Latest News
Loading...

ചേർപ്പുങ്കൽ പാലം നിർമ്മാണം പുനരാരംഭിച്ചു

 പാലാ: മീനച്ചിലാറിന് കുറുകെ നിർമ്മിക്കുന്ന ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ മുടങ്ങിപ്പോയ നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും പുനരാരംഭിച്ചതായി  അഡ്വ. മോൻസ് ജോസഫ് എംഎൽഎ മാണി സി കാപ്പൻ  എംഎൽഎ എന്നിവർ അറിയിച്ചു.

 കടുത്തുരുത്തി- പാലാ അസംബ്ലി മണ്ഡലങ്ങൾ ബന്ധിപ്പിച്ചുകൊണ്ട് യാഥാർത്ഥ്യമാക്കുന്ന ചേർപ്പുങ്കൽ സമാന്തര പാലം വിവിധ സാങ്കേതിക പ്രശ്നങ്ങൾ സർക്കാർ തലത്തിൽ ഉണ്ടായത് മൂലം നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടി വന്നിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് മോൻസ് ജോസഫ് എംഎൽഎ യും മാണി സി കാപ്പൻ എംഎൽഎയും നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉന്നതതല യോഗം വിളിച്ചു ചേർക്കുകയുണ്ടായി.ചേർപ്പുങ്കൽ പാലത്തിന്റെ എസ്റ്റിമേറ്റിൽ വിവിധ സ്പാനുകളുടെ നിർമ്മാണ കാര്യങ്ങൾ ഇല്ലാതെ വന്നതുമൂലം നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ കഴിയാത്ത സ്തംഭനാവസ്ഥയാണ് ഉണ്ടായിരുന്നത്. 
 

ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചശേഷം വിട്ടുപോയ കാര്യങ്ങൾ എല്ലാം ഉൾപ്പെടുത്തി പുതുക്കിയ പ്രൊജക്റ്റ് നടപ്പാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനമെടുത്തിരുന്നു . തീരുന്ന പ്രവർത്തിയുടെ പണം ലഭ്യമാക്കുന്നതിനുള്ള സാഹചര്യം ഉറപ്പുവരുത്തണം എന്നുള്ള ആവശ്യമാണ് കരാറുകാരൻ ഉന്നയിച്ചിരുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ ഇക്കാര്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള വിശദമായ റിപ്പോർട്ട് സർക്കാരിലേക്ക് കൊടുക്കുകയും മന്ത്രിതല യോഗം ഇക്കാര്യം അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതുപ്രകാരമുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയാതെ വന്നതിനെ തുടർന്നാണ് രണ്ടാമത്തെ പ്രതിസന്ധി സംജാതമായത്.


ചേർപ്പുങ്കൽ പാലത്തിന് ആവശ്യമായ എല്ലാ സ്പാനുകളും ഉൾപ്പെടുത്തിയിട്ടുള്ള പുതുക്കിയ മിനിറ്റ്ട്സ് സർക്കാർ അംഗീകരിച്ചെങ്കിലും ഇതുപ്രകാരമുള്ള ഉത്തരവ് ഇറങ്ങാത്തതിനെ തുടർന്ന് നിർമ്മാണ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലന്ന് കരാർ ഏറ്റെടുത്ത കമ്പനി പ്രതിനിധികൾ സർക്കാറിനെ അറിയിക്കുകയുണ്ടായി.   എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ വീണ്ടും പരിശോധന നടത്താൻ ധനകാര്യ വകുപ്പിന് കീഴിലുള്ള ചീഫ് ടെക്നിക്കൽ എക്സാമിനർ തീരുമാനിക്കുകയു ഇതേതുടർന്ന് വകുപ്പുകൾ തമ്മിൽ ധാരണ ഉണ്ടാക്കുന്നതിന് ഉണ്ടാക്കുന്നതിന്  കാലതാമസം നേരിടുകയും ചെയ്തു. ഇത്തരം ഒരു സാഹചര്യം നിലനിൽക്കുന്നതുകൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിയാത്തതും പ്രവർത്തി മുടങ്ങി പോയതുമായ സാഹചര്യം എംഎൽഎ മാരായ മോൻസ് ജോസഫ്, മാണി സി കാപ്പൻ എന്നിവർ ധനകാര്യ വകുപ്പ് മന്ത്രി കെ. എം. ബാലഗോപാൽ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എം. മുഹമ്മദ് റിയാസ് എന്നിവരെ നേരിൽകണ്ട് ബോധ്യപ്പെടുത്തകയും ഉണ്ടായി.മന്ത്രിതല യോഗത്തിൽ തീരുമാനം ഇത്രയേറെ മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ ഉത്തരവായി പുറപ്പെടുവിക്കാൻ കഴിയാത്ത പ്രശ്നം എംഎൽഎമാർ മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് ബന്ധപ്പെട്ട ഫയലുകൾ  അടിയന്തരമായി ഇപ്പോൾ വിളിച്ചിരിക്കുകയാണ്.

പരമാവധി വേഗത്തിൽ ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിമാർ ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ആശയകുഴപ്പം ഉണ്ടായത് മൂലം ചെയ്യുന്ന പ്രവൃത്തിയുടെ പണം ലഭിക്കാതെ വരുമോ എന്ന ആശങ്കയാണ് പാലം നിർമാണം നിർത്തിവയ്ക്കാൻ കരാറുകാരനെ പ്രേരിപ്പിച്ചത്. ഇക്കാര്യം എങ്ങനെയും പരിഹരിച്ച് കൊടുക്കുമെന്ന് മോൻസ്ജോസഫ് എംഎൽഎയും മാണി സി കാപ്പൻ എംഎൽഎയും പാലം  നിർമ്മാണം ഏറ്റെടുത്ത കമ്പനി പ്രതിനിധികളുമായി ചർച്ച ചെയ്ത് ഉറപ്പു കൊടുത്തതിന്റെ  അടിസ്ഥാനത്തിലാണ് ഇപ്പോൾ പാലം നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുള്ളത്.പാലത്തിന്റെ നിർമാണത്തിന് ആവശ്യമായ ക്രമീകരണങ്ങൾ മീനച്ചിലാറിനുള്ളിലും കരയിലുമായി ഇതിനോടകം ചെയ്തിട്ടുണ്ട്. തുടർന്ന് നടപ്പാക്കേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് വ്യക്തതയോടെ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം അടിയന്തരമായി വിളിച്ചു ചേർക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎയും മാണി സി കാപ്പൻ എംഎൽഎയും  അറിയിച്ചു.

Post a Comment

0 Comments