Latest News
Loading...

വാർത്താ ചാനൽ സംഘത്തിന് നേരെ "തോക്ക്" ചൂണ്ടി

കോട്ടയം: കോട്ടയം നാട്ടകത്ത്  24 വാത്താ ചാനൽ സംഘത്തിന് നേരെ തോക്ക് ചൂണ്ടി  ഭീഷണിപ്പെടുത്തി. എം സി റോഡിൽ നാട്ടകത്ത് നിന്നും ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്നു ചാനൽ സംഘം. ഗതാഗതക്കുരുക്കിൽപ്പെട്ട് കിടന്ന ചാനൽ വാഹനത്തിനിടയിലേക്ക് ഇടവഴിയിൽ നിന്ന്  അ‌തിവേഗം കയറി വന്ന  അ‌ക്രമികളുടെ വാഹനം കൂടുതൽ ഗതാഗതക്കുരുക്കുണ്ടാക്കുകയും വാഹനം ഇടിക്കുന്ന സാഹചര്യവുമുണ്ടായി. 


ഇത് ചാനൽ പ്രവർത്തകർ ചോദ്യം ചെയ്തു. ഇതേത്തുടർന്ന് അ‌ക്രമിസംഘത്തിൽപ്പെട്ടയാൾ വാഹനത്തിൽ നിന്നും ചാടിയിറങ്ങി ചാനൽ പ്രവർത്തകർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. 

'പിസ്റ്റൾ ലൈറ്ററാണ്' അക്രമികൾ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ചതെന്ന് ചിങ്ങവനം എസ്എച്ച്ഒ ടി.ആർ ജിജു പറഞ്ഞു. ഓൺലൈൻ വിപണിയിൽ 250 രൂപ മുതൽ 1500 രൂപ വരെയുള്ള റേഞ്ചിൽ വാങ്ങാൻ കിട്ടുന്ന ഐറ്റം വച്ചായിരുന്നു മദ്യലഹരിയിലുള്ള യുവാക്കളുടെ തോക്കുചൂണ്ടൽ ഭീഷണി.


പൊലീസ് അന്വേഷണം നടക്കുന്നതിനിടെ മറിയപ്പള്ളി ക്ഷേത്രം ഭാഗത്ത് വച്ച് തങ്ങൾക്ക് നേരെ തോക്ക് ചൂണ്ടിയവരുടെ കാർ ചാനൽ ജീവനക്കാർ കണ്ടെത്തി. തുടർന്ന് സ്ഥലത്തെത്തിയ ചിങ്ങവനം പൊലീസ് വീട്ടിനുള്ളിൽ കയറി അക്രമി സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തപ്പോൾ ഇവരുടെ തലയിണക്കടിയിൽ നിന്നും തോക്കും പൊലീസ് സംഘം കണ്ടെത്തി. സിഗരറ്റിനും ഗ്യാസടുപ്പിലുമൊക്കെ തീ പകരാൻ ഉപയോഗിക്കുന്ന പിസ്റ്റല്‍ മാതൃകയിലുളള ലൈറ്റർ ഉപയോഗിച്ചായിരുന്നു ഇവരുടെ അക്രമം.

ഭീഷണിപ്പെടുത്തൽ, പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കൽ തുടങ്ങിയ കുറ്റത്തിന് ഇവരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ചെട്ടിക്കുന്ന് സ്വദേശി ജിതിന്‍ സുരേഷ് (31), കൊല്ലം സ്വദേശി അജേഷ് എസ്( 37) എന്നിവരെയാണ് ചിങ്ങവനം പൊലീസ് പിടികൂടിയത്. പ്രതി ജിതിന്‍ സ്വന്തം വീട് അടിച്ചു തകർത്ത കേസിലെ പ്രതിയാണ്. കൊല്ലം സ്വദേശിയായ അജേഷിനെതിരെ കേസുകൾ ഉണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്.



Post a Comment

0 Comments