Latest News
Loading...

നാട്ടുപച്ച യൂണിറ്റുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക്.

മര്യാദകളുടെ ടൂറിസം എന്ന മുദ്രാവാക്യവുമായി ഭൂമിക ഏകോപിപ്പിക്കുന്ന പൂഞ്ഞാർ ടൂറിസം പേർസ്പെക്ടീവിലെ നാട്ടുപച്ച നേറ്റീവ് വിൻഡോകൾ ശ്രദ്ധേയമാകുന്നു. തദ്ദേശീയരായ വനിതകളുടെ നേതൃത്വത്തിലാണ് നാടൻ ഭക്ഷണവും വിവധ ഗ്രൂപ്പുകളുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും സേവനങ്ങളും നാട്ടുപച്ചകളിൽ ലഭ്യമാക്കുന്നത്. അരുവിക്കച്ചാൽ വെള്ളച്ചാട്ടം ടൂറിസം പ്രദേശത്തായിരുന്നു ആദ്യയൂണിറ്റ് ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സന്ദർശകരുടെ അഭിനന്ദനങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ച് മലയിഞ്ചിപ്പാറയിൽ വഴിയോരത്ത് നാട്ടുപച്ചയുടെ പുതിയ യൂണിറ്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉത്ഘാടനം ചെയ്തു. 


പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ഇൻഫാം ദേശീയ ഡയറക്ടർ ഫാ.ജോസഫ് ചെറുകരക്കുന്നേൽ, ബ്ലോക്ക് പഞ്ചായത്തംഗം അക്ഷയ് ഹരി, വൈസ് പ്രസിഡന്റ് റെജി ഷാജി, പഞ്ചായത്തംഗങ്ങളായ മിനിമോൾ ബിജു, പി.ജി. ജനാർദ്ദനൻ, ഭൂമിക പ്രസിഡന്റ് കെ.ഇ. ക്ലമന്റ്, സെക്രട്ടറി എബി ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു. ഭൂമികയുടെ പിന്തുണയോടെ രൂപീകൃതമായിട്ടുള്ള വിവിധ നേറ്റീവ് വിമൻസ് കളക്ടീവുകളുടെയും നേറ്റീവ് ഫാർമേഴ്സ് കളക്ടീവുകളുടെയും ഉൽപ്പന്നങ്ങളും വിൽപ്പനയ്ക്കും പ്രദർശനത്തിനും വച്ചിരിക്കുന്ന നേറ്റീവ് വിൻഡോയും സ്റ്റാളിൽ തയ്യാറാക്കുന്ന രുചികരമായ ചൂട് വിഭവങ്ങളുമാണ് പൂഞ്ഞാർ - മുണ്ടക്കയം റോഡിൽ യാത്രചെയ്യുന്നവരുടെയും പ്രദേശവാസികളുടെയും ആകർഷണം. 


കർഷകരുടെ ഇടം എന്ന പ്രത്യേക ഭാഗത്ത് കാർഷിക ഉൽപ്പന്നങ്ങൾ കർഷകർ നേരിട്ട് വിൽപ്പനയ്ക്ക് വയ്ക്കുന്നു. ഭൂമികയുടെ ശ്രദ്ധേയമായ വിത്ത് കുട്ടയുടെ ഒരു സ്ഥിരം സംവിധാനവും മലയിഞ്ചിപ്പാറ നാട്ടുപച്ചയോട് ചേർന്ന് ആരംഭിച്ചിട്ടുണ്ട്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കൂടുതൽ നാട്ടുപച്ചകൾ സ്ഥാപിച്ച് പ്രാദേശിക സംരംഭകർക്ക് വരുമാനവർദ്ധനവും സഞ്ചാരികൾക്കും പ്രദേശവാസികൾക്കും മെച്ചപ്പെട്ട സേവനവും ലഭ്യമാക്കാനാണ് ഭൂമിക ലക്ഷ്യം വയ്ക്കുന്നത്. പൂഞ്ഞാര്‍ കൈപ്പള്ളിയിലും, കുന്നോന്നിയിലും വൈകാതെ യൂണിറ്റുകള്‍ ആരംഭിക്കും.


Post a Comment

0 Comments