Latest News
Loading...

വെള്ളക്കെട്ടിൽ കെ.എസ്.ആർ.ടി.സി ബസ് ഓടിച്ച സംഭവം: ഡ്രൈവറെ സര്‍വീസില്‍ തിരിച്ചെടുത്തു

വെള്ളക്കെട്ടിൽ അപകടകരമായ രീതിയിൽ കെ.എസ്.ആർ.ടി.സി ബസ് ഓടിച്ചതിന് സസ്‌പെൻഷനിലായിരുന്ന ജീവനക്കാരനെ സർവീസിൽ തിരിച്ചെടുത്തു. കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട ഡിപ്പോയിലെ ജയദീപ് എസാണ് എട്ടു മാസത്തെ സസ്‌പെൻഷനുശേഷം തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചത്. അച്ചടക്ക നടപടി നിലനിർത്തി ഗുരുവായൂരിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്.


കഴിഞ്ഞ വർഷം ഒക്ടോബറിൽ പൂഞ്ഞാറിലായിരുന്നു സംഭവം. ശക്തമായ മഴയെ തുടർന്ന് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കു മുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെയായിരുന്നു ജയദീപ് ബസ് ഓടിച്ചത്. യാത്രക്കാരുടെ ജീവന് ഭീഷണിയാകുകയും ബസിന് നാശനഷ്ടമുണ്ടാക്കുകയും ചെയ്യുന്ന തരത്തിൽ വാഹനം കൈകാര്യം ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദേശപ്രകാരം കഴിഞ്ഞ ഒക്ടോബർ 16ന് കെ.എസ്.ആർ.ടി.സി മാനേജിങ് ഡയരക്ടർ സസ്‌പെൻഡ് ചെയ്തത്.


ഒരാൾപൊക്കത്തിലുള്ള വെള്ളക്കെട്ടിൽ മുക്കാൽ ഭാഗവും മുങ്ങിയ ബസ്സിൽനിന്ന് നാട്ടുകാരാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ബസ് പിന്നീട് വലിച്ച് കരക്കുകയറ്റുകയും ചെയ്തു. സസ്‌പെൻഷനിലായ ശേഷം ഇദ്ദേഹം കെ.എസ്.ആർ.ടി.സിക്കെതിരെയും ഗതാഗത മന്ത്രിക്കെതിരെയും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു.

ബസ് മുങ്ങിയ പത്രവാർത്തയോടൊപ്പമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. സസ്‌പെൻഷൻ ലഭിച്ചത് തബലകൊട്ടി ആഘോഷിച്ചതും ജയദീപ് പങ്കുവച്ചിരുന്നു. ആളുകളുടെ ജീവൻ രക്ഷിക്കാനാണ് താൻ ശ്രമിച്ചതെന്നും തന്റെ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതല്ലെന്നും ജയദീപ് വിശദീകരിക്കുകയും ചെയ്തു

Post a Comment

0 Comments