Latest News
Loading...

കിണര്‍ ആള്‍മറയില്‍ ചവിട്ടിക്കയറിയ കള്ളന്‍ കിണറ്റില്‍ വീണു


ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ കിണറ്റില്‍ വീണു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ തളിപ്പറമ്പ് മുയ്യം അമ്പിലോട്ട് പുതിയപുരയില്‍ ഷെമീറാണ് (35) കിണറ്റില്‍വീണത്. നിലവിളി കേട്ടെത്തിയ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണ് ഇയാളെ ഒടുവില്‍ കരയ്ക്ക് കയറ്റിയത്. കണ്ണൂര്‍ എരമം കുറ്റൂര്‍ പഞ്ചായത്തിലെ തുമ്പത്തടത്താണ് സംഭവം. 



തുമ്പടത്തെ കേളോത്ത് പവിത്രന്‍ മാസ്റ്ററുടെ വീട്ടിലാണ് രാത്രി പത്തോടെ ഷമീര്‍ മോഷണത്തിനായി എത്തിയത്. വീട്ടുടമയും ഭാര്യയും കഴിഞ്ഞ ദിവസം ബന്ധുവീട്ടിലേക്ക് പോയിരുന്നു. ഇത് മനസിലാക്കിയായിരുന്നു ഷമീര്‍ മോഷണത്തിനു പദ്ധതിയിട്ടത്. സ്‌കൂട്ടറില്‍ സ്ഥലത്തെത്തിയ ഷമീര്‍ സ്‌കൂട്ടര്‍ സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച ശേഷം വീട്ടുവളപ്പിലേക്ക് കടന്നു. തുടര്‍ന്ന് കിണറിന്റെ ആള്‍ മറയില്‍ ചവിട്ടി പാരപ്പറ്റിലേക്ക് വലിഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീഴുകയായിരുന്നു. 


പാരപ്പറ്റിലെ ഇഷ്ടിക അടര്‍ന്നതോടെയാണ് കള്ളന്‍ കിണറ്റിലേക്ക് വീണത്. കിണറ്റില്‍ കിടന്ന് ഇയാള്‍ നിലവിളിച്ചതോടെയാണ് അയല്‍വാസികള്‍ വിവരം അറിഞ്ഞത്. 30 അടിയോളം ആഴമുള്ള കിണറ്റില്‍ നാലടിയോളം വെള്ളമുണ്ടായിരുന്നു. പെരിങ്ങോം അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിലാണ് ഇയാളെ കരയ്ക്ക് കയറ്റിയത്. തുടര്‍ന്ന് കള്ളനെ പൊലീസിനു കൈമാറി.

Post a Comment

0 Comments