Latest News
Loading...

വേദനകളുടെ ലോകത്തുനിന്നും പ്രശാന്ത് യാത്രയായി

വാഹനാപകടത്തെ തുടര്‍ന്ന് ഏഴ് വര്‍ഷത്തോളമായി ചികിത്സയിലായിരുന്ന കുന്നോന്നി കടലാടിമറ്റം കടവുപുഴയില്‍ പ്രശാന്ത് കെപി (40) നിര്യാതനായി.  കാരിത്താസ് ആശുപത്രിയിലെ ചികിത്സകള്‍ക്കിടെയാണ് അപ്രതീക്ഷിതമായി ഇന്നലെ അന്ത്യം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് കിടപ്പിലായ പ്രശാന്തിന്റെ ജീവിതം മരുന്നുകളുടെയും ട്യൂബുകളുടെയും സഹായത്തോടെയായിരുന്നു. 

2015 മാര്‍ച്ചിലാണ് പ്രശാന്തിന്റെ ജീവിതം തകര്‍ത്ത അപകടമുണ്ടായത്. മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്തു വന്ന പ്രശാന്തിന്റെ ബൈക്ക് രാത്രിയില്‍ മലപ്പുറം കുറ്റിപ്പുറത്ത് വെച്ച്  ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പെരിന്തല്‍മണ്ണ ആശുപത്രിയില്‍ പത്തോളം ശസ്ത്രക്രിയകള്‍ ആണ് പൂര്‍ത്തിയാക്കിയത് . തലയ്ക്കു ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് കോമ അവസ്ഥയിലേക്ക് മാറിയിരുന്നു. പിന്നീട് വീട്ടിലേക്ക് കൊണ്ടുവന്ന പ്രശാന്തിന്റെ തുടര്‍ ചികിത്സകള്‍ കാരിത്താസ് ആശുപത്രിയില്‍ ആയിരുന്നു.


പ്രശാന്തിനെ വാക്കുകള്‍ സംസാരിക്കുന്ന അവസ്ഥയിലേക്ക് തിരികെ എത്തിച്ചത് മൂത്തസഹോദരന്‍ ബാബുവിന്റെ പ്രയത്‌നങ്ങള്‍ ആയിരുന്നു. പൂഞ്ഞാറില്‍ ജീപ്പ് ഡ്രൈവര്‍ ആയിരുന്ന ബാബു ജോലി ഉപേക്ഷിച്ച് സഹോദരനായി ജീവിതം ഉഴിഞ്ഞുവെച്ചു. 


തീര്‍ത്തും കിടപ്പിലായിരുന്ന സഹോദരന്റെ ദൈനംദിന കാര്യങ്ങള്‍ പൂര്‍ണമായും നോക്കിയിരുന്നത് ബാബു ആയിരുന്നു. ഒരു കുഞ്ഞിനെയെന്നവണ്ണം ബാബു പ്രശാന്തിനെ പരിചരിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഫിസിയോതെറാപ്പിയും ബാബു തന്നെ ചെയ്തു. പ്രാരബ്ധങ്ങള്‍നിറഞ്ഞ വീട്ടില്‍ പ്രശാന്തിനായി പ്രത്യേകം മുറി നിര്‍മ്മിച്ചതും ബാബുവാണ്. 


കൃത്യമായ ഇടവേളകളിലെ ചികിത്സ പ്രശാന്തിന്റെ ജീവിതത്തില്‍  മാറ്റങ്ങള്‍ വരുത്തിയെങ്കിലും കൈകാലുകള്‍ ചലിപ്പിക്കാന്‍ പോലും പ്രശാന്തിന് സാധിച്ചിരുന്നില്ല. ട്യൂബിലൂടെയാണ് ഭക്ഷണം നല്കിയിരുന്നത്. കഴിഞ്ഞയിടെ കോവിഡ് പിടിപെട്ടത് അവസ്ഥ ഗുരുതരമാക്കി. ശ്വാസംമുട്ടലും കഫക്കെട്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കാരിത്താസില്‍ വച്ച് ശ്വസനത്തിനായി ട്യൂബ് ഘടിപ്പിച്ചശേഷം മുറിയിലേയ്ക്ക് മാറ്റിയിരുന്നു. എന്നാല്‍ രാത്രിയോടെ പ്രശാന്തിന്റെ അന്ത്യം സംഭവിക്കുകയായിരുന്നു. 

പിതാവ് പ്രഭാകരന്‍  കോവിഡ് ബാധിച്ച് അടുത്തിടെയാണ് മരിച്ചത്. മാതാവ് ലീല പ്രവിത്താനം ഓടനാട്ട് കുടുംബാംഗമാണ്. മിനി സഹോദരിയാണ്. മറ്റൊരു സഹോദരന്‍ പ്രകാശ് നേരത്തെ മരണപ്പെട്ടിരുന്നു. വിവാഹം പോലും വേണ്ടെന്ന് വച്ച് സഹോദരനായി ജീവിതം ഉഴിഞ്ഞുവെച്ച ബാബുവിന് പ്രശാന്തിന്റെ മരണം ഹൃദയഭേദകമായി. പ്രശാന്തിന്റെ സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പില്‍ നടക്കും.

Post a Comment

0 Comments