Latest News
Loading...

'ട്രാഫിക് കമ്മറ്റി തീരുമാനം നടപ്പാക്കും. പ്രതിപക്ഷത്തിന്റേത് നാടകം'

ഈരാറ്റുപേട്ട ടൗണില്‍ മുന്‍പ് തീരുമാനിച്ച ട്രാഫിക് കമ്മറ്റി പരിഷ്‌കാരം നടപ്പാക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുല്‍ഖാദര്‍. സെന്‍ട്രല്‍ ജംഗ്ഷനിലെ വഴിയോര വ്യാപാരം നീക്കാനുള്ള ശ്രമവവുമായി മുന്നോട്ട് പോകുമെന്നും അവര്‍ പറഞ്ഞു. രാവിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ വാക്കേറ്റവും ബഹളവും ഉണ്ടായിരുന്നു.  

ഒഴിപ്പിക്കല്‍ ശ്രമവുമായി എത്തിയപ്പോഴാണ് പ്രതിഷേധവുമായി വ്യാപാരികളും ഇടത് കൗണ്‍സിലര്‍മാരും യൂണിയനുകളും എത്തിയത്. നഗര ഉപജീവനമിഷന്‍ കാര്‍ഡുള്ള തങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെയായിരുന്നു കച്ചവടക്കാരുടെ പ്രതിഷേധം. ഇതിന് പിന്തുണയുമായി പ്രതിപക്ഷനേതാവ് അനസ് പാറയിലടക്കം കൗണ്‍സിലര്‍മാരും എത്തിയിരുന്നു. ബഹളം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചെയര്‍പേഴ്‌സണടക്കം പിന്‍വാങ്ങുകയായിരുന്നു. 

അതേസമയം, രാവിലെയുണ്ടായ എതിര്‍പ്പുകള്‍ വെറും നാടകമാണെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ട്രാഫിക് കമ്മറ്റിയില്‍ എടുത്ത തീരുമാനമാണ് നടപ്പാക്കുന്നത്. അതില്‍ ഒപ്പിട്ട അനസും സി.കെ സലിമും അടക്കമുള്ളവര്‍ ആളുകളെ കബളിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനുള്ള നീക്കമെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. 



നഗരത്തിലെ തിരക്ക് പരിഗണിച്ച് വഴിയോര കച്ചവടത്തെ മാറ്റാനും വണ്‍വേ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും ജനുവരി 20ന് ചേര്‍ന്ന കമ്മറ്റി തീരുമാനിച്ചിരുന്നു. കച്ചവടക്കാരോട് ഇവിടെ നിന്നും ഒഴിയണമെന്ന് 3 മാസം മുന്‍പ് നോട്ടീസ് നല്‍കിയിരുന്നതായും ചൊവ്വാഴ്ച വൈകിട്ടും നിര്‍ദേശം നല്കിയിരുന്നതായും നഗരസഭ വ്യക്തമാക്കി. 62 പേര്‍ക്ക് നഗരസഭ ഐഡി കാര്‍ഡ് നല്കിയിട്ടുണ്ടെങ്കിലും അവര്‍ എവിടെ ഇരിക്കണമെന്ന് നഗരസഭയാണ് തീരുമാനിക്കുന്നതെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. 

Post a Comment

0 Comments