Latest News
Loading...

അനീഷിനു വേണ്ടി പൂഞ്ഞാർ ഗ്രാമം കൈകോർക്കുന്നു.

പൂഞ്ഞാർ:    ഇരുവൃക്കകളും തകരാറിലായി ജീവൻ നിലനിർത്താൻ പോരാടുന്ന 
അനീഷ്‌കുമാർ ചെങ്ങനാട്ട് എന്ന 34 വയസ്സുള്ള അവിവാഹിതനായ യുവാവിനായി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും കരുതലിന്റെ കാവലാളുകളാകുന്നു.  2018-ൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ രൂപീകൃതമായ ജീവൻ രക്ഷാസമിതിയുടെ നേതൃത്വത്തിലാണ് ''കാരുണ്യ സ്പർശം - പൊതുധനസമാഹരണം'' എന്ന പേരിൽ വീണ്ടും ഒരു ഗ്രാമം മുഴുവൻ ഒന്നിക്കുന്നത്.


തന്റെ വൃദ്ധരായ മാതാപിതാക്കളുടെ ഏക ആശ്രയമായ അനീഷ് പാതാമ്പുഴയിലെ ഓട്ടോറിക്ഷാ ഡ്രൈവറായ മാന്യനായ ചെറുപ്പക്കാരനാണ്. ആകസ്മികമായി ഇരുവൃക്കകളും തകരാറിലായി ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസിനു വിധേയനാകേണ്ട പരിതാപകരമായ അവസ്ഥയിലാണ് അനീഷ് കുമാർ. 

വൃക്ക മാറ്റിവയ്ക്കൽ അല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലാതെ ജീവിതത്തിനും മരണത്തിനുമിടയിലൂടെ സഞ്ചരിക്കുന്ന അനീഷ് കുമാറിന് വൃക്ക ദാനം ചെയ്യുന്നത് അനീഷിന്റെ 70 വയസ് കഴിഞ്ഞ പിതാവ് രാജപ്പൻ നായരാണ്.
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലാണ് ഓപ്പറേഷൻ. വൃക്ക ദാതാവിന് പ്രായം 70 കഴിഞ്ഞതിനാൽ ഗവൺമെന്റ് മെഡിക്കൽകോളേജുകളിൽ ശസ്ത്രക്രിയ ചെയ്യില്ലാത്തതിനാലാണ് സ്വകാര്യ മെഡിക്കൽ കോളേജിനെ ആശ്രയിക്കാൻ നിർബന്ധിതമായത്.  


ശസ്ത്രക്രിയയ്ക്കും, മരുന്നുകൾക്കും 3 മാസത്തെ ആശുപത്രി വാസത്തിനും തുടർചികിത്സയ്ക്കുമായി 15 ലക്ഷം രൂപ വേണ്ടിവരും. ചികിത്സയ്ക്കും പരിശോധനകൾക്കുമായി ഇതിനോടകം 4 ലക്ഷത്തോളം രൂപ ചെലവായിക്കഴിഞ്ഞു.  
കാരുണ്യം വറ്റാത്ത, കനിവിന്റെ ഉടമകളായ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് നിവാസികൾ അനീഷിനെ നെഞ്ചിലേറ്റുകയാണ്.

 അനീഷിന്റെ ചികിത്സാർത്ഥം ഒറ്റ ദിവസം 5 മണിക്കൂർകൊണ്ട് 15 ലക്ഷം രൂപ സമാഹരിക്കുക എന്ന വലിയ ലക്ഷ്യം വെച്ചുകൊണ്ട് 2022 ജൂൺ 5-ാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ 2 മണി വരെ പൂഞ്ഞാർ തെക്കേക്കര ജീവൻ രക്ഷാസമിതിയുടെ വാർഡുതല പ്രവർത്തകർ വീടുകളിൽ എത്തുമ്പോൾ സാധാരണ കുടുംബം 500 രൂപയും സാമ്പത്തികമായി മികച്ച നിലയിലുള്ളവർ അകമഴിഞ്ഞ സംഭാവനയും നൽകി മനുഷ്യസ്‌നേഹത്തിന്റെ ഈ മഹായജ്ഞത്തിൽ പങ്കാളികളാകും എന്ന് അനീഷിന്റെ നിർധനകുടുംബം ശുഭപ്രതീക്ഷയോടെ കാത്തിരിക്കുന്നു.
ബൈജു ജേക്കബ്
ജനറൽ കൺവീനർ
ജീവൻ രക്ഷാസമിതി
94696495071, 9847677071

Post a Comment

0 Comments