രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ വീടിനു നേരെ കല്ലേറ്. വെള്ളിലാപ്പിളളിയിലെ വീട്ടില്‍ വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് കല്ലേറുണ്ടായത്. കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. റോഡിനോട് തൊട്ടുചേര്‍ന്നാണ് വീട്. ഇരുചക്രവാഹനത്തിലെത്തിയവര്‍ റോഡില്‍ വാഹനം നിര്‍ത്തി കല്ലെറിയുകയായിരുന്നു
വീടിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റിന്റെ ഫ്യൂസ് ഊരിമാറ്റിയ നിലയിലായിരുന്നു. ഇന്നലെ രാത്രി 12.15 ഓടെയായിരുന്നു ആക്രമണം. സംഭവസമയത്ത് ഷൈനിയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. ജനലിനടുത്ത് നില്‍ക്കുകയായിരുന്ന ഷൈനിയുടെ മകന്‍ മനു കല്ലെറിയുന്നത് കണ്ടിരുന്നു. സ്‌കൂട്ടറില്‍ മഴക്കോട്ട് ധരിച്ചെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയതെന്ന് മനും പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന രാമപുരം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഷൈനി സന്തോഷ് യുഡിഎഫ് വിട്ട് ഇടതു മുന്നണിയോടൊപ്പം ചേര്‍ന്നിരുന്നു. ഇടതുപിന്തുണയില്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. യുഡിഎഫ് വിട്ടതിന്റെ വിരോധം മൂലമാണ് ആക്രമണം എന്നാണ് സ്ഥലത്തെത്തിയ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പാലാ ഡിവൈ. എസ്.പി. ഗിരീഷ് പി.സാരഥി, രാമപുരം സി .ഐ. കെ. എന്‍. രാജേഷ്, എസ്.ഐ അരുണ്‍കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു .
0 Comments