Latest News
Loading...

വിദേശ പൗരന്റെ മൃതദേഹം കിടങ്ങൂര്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു

കോവിഡ് ബാധിച്ച് മരണമടഞ്ഞ വിദേശ പൗരന്റെ മൃതദേഹം കിടങ്ങൂര്‍ പഞ്ചായത്തിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച ഫ്രഞ്ച് സ്വദേശിയുടെ മൃതദേഹമാണ് ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി കിടങ്ങൂരിലെ ഗ്യാസ് ശ്മശാനത്തില്‍ സംസ്‌കരിച്ചത്. 

 വിനോദസഞ്ചാരിയായി കേരളത്തിലെത്തിയ  ഫ്രഞ്ച് പൗരനായ 77 വയസുകാരന്‍ മെഴ്സിയര്‍ ജീന്‍ പെരേര ന്യുമോണിയ ബാധയെ തുടര്‍ന്നാണ് എറണാകുളത്ത് ചികിത്സ തേടിയത്. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം കഴിഞ്ഞ നാലിന് മരിച്ചു. എംബസി അധികൃതരുമായി ബന്ധപ്പെട്ട ജില്ലാ ഭരണകൂടം ഫ്രാന്‍സിലുള്ള ബന്ധുക്കളുടെ അനുമതിയോടെ ശവസംസ്‌കാരം ഇവിടെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നെടുമ്പാശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കോട്ടയം തഹസില്‍ദാര്‍ മൃതദേഹം ഏറ്റുവാങ്ങി. 



കോട്ടയം, ഏറ്റുമാനൂര്‍ എന്നിവടങ്ങളിലുള്ള വാതക ശ്മശാനങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ കിടങ്ങൂര്‍ പഞ്ചായത്തിന്റെ ശ്മശാനത്തിലെത്തിച്ചു. മൃതദേഹത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു റീത്ത് സമര്‍പ്പിച്ചു. തുടര്‍ന്ന്  ശവസംസ്‌ക്കാരം നടത്തി. കോട്ടയം തഹസില്‍ദാര്‍ അനില്‍കുമാര്‍, കിടങ്ങൂര്‍ പോലീസ് എസ്. എച്ച്. ഒ ബിജു, പഞ്ചായത്ത് സെക്രട്ടറി രാജീവ്, ലീഗല്‍ സര്‍വ്വീസ് അതോറിറ്റി പ്രതിനിധി ഷൈജു കെ. എ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിബുമോന്‍, കിടങ്ങൂര്‍ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സനില്‍കുമാര്‍ പി. റ്റി, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments