറിഞ്ഞ് നിലത്തു വീണു ചിതറിപ്പോയി ടീച്ചറെ കുറിച്ച് വേവലാതിപ്പെട്ടിരുന്ന എന്റെ കുഞ്ഞു മനസ്സ് അവർ മറന്നു പോയിട്ടുണ്ടാവും. ചിലന്തിവല മുഖത്തടിച്ചതു പോലെ എനിക്കന്ന് ഉറങ്ങാനായില്ല. എന്തിന് ? എന്നൊരു ചോദ്യം വർഷങ്ങൾക്കിപ്പുറം ഇന്നും ഒരു നൊമ്പരമായി അവശേഷിക്കുന്നു. പാലാ അൽഫോൻസാ കോളജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ പഠനം നടക്കുകയും പാട്ടും കവിതയും ൈലബ്രറിയും ക്യാംപുകളുെമല്ലാമായി ഞാൻ എന്റേതായ ലോകത്തിലായിരുന്നു. അവസാന വർഷം പഠിക്കുന്ന സമയം ഹിന്ദു കുട്ടികൾക്കായി വ്യാഴാഴ്ച ദിവസങ്ങളിൽ മോറൽ ക്ലാസ്സുണ്ടായിരുന്നു. ഞാനും പങ്കെടുത്ത ഒരു മോറൽ ക്ലാസ്സ്. ഹിസ്റ്ററി വിഭാഗത്തിലെ പ്രഥമാധ്യാപികയാണ് ക്ലാസ്സ് നയിക്കുന്നത്. അന്ന് അവർ ഒരു കഥ പറഞ്ഞു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന പഠിക്കാൻ പണം കണ്ടെത്താൻ സിമന്റ് പണിക്കു പോയി തുടർന്ന് അധ്യാപികയായ ഒരു പെൺകുട്ടിയുടെ കഥ. കത്രിക്കുട്ടി ടീച്ചറിന്റെ കഥ. അന്നും ഇന്നും എന്നും അവൾ മാത്രമാണ് എന്റെ പ്രിയ ശിഷ്യയെന്ന് അവർ പറഞ്ഞു നിർത്തുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ‘എന്റെ കത്രിക്കുട്ടി ടീച്ചർ’ എന്ന് ഞാൻ അലറി വിളിക്കുന്നുണ്ടായിരുന്നു. തൊണ്ടയിൽ തിക്കുമുട്ടലിൽ അവ പുറത്തേക്കും വന്നില്ല. അന്നും ഞാൻ ഉറങ്ങിയില്ല. 

ഒരുപാടു വർഷങ്ങൾക്കിപ്പുറം അടുത്തിടെ ഏഴുവയസ്സുള്ള മകൻ, അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമെന്താണെന്ന് ചോദിച്ചു. കണ്ണുനീരും അദ്ഭുതവും ആഹ്ലാദവുമായി ഞാൻ അവനെ നോക്കി. ഈ കഥകളുടെ എല്ലാമവസാനം, കത്രിക്കുട്ടി ടീച്ചറെ കാണണമെന്ന് നിറഞ്ഞ കണ്ണുകളോടെ ഞാൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ തിരഞ്ഞു മടുത്ത, വെറുമൊരു അടുക്കളക്കാരിയുടെ ഗുരുഭക്തി ഭർത്താവിനു മനസ്സിലായില്ല. തന്റെ അമ്മയുടെ ആഗ്രഹങ്ങൾ നിറവേറ്റാനായി വേഗം വളർന്നു വലുതാകണമെന്ന് ആഗ്രഹിക്കുന്ന ഒരു മകൻ എനിക്കുണ്ട്. പക്ഷേ അമ്മേ... ഞാൻ വളർന്നു വലുതായി നമ്മൾ ചെല്ലുമ്പോഴേക്കും കത്രിക്കുട്ടി ടീച്ചർ വയസ്സായി മരിച്ചു പോയിട്ടുണ്ടാവില്ലേ...?പക്വതയുള്ള ആ കുഞ്ഞുശരീരം കെട്ടിപ്പിടിച്ചു കരഞ്ഞ അന്നും ഞാനുറങ്ങിയില്ല. ഇപ്പോൾ ഇതെഴുതുമ്പോഴും കണ്ണുനീർ കാഴ്ചകളെ മറയ്ക്കുന്നുണ്ട്. ഇല്ല. ഒന്നും സംഭവിക്കില്ല. എന്റെ കണ്ണുകൾ കത്രിക്കുട്ടി ടീച്ചറെ കാണും. എന്റെ മകൻ വേഗം വളരട്ടെ. അവൻ എന്നെ കൊണ്ടുപോകും. എന്റെ ഗുരുനാഥേ.. തമ്മിൽ കാണുന്നതു വരെ നമുക്കു മൂന്നു പേർക്കും ആയുസ്സുണ്ടാകട്ടെ.


Post a Comment

0 Comments