Latest News
Loading...

കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം

 നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വനിതാ കായികതാരത്തെ അപമാനിച്ച സംഭവം   ചര്‍ച്ച ചെയ്യാന്‍   അനുവദിക്കാതെ യോഗ നടപടികള്‍ അവസാനിപ്പിച്ചു ചെയറില്‍ നിന്ന് ഇറങ്ങിയ ചെയര്‍മാന്റെ ധിക്കാരപരമായ നിലപാടില്‍ പ്രതിഷേധിച്ച് നഗരസഭാ യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു.  നഗരസഭാ കൗണ്‍സിലിലെ മൂന്നിലൊന്ന്  അംഗങ്ങള്‍  ചര്‍ച്ച ചെയ്യണമെന്ന് രേഖാമൂലം  ആവശ്യപ്പെട്ടിട്ടും അജണ്ടയിലെ അവസാന വിഷയമായി മാത്രമാണ് പരിഗണിച്ചത്. 

വിഷയം പരിഗണിച്ചപ്പോള്‍ സംസാരിക്കാന്‍ എഴുന്നേറ്റ  പ്രതിപക്ഷ നിരയിലെ ജിമ്മി ജോസഫിന്  അതിന് അവസരം നല്‍കാതെ ചെയര്‍മാന്‍  ചെയറില്‍ നിന്ന് ഇറങ്ങുകയായിരുന്നു.  ഇതേതുടര്‍ന്ന്  ചെയര്‍മാനും പ്രതിപക്ഷ അംഗങ്ങളായ ജിമ്മി ജോസഫും,  പ്രിന്‍സ് വി.സി.യും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. 

കായിക താരത്തെ അവഹേളിച്ച സ്വന്തം പാര്‍ട്ടിക്കാരനായ മുന്‍ സ്റ്റേഡിയം മാനേജ്‌മെന്റ്  കമ്മിറ്റി അംഗത്തെ  സംരക്ഷിക്കാനാണ് നഗരസഭാ ഭരണകൂടം ശ്രമിക്കുന്നത് എന്നും,  രണ്ട് കായിക താരങ്ങള്‍ തമ്മിലുള്ള പ്രശ്‌നം ആയിട്ടാണ് ചെയര്‍മാന്‍ വിഷയത്തെ ചിത്രീകരിച്ചതെന്നും  പ്രതിപക്ഷം ആരോപിച്ചു.  ആദ്യ കൗണ്‍സില്‍ യോഗത്തിനു ശേഷം തെരുവുനായ വിഷയം ചര്‍ച്ച ചെയ്യാനായി സ്‌പെഷ്യല്‍ കൗണ്‍സില്‍ ചേര്‍ന്നപ്പോഴും പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നു. 


 രാജ്യം ആദരിക്കുന്ന ഒരു വനിതാ കായികതാരത്തെ അവഹേളിച്ച വിഷയത്തില്‍നിന്ന് ചെയര്‍മാന്‍ ഒളിച്ചോടുകയാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രതിപക്ഷനേതാവ് പ്രൊഫ. സതീശ് ചൊള്ളാനി  പ്രസ്താവന നടത്തിയതിനു പിന്നാലെ പ്രതിപക്ഷാംഗങ്ങള്‍ ഒറ്റക്കെട്ടായി കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു വാക്ക് ഔട്ട് നടത്തുകയായിരുന്നു.





Post a Comment

0 Comments