Latest News
Loading...

മാലിന്യ വിഷയം. പാലാ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

പാലാ നഗരസഭയിലെ തട്ടുകട മാലിന്യവിഷയം വീണ്ടും സജീവമാകുന്നു. പ്രതിപക്ഷകൗണ്‍സിലര്‍മാര്‍ ഞൊണ്ടിമാക്കല്‍ കവലയിലെ വീട്ടിലെത്തി പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം , നഗരസഭ നടപടി സ്വീകരിച്ചതായി കഴിഞ്ഞദിവസം ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നഗരസഭ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കാട്ടി തോണിക്കുഴിപ്പറമ്പില്‍ സോണിയയും അമ്മയും സഹോദരങ്ങളും പാലാ നഗരസഭയിലെത്തി പ്രതിഷേധിച്ചു. 


ആകെ 3 സെന്റ് സ്ഥലമുള്ള തങ്ങള്‍ക്ക് സാമ്പ്രാണിത്തിരി കത്തിച്ച് വച്ചാല്‍പോലും ദുര്‍ഗന്ധം അനുഭവിക്കാതെ കഴിയാനാകുന്നില്ലെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. പരാതി പറഞ്ഞ് മടുത്തു. വീട്ടില്‍ താമസിച്ചിരുന്ന സോണിയയുടെ അമ്മയുടെ കാല്‍ ചൊറിഞ്ഞ് പൊട്ടിയതോടെ ബന്ധുവീട്ടീലേയ്ക്ക് മാറി. എന്തെങ്കിലും തീരുമാനമുണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം നഗരസഭയിലെത്തി സത്യാഗ്രഹമിരിക്കുന്നത്. കുടിവെള്ളം വേണമെങ്കില്‍ കടയില്‍ നിന്നും കനിയണമെന്നാണ് അവസ്ഥ. തങ്ങളുടെ കുടിവെള്ളസ്രോതസ് ഉപയോഗിക്കാനാവാത്ത വിധം മലിനപ്പെട്ടിരിക്കുകയാണെന്നും സോണിയ പറയുന്നു. 

സോണിയയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. നഗരസഭയുടെ വിശദീകരണക്കുറുപ്പ് ഞെട്ടിപ്പിക്കുന്നതാണ്. നഗരസഭ വെള്ളത്തിലെ മാലിന്യം പരിശോധിക്കാന്‍ മലിനീകരണ നിയന്ത്രണബോര്‍ഡിന് കത്ത് കൊടുത്തെന്നാണ് മനസിലാക്കിയത്. ജനം ഇവിടെ ബുദ്ധിമുട്ടുമ്പോള്‍ ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അടക്കം ടൂര്‍ പോയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സതീഷ് ചൊള്ളാനി കുറ്റപ്പെടുത്തി. 



വീട്ടുമുറ്റത്തേയ്ക്ക് മലിനജലം ഒഴുകിയെത്തുന്ന പ്രശ്നം 10 ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന് പാലാ നഗരസഭാ സെക്രട്ടറിയുടെ ഉറപ്പ് നൽകി. 
ഉപരോധസമരം നടത്തിയ പ്രതിപക്ഷ കൗൺസിലർമാരുടെയും , സ്ഥലത്തെത്തിയ പാലാ പോലീസിൻ്റെയും ' സോണിയയും കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യത്തിലാണ് സെക്രട്ടറി ഈ ഉറപ്പു നൽകിയത്. നഗരസഭാ ചെയർമാനെ ചേംബറിൽ ഉപരോധിക്കാനെത്തിയ സമരക്കാർ അദ്ദേഹം സ്ഥലത്തില്ലാതിരുന്നതിനെ തുടർന്നാണ് സെക്രട്ടറിയെ ഓഫീസിൽ ഉപരോധിച്ചത്.

Post a Comment

0 Comments