Latest News
Loading...

മരിയസദനത്തോട് ചേർന്ന് പുതിയ ആശുപത്രി മന്ദിരം ഉദ്ഘാടനം നാളെ

നിർധനരും നിരാലംബരുമായ മാനസിക രോഗികളുടെ അഭയകേന്ദ്രമായ പാലാ മരിയ സദനത്തിലെ രോഗികൾക്കായി പാലാ കാനാട്ടുപാറയിലുള്ള മരിയസദനത്തോട് ചേർന്ന് പുതിയ ആശുപത്രി മന്ദിരം പൂർത്തിയായി. ശനിയാഴ്ച്ച ( 3 - 9 - 22 ) ഉച്ചകഴിഞ്ഞ് 4 മണിക്ക് പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് കെട്ടിടത്തിൻ്റെ വെഞ്ചരിപ്പ് കർമ്മം നിർവ്വഹിക്കും. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ കെട്ടിടം മരിയസദനം മക്കൾക്കായി സമർപ്പിക്കും.



.മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകളും കുട്ടികളുമുള്ള നാനൂറ്റി അൻപതോളം അന്തേവാസികളുടെ സ്വപ്നം ഇതോടെ പൂവണിഞ്ഞിരിക്കുകയാണ്. കേരളത്തിലെ പ്രമുഖ ഹൈവേ കരാർ കമ്പനിയായ രാജി മാത്യു കമ്പനിയാണ് ഇത്തരത്തിൽ പെട്ട ഒരു സ്നേഹ മന്ദിരം മരിയ സദനത്തിനായി നിർമ്മിച്ച് നൽകിയത്. 

.കോവിഡ് കാലഘട്ടത്തിൽ മരിയസദനത്തിലെ രോഗികൾ അനുഭവിച്ചുകൊണ്ടിരുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് മനസിലാക്കിയപ്പോഴാണ് ഇത്തരം ഒരു ആശയം ഉരുത്തിരിഞ്ഞതെന്ന് കമ്പനിയുടെ മാനേജിംഗ് പാർട്ട്ണറായ രാജി മാത്യു പറയുന്നു. തന്റെ മാതാപിതാക്കന്മാരായ പി എസ് മാത്യുവിൻറെയും അച്ചാമ്മ മാത്യുവിന്റെയും പാവന സ്മരണാർത്ഥമാണ് അദ്ദേഹം കെട്ടിടം നിർമ്മിച്ച് നൽകിയത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് തുടക്കമിട്ട പദ്ധതി സമയബന്ധിതമായി തന്നെ പൂർത്തിയാക്കി നൽകുകയായിരുന്നു.


.ആശുപ്രതി മന്ദിരത്തിന് ലോർഡ്സ് ഹോസ്പൈസ് എന്ന പേരാണ് നൽകിയിരിക്കുന്നത്. മരിയസദനത്തിൽ ലഭ്യമായ സ്ഥലത്ത് മൂന്ന് നിലകളിലായി നിർമ്മിച്ച ആശുപത്രി മന്ദിരത്തിൽ ഐ.പി, സ്ത്രീകൾക്കും കുട്ടികൾക്കുമായി ഐസൊലേഷൻ വാർഡുകൾ, ഡോക്ടർമാർക്കായി പ്രത്യേകം കൺസൾട്ടേഷൻ റൂമുകൾ, പരിശോധനാ മുറികൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു. താഴത്തെ നിലയിൽ ഡോക്ടർമാരുടെ വാഹനങ്ങൾ നനയാതെ പാർക്ക് ചെയ്യുന്നതിന് സൗകര്യം ഒരുക്കിയിരിക്കുന്നു. കൂടാതെ കെട്ടിടത്തിൻ്റെ മുൻഭാഗത്തായി വിശാലമായ വാഹന പാർക്കിംഗ് സൗകര്യവും ഒരുക്കിയിരിക്കുകയാണ്.


.ഫാ.ജോർജ് കുറ്റിക്കൽ തറക്കല്ലിട്ട ആശുപത്രി കെട്ടിടം പലവിധ കാരണങ്ങളാൽ വർഷങ്ങളായി തടസ്സപ്പെട്ട് കിടക്കുകയായിരുന്നു. മരിയ സദനത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് രാജി മാത്യു & കമ്പനി സ്വന്തം ചിലവിൽ അതി മനോഹരമായ കെട്ടിടം നിർമ്മിച്ച് നൽകുകയായിരുന്നുവെന്ന് സന്തോഷ് മരിയസദനം പറഞ്ഞു.



ഉദ്ഘാടന ചടങ്ങിൽ മാർ ജോസഫ് സ്രാമ്പിക്കൽ,ജോസ് കെ മാണി എം.പി, മാണി സി കാപ്പൻ എം എൽ എ, ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജ് ഐ എ എസ്, നഗരസഭാ ചെയർമാൻ ആൻറോ പടിഞ്ഞാറേക്കര, അഡ്വ നാരായണൻ നമ്പൂതിരി, മോൺ ജോസഫ് മലേപ്പറമ്പിൽ, ഫാ.ജോർജ് പഴയപറമ്പിൽ, പി യു തോമസ്, ബൈജു കൊല്ലം പറമ്പിൽ തുടങ്ങിയവർ പങ്കെടുക്കും.




Post a Comment

0 Comments