അൻപതാമത് ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികൾ പരിസ്ഥിതി ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഇതിൻറെ ഭാഗമായി മീനച്ചിലാറിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുകയും മണ്ണിടിയുന്ന തീരങ്ങളിൽ തീരം സംരക്ഷിക്കുന്നതിനായി മുള തൈകൾ വെച്ച് പിടിപ്പിക്കുകയും ചെയ്തു.
1972 -ൽ സ്റ്റോക്ക്‌ഹോമിൽ നടന്ന 'ഹ്യുമൻ എൻവയോൺമെന്റ്' സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ പ്രഥമ സമ്മേളനത്തിന്റെ മുദ്രാവാക്യം 'ഒരേ ഒരു ഭൂമി' എന്നതായിരുന്നു. ഇത് സുസ്ഥിര വികസനത്തെ ആഗോള അജണ്ടയിൽ ഉൾപ്പെടുത്തുകയും ലോക പരിസ്ഥിതി ദിനം സ്ഥാപിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. അങ്ങനെ 50 വർഷമായിരിക്കുന്നു ലോകം പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങിയിട്ട്.
2022 -ലെ പരിസ്ഥിതി ദിന സന്ദേശമായ ‘ഒൺലി വൺ എർത്ത്’ അഥവാ ‘ഒരേയൊരു ഭൂമി’ എന്നതിൽ അധിഷ്ഠിതമായി നമ്മുടെ ഭൂമിയെ ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ഉള്ള ബോദ്ധ്യങ്ങൾ പകർന്നുകൊടുക്കുന്നതിന് സ്കൂളിലെ കുട്ടികൾ പരിസ്ഥിതി ക്ലബ്ലിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കും.
കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾകൊണ്ടുകൊണ്ട് സമൂഹം പരിസ്ഥിതിയിലേക്ക് മടങ്ങണമെന്നു കുട്ടികൾ സമൂഹത്തെ ബോദ്ധ്യപ്പെടുത്തും.
നിരന്തരമായിട്ടുണ്ടാകുന്ന കാലാവസ്ഥയാ വ്യതിയാനവും പരിസ്ഥിതി മലിനീകരണവും ജൈവൈവിധ്യങ്ങളുടെ നാശവുമെല്ലാം ഭൂമിയെ വെന്റിലേറ്ററിൽ ആകപ്പെട്ട അവസ്ഥയിൽ ആക്കിയിരിക്കുന്നുവെന്നും ഇതിൽനിന്നും ഭൂമിയെ രക്ഷിക്കാൻ പരിസ്ഥിതിയിലേക്ക് മടങ്ങി പോകുന്നതിനുള്ള പദ്ധതികൾ അത്യന്താപേക്ഷിതമാണെന്നും പരിസ്ഥിതി പ്രവർത്തകരായ കുട്ടികൾ അഭിപ്രായപ്പെട്ടു.
സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി ഭൂമിയിലേക്കുള്ള തിരിച്ചുപോക്കിനായി പരിസ്ഥിതി ഫെസ്റ്റുമായി മുന്നിട്ടിറങ്ങുന്ന കുട്ടികളെ അഭിനന്ദിച്ചു. ആവാസ വ്യവസ്ഥയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനുമുള്ള വിവിധ പദ്ധതികളെക്കുറിച്ച് നേച്ചർ ക്ലബ് കുട്ടികൾ മാതാപിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണം നടത്തും. വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും സംരക്ഷണത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുമെന്ന് ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് പറഞ്ഞു. പരിപാടികൾക്ക് നേച്ചർ ക്ലബ് കോഡിനേറ്റർ സോയ തോമസ്, അലൻ അലോഷ്യസ് മാനുവൽ, ജൂലിയ അഗസ്റ്റിൻ, മനു കെ ജോസ് , ബൈബി ദീപു എന്നിവർ നേതൃത്വം നല്‌കി.
0 Comments