Latest News
Loading...

കിടങ്ങൂർ - കട്ടച്ചിറ റോഡിനുവേണ്ടി സ്ഥലം വിട്ടു നൽകുന്നവരുടെ സമ്മതപത്രം എംഎൽഎ ഏറ്റുവാങ്ങി.

കട്ടച്ചിറ- ചാലക്കടവ്- കിടങ്ങൂർ ക്ഷേത്രം റിവർവ്യൂ ബൈപാസ് റോഡിനുവേണ്ടി സ്ഥലം വിട്ടു തരുന്ന 10 കുടുംബങ്ങളുടെ സമ്മതപത്രം അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഏറ്റുവാങ്ങി.

 ഇതുസംബന്ധിച്ച് കട്ടച്ചിറ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും സ്ഥലവാസികളുടെയും സംയുക്ത യോഗത്തിലാണ് സമ്മതപത്രം കൈമാറിയത്. അവശേഷിക്കുന്ന കുടുംബങ്ങളുടെ സഹകരണം കൂടി ലഭിച്ചാൽ മികച്ച നിലവാരത്തിൽ ജനോപകാരപ്രദമായ വികസിത റോഡ് യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന് മോൻസ് ജോസഫ് എംഎൽഎ  വ്യക്തമാക്കി.



 പൊതുമരാമത്ത് വകുപ്പ് 8 മീറ്റർ വീതി ആണ് റോഡ് നിർമ്മാണത്തിന് ആവശ്യപ്പെട്ടിട്ടുള്ളത്. ചില സ്ഥലങ്ങളിൽ ഇതിനേക്കാൾ കൂടിയ വീതി ജനങ്ങൾ നൽകിയിട്ടുണ്ട്. വിവിധ കുടുംബങ്ങൾ കൂടുതൽ സ്ഥലം വിട്ടു തന്നു കൊണ്ട് മാതൃക കാണിച്ചിട്ടുണ്ട്. ഈ ഭാഗങ്ങളിൽ മീനച്ചിലാറിന് തീരത്ത് സൈഡ് കെട്ടിയതിലൂടെ പ്രകൃതിരമണീയമായ റോഡാണ് ഇപ്പോൾ നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. കട്ടച്ചിറ ഭാഗത്ത് കൂടിയ വീതി ലഭിക്കുന്നതിന് വിവിധ കുടുംബങ്ങളോട് വീണ്ടും സഹകരണം അഭ്യർത്ഥിക്കാൻ സർവകക്ഷി യോഗം തീരുമാനിച്ചു. ആധുനിക നിലവാരത്തിലുള്ള ബി. എം. ആൻഡ് ബി. സി ടാറിങ് ജോലികളാണ് കിടങ്ങൂർ കട്ടച്ചിറ റോഡിൽ നടപ്പാക്കുന്നതെന്ന് എംഎൽഎ അറിയിച്ചു.


  കിടങ്ങൂർ പാലത്തിനും മണിമലമറ്റം ഭാഗത്തിനും സമീപത്ത് വെള്ളക്കെട്ട് പരിഹരിക്കാൻ ഒരു പുതിയ കലുങ്ക് നിർമ്മിക്കുന്നതാണ്. ഈ ഭാഗത്ത് റോഡ് സംരക്ഷണത്തിന് ആറ്റുതീരം കെട്ടാനുള്ളതിൽ അവശേഷിക്കുന്നത് ഉടനെ പൂർത്തിയാക്കാൻ എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ചെമ്പകശ്ശേരി കടവ് ഭാഗത്ത് ഇറിഗേഷൻ പമ്പ് ഹൗസിനോട് ചേർന്ന് റോഡ് വീതി കൂട്ടാൻ ആവശ്യമായ അനുമതി ഗ്രാമപഞ്ചായത്തിൽ നിന്ന് നൽകണമെന്ന് യോഗം നിർദ്ദേശിച്ചു. ഈ ഭാഗത്തുള്ള കലിങ്കിന്റെ അപകട സ്ഥിതി പ്രത്യേകമായി പരിശോധിക്കുമെന്നും ആവശ്യമായ പരിഹാര നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.



 കട്ടച്ചിറ- പള്ളിക്കടവ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ മുന്നോട്ടു പോകുന്നതായി യോഗം വിലയിരുത്തി. വെള്ളപ്പൊക്ക കെടുതിയിൽ നിന്ന് റോഡ് സംരക്ഷിക്കാൻ ഒരു അടി ഉയർത്തിയാണ് ആദ്യഘട്ട നിർമ്മാണം നടപ്പാക്കിയിട്ടുള്ളത്. തുടർന്ന് ഉന്നതനിലവാരത്തിലുള്ള ക്ലോസ്സ്ഡ് ഗ്രേഡഡ്  ടാറിംഗ് പ്രവർത്തിയാണ് ഈ റോഡിൽ നടപ്പാക്കുന്നതെന്ന് മോൻസ് ജോസഫ് എംഎൽഎ ചൂണ്ടിക്കാട്ടി.

 കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിൽ സംസ്ഥാനസർക്കാർ 2018 ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച മൂന്ന് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നതതെന്ന് എംഎൽഎ അറിയിച്ചു. ഒരുമാസത്തിനുശേഷം നിർമാണ പുരോഗതി വീണ്ടും വിലയിരുത്താൻ യോഗം തീരുമാനിച്ചിട്ടുണ്ട്.ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ, ബ്ലോക്ക്‌ മെമ്പർമാരായ ഡോ : മേഴ്‌സി ജോൺ മൂലക്കാട്ട്, അശോക് കുമാർ പൂതമന, ഗ്രാമപഞ്ചായത്ത് മെമ്പറുമാരായ രശ്മി രാജേഷ്, അഡ്വ.ഇ.എം ബിനു, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ തോമസ് മാളിയേക്കൽ, പൊതുമരാമത്ത് വകുപ്പ്  എഞ്ചീനീയർമാരായ സന്തോഷ് കുമാർ , അനു എം.ആർ ഓവർസീയർ അഭിലാഷ്, വിവിധ ജന നേതാക്കളായ രാജേഷ് തിരുമല, ബി.ശശിധരൻ ,കെ.വി ശ്രീകുമാർ, അലക്സാണ്ടർ ചെരുമണത്ത്, കണ്ണൻ തിരുമല, മണി മണിമലറ്റം , സാബു ഒഴുങ്ങാലിൽ, കുഞ്ഞുമോൻ ഒഴുകയിൽ , ടി.കെ നാണപ്പൻ, ദീപു തേക്കുംകാട്ടിൽ, സൈബിൻ സൈമൺ, രാജേഷ് മോനിപ്പള്ളി എന്നിവർ സംസാരിച്ചു



Post a Comment

0 Comments