Latest News
Loading...

മലയോരമേഖലയിൽ വ്യാപകമായി മണ്ണിടിച്ചിൽ

ചൊവ്വാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയിൽ മലയോരമേഖലയിൽ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. രാത്രിയിൽ ലഭിച്ച അതിശക്തമഴയിൽ തോടുകളിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു. തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പരിധികളിൽ ചൊവ്വാഴ്ച വൈകിട്ട് മുതൽ ശക്തമായ മഴയായിരുന്നു. തലനാട്, തീക്കോയി പഞ്ചായത്തുകളിൽ നേരിയ മണ്ണിടിച്ചിലുണ്ടായി. 


തലനാട് പഞ്ചായത്ത് ബാലവാടി പാറേക്കയം ചൊവ്വൂർ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. 15 അടിയോളം ഉയരത്തിൽ നിൽക്കുന്ന മൺതിട്ടയാണ് ഇടിഞ്ഞത്. മഴ ഇനിയും തുടർന്നാൽ കൂടുതൽ ഭാഗം ഇടിയുകയും കുന്നേൽ ചിന്നമ്മ ജോർജിന്റെ വീട് അപകടാവസ്ഥയിലാകുകയും ചെയ്യും. ഇവലവുംപാറ ചൊവ്വൂർ റോഡിൽ കൊമ്പുകല്ല് ഭാഗത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. വള്ളിനാൽ മനോജ് പുരയിടത്തിന്റെ സംരക്ഷണഭിത്തിയാണ് കനത്ത മഴയെതുടർന്ന് ഇടിഞ്ഞത്. പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ ഗതാഗതതടസം മാറ്റിവരികയാണ്. 



ചാമപ്പാറ ആലംമ്പാറയിൽ ജയന്റെ വീടിന്റെ മുറ്റമുടിഞ്ഞ് വീട് അപകടാവസ്ഥയിലായി. തീക്കോയി സെന്റ് മേരിസ് എൽ.പി. സ്‌കൂളിന്റെ സംരക്ഷണഭിത്തിയിടിഞ്ഞത് കെട്ടിടത്തിന് ഭീഷണിയായി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ മുക്കുഴി ഭാഗത്ത് മരം വീണ് ഗതാഗതതടസമുണ്ടായി. ഈരാറ്റുപേട്ട അഗ്നിരക്ഷാസേനയെത്തി ഗതാഗതം പുനസ്ഥാപിച്ചു. മേലുകാവ് പഞ്ചായത്ത് ഇടമറുക് രണ്ടാറ്റുമുന്നി വാകക്കാട് റോഡിൽ രാത്രിയിൽ ഒരാൾ പൊക്കത്തിൽ വെള്ളം ഉയർന്നിരുന്നു. രണ്ടാറ്റുമുന്നി പാലത്തിൽകൂടി വെള്ളം കയറിയൊഴുകി. പാലത്തിന്റെ കൈവരികളിൽ ചപ്പുചവറുകൾ അടിഞ്ഞു. 

Post a Comment

0 Comments