Latest News
Loading...

പാലം തുറന്നതോടെ ഗതാഗതക്കുരുക്ക്

ചേര്‍പ്പുങ്കല്‍ പാലം ഭാഗികമായി തുറന്നുകൊടുത്തതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇരുവശങ്ങളിലും പകുതി മാത്രമാണ് തുറന്നുനല്കിയിട്ടുള്ളത്. പുതിയ സമാന്തരപാലത്തിനായുള്ള കൈവരികള്‍ക്കായി ബീമുകള്‍ വാര്‍ത്ത് ഇട്ടിരിക്കുന്നതും പഴയ പാലത്തില്‍ തന്നെയാണ്. ഇതോടെ ഒരുവാഹനത്തിന് കടന്നുപോകാനുള്ള വീതി മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ ഇരുവശത്ത് നിന്നും ഒരേ സമയം വാഹനങ്ങളെത്തുന്നതോടെ പാലത്തില്‍ വാഹനക്കുരുക്ക് ഏറുകയാണ്. വ്യാഴാഴ്ച വൈകിട്ടാണ് പാലം ഗതാഗതത്തിനായി തുറന്നുനല്കിയത്. 


ചേര്‍പ്പുങ്കല്‍ കോളേജ്, സ്‌കൂള്‍, ആശുപത്രി എന്നിവിടങ്ങളിലേയ്ക്കുള്ള 100 കണക്കിന് വാഹനങ്ങളാണ് ഇതുവഴിയെത്തുന്നത്. രാവിലെയും വൈകുന്നേരങ്ങളിലും വിദ്യാര്‍ത്ഥികള്‍ കാല്‍നടയായി കടന്നുപോകുന്നത് ഈ പാലത്തിലൂടെയാണ്. ആശുപത്രിയിലേയ്‌ക്കെത്തുന്നവരുടെയും തിരിച്ചുപോകുന്നവരുടെയും തിരക്കും ഈ സമയത്താണ്. ഇതോടെ വൈകുന്നരങ്ങളിലും രാവിലെയും പാലം ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടുകയാണ്.


സമാന്തരപാലത്തിന്റെ കൈവരികള്‍ക്കായി നിര്‍മിച്ച തൂണുകള്‍ പാലത്തില്‍ തന്നെയാണ് അടുക്കി ഇട്ടിരിക്കുന്നത്. വാഹനങ്ങള്‍ ഇതില്‍ ഇടിച്ച് അപകടങ്ങളും ഉണ്ടാകുന്നുണ്ട്. ഇവ എടുത്തുമാറ്റണമെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും പ്രായോഗികമല്ലെന്നാണ് അധികൃതരുടെ നിലപാട്. വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ഈ തിരക്ക് കുറയ്്ക്കാനാകൂ. എന്നാല്‍ പോലീസോ മറ്റ് ഗതാഗത നിയന്ത്രണസംവിധാനങ്ങളോ ഇവിടെ ഇല്ല എന്നത് ഗതാഗതതടസ്സം രൂക്ഷമാക്കുകയാണ്.





Post a Comment

0 Comments