Latest News
Loading...

അധ്യയന വര്‍ഷാരംഭ പ്രത്യേക വായ്പാ പദ്ധതികളുമായി ഈസ്റ്റ് ബാങ്ക്

അധ്യയന വര്‍ഷാരംഭത്തില്‍ കുട്ടികളുടെ പഠനസൗകര്യങ്ങള്‍ യഥാസമയം ഒരുക്കുവാന്‍  മാതാപിതാക്കള്‍ക്ക് സഹായഹസ്തമായി രണ്ട്  പുതിയ വായ്പാ പദ്ധതികളുമായി മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ സഹകരണ ബാങ്ക്. വിദ്യാര്‍ത്ഥിമിത്ര  സ്വര്‍ണപ്പണയ വായ്പാ പദ്ധതിപ്രകാരം  3 മാസക്കാലാവധിയില്‍ 50000/- രൂപാ വരെ 1 % പലിശ നിരക്കില്‍ നല്‍കും. ആര്‍. ബി. ഐ . ചട്ടമനുസരിച്ച എല്ലാ വായ്പകള്‍ക്കും പലിശ വാങ്ങിയേ പറ്റുകയുള്ളൂ എന്ന സാഹചര്യത്തിലാണ്  കേവലം  1 % പലിശ മാത്രം ഈടാക്കുവാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.   

ആര്‍. ബി. ഐ .യോ  സര്‍ക്കാരുകളോ നിര്‍ദ്ദേശിക്കാതെ ഒരു ബാങ്ക് ഭരണസമിതി സ്വമനസ്സാലെ  ഇത്ര സുധീരവും സാമൂഹികപ്രതിബദ്ധതയും ഒത്തിണങ്ങിയ കാലോചിതമായ ഒരു തീരുമാനം കൈക്കൊള്ളുന്നത് ബാങ്കിങ് മേഖലയുടെ ചരിത്രത്തില്‍ ഒരു പക്ഷെ ഇതാദ്യ സംഭവമായിരിക്കുമെന്ന് ചെയര്‍മാന്‍ കെ,എഫ് കുര്യന്‍ പറഞ്ഞു. 

സ്വര്‍ണ്ണാഭരണങ്ങള്‍ ഈടായി നല്‍കുവാന്‍ സാധിക്കാത്തവര്‍ക്കായി വിദ്യാനിധി പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.  സ്ത്രീ ശാക്തീകരണത്തിലൂടെ  ഏറെ വികസന ചരിതങ്ങള്‍ വിരചിച്ച കുടുംബശ്രീയുടെ  ജൂബിലി ദിനമായ ഇന്ന് പ്രഖ്യാപിക്കുന്ന വിദ്യാനിധി  പദ്ധതി നടപ്പിലാക്കുന്നത് കുടുംബശ്രീ    യൂണിറ്റുകള്‍ മുഖേനയാണ്.  കുടുംബശ്രീയിലെ അംഗങ്ങളുടെ എണ്ണം കണക്കിലെടുത്തു ഒരംഗത്തിന് 10000/- രൂപാ എന്ന തോതില്‍  2 ലക്ഷം  രൂപാ വരെ 12 മാസക്കാലാവധിയില്‍ ഈ പദ്ധതിപ്രകാരം  യാതൊരു ഈടും കൂടാതെ ലഭ്യമാക്കും.

 പണത്തിന്റെ അപര്യാപ്തത മൂലം ഒരു കുട്ടിയുടെ പഠനത്തിനുപോലും തടസ്സം വരരുതെന്ന  ആഗ്രഹമാണ് ഈ പുതിയ വായ്പാപദ്ധതികള്‍ രൂപീകരിക്കുവാനുള്ള ചാലകശക്തിയായി മാറിയതെന്ന് വൈസ് ചെയര്‍മാന്‍ അഡ്വ ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു. 


ഈസ്റ്റ് ബാങ്ക് ആവിഷ്‌കരിച്ച സ്ത്രീ ശക്തി വായ്പാ പദ്ധതി പ്രകാരം മുന്നൂറോളം കുടുംബശ്രീ യൂണിറ്റുകള്‍ക്കായി  9 മാസങ്ങള്‍ കൊണ്ട് 25 കോടിയോളം രൂപ നല്കി. അതിലൂടെ മഹാമാരിയും പ്രകൃതിക്ഷോഭങ്ങളും കശക്കിയെറിഞ്ഞ നാട്ടില്‍  കരുതലിന്റെ കരതലങ്ങളായി മാറുവാന്‍ ഈസ്റ്റ് ബാങ്കിന് സാധിച്ചതായി അധികൃതര്‍ പറഞ്ഞു. 

കാലത്തിന്റെ ചുവരെഴുത്തുകള്‍ ഉള്‍ക്കൊണ്ടു കൊണ്ട് തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോടെ കൂടുതല്‍ പദ്ധതികളുമായി ഈസ്റ്റ് ബാങ്ക് എന്നും ജനസമക്ഷം ഉണ്ടാവുമെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത ചെയര്‍മാന്‍  കെ.എഫ്. കുര്യന്‍ കളപ്പുരക്കല്‍പ്പറമ്പില്‍ , വൈസ് ചെയര്‍മാന്‍ അഡ്വ. ഷോണ്‍ ജോര്‍ജ്  പ്ലാത്തോട്ടം, സി.ഇ.ഒ . എബിന്‍. എം. എബ്രാഹം മഴുവഞ്ചേരില്‍ എന്നിവര്‍ പറഞ്ഞു.

Post a Comment

0 Comments