Latest News
Loading...

തെരുവുനായ ശല്യം; എ.ബി.സി. പദ്ധതി ജില്ലയിൽ നടപ്പാക്കും


തെരുവുനായ ശല്യം പരിഹരിക്കുന്നതിനായി മൃഗങ്ങളുടെ ജനനനിയന്ത്രണ പരിപാടി (എ.ബി.സി.)  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയും പറഞ്ഞു. പ്രസ്‌ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.



.ജില്ലയിൽ ഏഴു സ്ഥലത്ത് ഇതിനായി എ.ബി.സി. കേന്ദ്രം ആരംഭിക്കാനാണ് ആലോചന. ആദ്യപടിയായി കോട്ടയം നഗരസഭയിൽ കോടിമതയിൽ പ്രത്യേക കേന്ദ്രം കണ്ടെത്തി തുടർനടപടി സ്വീകരിച്ചു. കേന്ദ്രം സജ്ജമാക്കാനും വെറ്ററിനറി സർജൻ, മറ്റു ജീവനക്കാർ എന്നിവരെ നിയോഗിക്കാനും ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

. ഇതിനു തുടർച്ചയായി ഉഴവൂർ, പാലാ എന്നിവിടങ്ങളിലും എ.ബി.സി. കേന്ദ്രം ആരംഭിക്കും. ജനനനിയന്ത്രണ പരിപാടിക്കായി മുമ്പ് പരിശീലനം ലഭിച്ചവർക്ക് പ്രത്യേക പരിശീലനം കൂടി നൽകിയാണ് പരിപാടി നടപ്പാക്കുക. എ.ബി.സി. നടത്തിപ്പിനായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തുക നീക്കിവയ്ക്കണം. നിലവിൽ ഒരു കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും തുക നൽകുമ്പോൾ മൂന്നു കോടി രൂപയോളം വരും.


. ഇതിനായി പഞ്ചായത്ത്-നഗരസഭ സമിതികൾ പദ്ധതികൾ പുതുക്കി അംഗീകരിച്ച് ഫണ്ട് കണ്ടെത്തി ജില്ലാ പഞ്ചായത്തിന് നൽകാൻ കഴിഞ്ഞദിവസം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗം നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാൽ പദ്ധതി നടത്തിപ്പിന് സാമ്പത്തിക പ്രശ്‌നം നേരിടുന്നില്ല.
ജില്ലാതലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായി ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരെയും നഗരസഭാധ്യക്ഷരെയും ഉൾപ്പെടുത്തി സെപ്റ്റംബർ 20നകം എ.ബി.സി. മോണിറ്ററിംഗ് സമിതി രൂപീകരിക്കും.

.
 നായപരിപാലകർ, നായകളെ പിടികൂടുന്നവർ എന്നിവരുടെ പട്ടിക ശേഖരിക്കുന്നു. എ.ബി.സി. പദ്ധതി നടപ്പാക്കാനായി തദ്ദേശസ്വയംഭരണസ്ഥാപനത്തിന് ചെലവാകുന്ന തുക സംബന്ധിച്ച റിപ്പോർട്ട് തദ്ദേശസ്വയംഭരണ സ്ഥാപന മേധാവി ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നൽകണമെന്നും യോഗം തീരുമാനിച്ചു. 



എ.ബി.സി.ക്കായി തിരുവനന്തപുരം, ബംഗളുരു എന്നിവിടങ്ങളിലെ അംഗീകൃത ഏജൻസികളുടെ സഹായം തേടിയെങ്കിലും ജില്ലയിലെത്തി നടപ്പാക്കാൻ വിമുഖത അറിയിച്ച സാഹചര്യത്തിലാണ് മുമ്പ് പരിശീലനം ലഭിച്ചവർക്ക് പ്രത്യേക പരിശീലനം കൂടി നൽകി നടപ്പാക്കാൻ തീരുമാനിച്ചത്. പേവിഷത്തിനെതിരായ വാക്‌സിനും മൃഗങ്ങൾക്കുള്ള വാക്‌സിനും ജില്ലയിൽ ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്നും ഇരുവരും പറഞ്ഞു.



Post a Comment

0 Comments