Latest News
Loading...

ചെളിയില്‍ കുഴഞ്ഞ് തൃക്കയില്‍ റോഡ്. പൊറുതിമുട്ടി നാട്ടുകാര്‍

വെള്ളക്കെട്ടിന് പരിഹാരം പ്രതീക്ഷിച്ച ജനങ്ങള്‍ക്ക് കിട്ടിയത് മുട്ടൊപ്പം ചെളി. പാലാ നഗരസഭയിലെ തൃക്കയില്‍കടവ് റോഡിനാണ് ഈ ദുര്‍ഗതി. മഴ കൂടി തുടങ്ങിയതോടെ വാഹനത്തിലല്ലാതെ പ്രധാന റോഡിലെത്താനാവില്ല എന്നാണ് അവസ്ഥ. എന്നാല്‍ ഈ ചെളിയിലൂടെ വാഹനമോടിക്കുന്നതും അസാധ്യമായി. മറ്റ് പുരിയിടങ്ങളിലൂടെ കയറി തടിപ്പാലം കടന്നാണ് ഇപ്പോള്‍ ജനങ്ങളുടെ സഞ്ചാരം. 

മഴ പെയ്താലും വെള്ളപ്പൊക്കം ഉണ്ടായാലും, ചെത്തിമറ്റം തൃക്കയില്‍ കടവ് റോഡിലൂടെയുള്ള യാത്ര കഠിനമായിരുന്നു. തദ്ദേശവാസികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനും പരാതിക്കും പരിഹാരമായി മാണി സി. കാപ്പന്‍ തന്റെ എം. എല്‍. എ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ റോഡ് മണ്ണിട്ട് പൊക്കി ടാര്‍ ചെയ്യുന്നതിനായി അനുവദിച്ചിരുന്നു. 


2019 2020-ല്‍ എം.എല്‍. എ ശുപാര്‍ശ ചെയ്ത ഫണ്ട് 2021-ല്‍ ആണ് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കിയത്. എന്നാല്‍ പണികള്‍ വീണ്ടും വൈകിയതോടെ നാട്ടുകാര്‍ പ്രക്ഷോഭത്തിന്റെ മാര്‍ഗ്ഗം തേടുമെന്ന അവസ്ഥ വന്നപ്പോള്‍ റോഡ് നിര്‍മ്മാണത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ച് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് പണി ആരംഭിച്ചു. റോഡില്‍ മണ്ണിട്ട് ഉയര്‍ത്തിയ ഘട്ടത്തില്‍  മുനിസിപ്പാലിറ്റിയില്‍ പരാതി ലഭിച്ചു എന്നു പറഞ്ഞു പാലാ മുനിസിപ്പാലിറ്റിയില്‍ നിന്നും പണികള്‍ നിറുത്തി വയ്പിച്ചുവെന്നാണ് പ്രദേശവാസികളുടെ ആരോപണം.

ഒരാഴ്ചയോളം പണി തടസ്സപ്പെട്ടു. പിന്നീട് മഴ പെയ്ത് കാല്‍നട യാത്ര പോലും അസാധ്യമായി. റോഡ് ചെളിക്കുഴി ആയിമാറി. ദിവസേന നൂറു കണക്കിനു യാത്രക്കാര്‍ ഉപയോഗി ക്കുന്ന റോഡ് മഴ പെയ്തു ഉപയോഗശൂന്യമായതോടെ സ്വകാര്യവ്യക്തികളുടെ പുരയിടത്തിലൂടെ സഞ്ചരിച്ച് മൂന്നാനി തോടിനു കുറുകെ ഒരടി മാത്രം വീതിയുള്ള ഒരു താല്ക്കാലിക പാലത്തിലൂടെ മൂന്നാനിയിലെത്തിയാണ് ഈ നാട്ടുകാര്‍ പുറം ലോകത്തെത്തുന്നത്. പിഞ്ചു കുട്ടികള്‍ മുതല്‍ വളരെ പ്രായമായവര്‍ വരെ ഈ പാലത്തിലൂടെയാണ് സഞ്ചാരം. ഇതിനിടയില്‍ ഒരു സ്വകാര്യ വ്യക്തി ഈ റോഡിന്റെ കുറെ ഭാഗം കൈയ്യേറിയത് അധികൃതര്‍ കണ്ട ഭാവം പോലും നടിക്കുന്നില്ലെന്നും ആരോപണമുണ്ട്. 


പാല മുന്നിസിപ്പാലിറ്റിയിലെ ചില ഉദ്യോഗസ്ഥരും ചില സ്ഥാപിത താല്പര്യക്കാരും നടത്തിയ ഗൂഢാലോചനയിലാണ് ഈ റോഡ് പണി തടസ്സപ്പെടുത്തിയതെന്നും ഇനിയും തുര്‍ന്നാല്‍ മുനിസിപ്പല്‍ ആഫീസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ ആരംഭിക്കുമെന്നുമുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍. അതേസമയം, നഗരസഭയില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് പണികള്‍ വൈകിയതാണ് പ്രശ്‌നകാരണമായതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു മനു പറഞ്ഞു. ചെളിനിറഞ്ഞ ഭാഗത്ത് പാറമക്ക് ഉപയോഗിച്ച് കാല്‍നടയാത്ര സാധ്യമാകുംവിധം ചെളിഒഴിവാക്കാന്‍ നിര്‍ദേശം നല്കിയിരുന്നു. പരാതി ലഭിച്ചതോടെ പണികള്‍ നടത്താമായിരുന്ന 2 ആഴ്ച നഷ്ടമായി. വിഷയം സംബന്ധിച്ച് തിങ്കളാഴ്ച 11ന് അടിയന്തിരമായി ചര്‍ച്ച നടത്തി പരിഹാരം കാണുമെന്നും ബിന്ദു വ്യക്തമാക്കി.


Post a Comment

0 Comments