Latest News
Loading...

കളഞ്ഞുകിട്ടിയ മാല തിരികെ നല്‍കി -യുവതികള്‍ മാതൃകയായി

രാമപുരം: റോഡില്‍ കളഞ്ഞുകിട്ടിയ രണ്ടരപന്റെ സ്വര്‍ണ്ണമാല തിരികെ നല്‍കി  യുവതികള്‍ നാടിന് മാതൃകയായി. പിഴക് ബഗ്ലാംകുന്ന് ഭാഗത്ത് താമസിക്കുന്ന മൈലാടുംപാറയില്‍ സോണിയ ഷൈജു, കുതിരക്കുളം സുനിത ഷിനോയി, വല്യാനിക്കല്‍ മജ്ഞു ജെയിംസ് എന്നിവരാണ് മാതൃകയായത്. മാനത്തൂര്‍ സ്‌കൂളില്‍ പി.റ്റി.എ.യുടെ യോഗം കഴിഞ്ഞ് തിരികെ വീട്ടിലേയ്ക്ക് പോകുന്ന വഴിയ്ക്ക് മാനത്തൂര്‍ പള്ളിക്ക് സമീപത്ത് വച്ച് ചൊവ്വാഴ്ച്ച വൈകിട്ട് 4 മണിക്കാണ് മാല കിട്ടിയത്. 

കിട്ടിയ ഉടന്‍ തന്നെ രാമപുരം ഗ്രാമപഞ്ചായത്ത് മരങ്ങാട് വാര്‍ഡ് മെമ്പര്‍ റോബി ഊടുപുഴയെ വിളിച്ച് വിവരം അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാമപുരം പോലീസ് സ്‌റ്റേഷനില്‍ മാല എത്തിച്ച് നല്‍കുകയായിരുന്നു. തൊടുപുഴ മാടമ്പനശ്രീ രജ്ഞന്‍ ജി. ഗൗതത്തിന്റെ ഭാര്യ അശ്വതിയുടെതാണ് മാല. ചൊവ്വാഴ്ച്ച 2.30 ന് പാലായിലെ ബന്ധുവീട്ടിലേയ്ക്ക് പോകുന്ന വഴി മാനത്തൂര്‍ പള്ളിക്ക് സമീപം കാര്‍ നിര്‍ത്തി ഇറങ്ങിയപ്പോഴാണ് മാല നഷ്ടപ്പെട്ടത്. 


മാനത്തൂരില്‍ കാര്‍ നിര്‍ത്തിയ സ്ഥലത്ത് തിരികെയെത്തി തൊട്ടടുത്ത് കട നടത്തുന്നയാളോട് അന്വേഷിക്കുന്നത് കണ്ടപ്പോള്‍ സമീപത്തുണ്ടായിരുന്ന മാല കളഞ്ഞുകിട്ടിയ യുവതികളില്‍ ഒരാളുടെ പിതാവ് അവിടെയെത്തി രാമപുരം പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് പറയുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാര്‍ പി.എസിന്റെ നേതൃത്വത്തില്‍ യുവതികളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അവരുടെ സാന്നിദ്ധ്യത്തില്‍ മാല ഗൗതത്തിന് തിരികെ നല്‍കി.




Post a Comment

0 Comments