Latest News
Loading...

ഇലവീഴാപൂഞ്ചിറ റോഡ് ടാറിംഗിന് തുടക്കം

പ്രശസ്ത ടൂറിസം കേന്ദ്രമായ ഇലവീഴാ പൂഞ്ചിറയിലേയ്ക്കുള്ള റോഡിന്റെ ടാറിംഗ് ആരംഭിച്ചു. തകര്‍ന്ന് കിടന്ന റോഡ് സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും വലിയ ദുരിതമാണ് സമ്മാനിച്ചിരുന്നത്. ഇലവീഴാപൂഞ്ചിറ വാര്‍ഡിന്റെ വികസനത്തിനും, ഇലവീഴാപൂഞ്ചിറ ടൂറിസം വികസനത്തിനും വഴി തുറക്കുന്ന മേലുകാവ് - ഇലവീഴാപൂഞ്ചിറ റോഡ് ടാറിംങിന്റെ ആദ്യ ഘട്ടത്തിലുള്ള ടാറിംഗാണ് തിങ്കളാഴ്ച ആരംഭിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 9നാണ് റോഡ് നവീകരണം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്. 

11 കിലോമീറ്റര്‍ ദൂരമുള്ള കാഞ്ഞാര്‍ - കൂവപ്പള്ളി- ചക്കിക്കാവ് - ഇലവീഴാപൂഞ്ചിറ- മേലുകാവ് റോഡിന്റെ അഞ്ചരകിലോമീറ്റര്‍ മുതലുള്ള തകര്‍ന്ന് തരിപ്പണമായ റോഡാണ് ബിഎംബിസി ടാറിംഗ് നടത്തി നവീകരിക്കുന്നത്. പന്ത്രണ്ടു വര്‍ഷത്തിലേറെക്കാലമായി തകര്‍ന്നു തരിപ്പണമായി ഈ റോഡ് കിടക്കുകയായിരുന്നുവെങ്കിലും ആരും തിരിഞ്ഞു നോക്കിയിരുന്നില്ലെന്നായിരുന്നു നാട്ടുകാരുടെ നിരന്തരമായ പരാതി. തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങള്‍ നല്‍കി മടങ്ങുന്നവരെ പിന്നീട് കാണാനും കഴിഞ്ഞില്ലെന്ന ആക്ഷേപവും ശക്തമായിരുന്നു.

എം എല്‍ എ ആയതിനു ശേഷം മാണി സി കാപ്പന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, അന്നത്തെ ധനമന്ത്രി ഡോ ടി എം തോമസ് ഐസക്ക്, പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ എന്നിവരെ കണ്ട് റോഡിന്റെ അനിവാര്യത ബോധ്യപ്പെടുത്തി. ജനപ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ഈ റോഡിന്റെ നവീകരണത്തിനായി എം എല്‍ എ യ്ക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നു. ഇലവീഴാപൂഞ്ചിറ ടൂറിസം, ഇല്ലിക്കല്‍ക്കല്ല് ടൂറിസം വികസനം അടക്കമുള്ള നിരവധി വികസന സാധ്യതകളാണ് ഈ റോഡിന്റെ നവീകരണം പൂര്‍ത്തിയാകുന്നതോടെ നടപ്പാകുന്നത്

Post a Comment

0 Comments