Latest News
Loading...

ആണായി നടിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി; യുവതി പിടിയിൽ



 സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ തിരുവനന്തപുരം അരുവിക്കുഴി വീരണക്കാവ് കൃപാനിലയം സന്ധ്യ (27) അറസ്റ്റിൽ.

പുരുഷനെന്ന് പരിചയപ്പെടുത്തിയാണ് സന്ധ്യ പെൺകുട്ടിയുമായി സൗഹൃദത്തിലാകുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ ജില്ലക്കാരിയായ പ്ലസ് വൺ വിദ്യാർഥിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോയെന്ന കേസിലാണു പ്രതിയെ പോക്സോ നിയമ പ്രകാരം തൃശൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.




അറസ്റ്റിലായ സന്ധ്യ 2016ൽ 14 വയസ്സുള്ള പെൺകുട്ടികളെ ഉപദ്രവിച്ചതിനു കാട്ടാക്കട സ്റ്റേഷനിൽ 2 പോക്സോ കേസുകൾ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. 2016 ൽ കാട്ടാക്കട പൊലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ആറു മാസം ശിക്ഷിക്കപ്പെട്ട സന്ധ്യ ജയിലിൽ കഴിയുന്നതിനിടയിൽ പരിചയപ്പെട്ട, ലഹരിമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട സ്ത്രീക്കൊപ്പം മൂന്നു വർഷം താമസിച്ചിരുന്നു.

2019 ൽ മംഗലപുരം പൊലീസ് സ്റ്റേഷനിൽ സന്ധ്യയുടെ പേരിൽ അടിപിടിക്കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ലഹരിമരുന്ന് സംഘങ്ങളുമായി സന്ധ്യയ്ക്കു ബന്ധമുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ സൗഹൃദ ഗ്രൂപ്പുകളുണ്ടാക്കി പെൺകുട്ടികളുടെ സ്വകാര്യ വിഷമങ്ങൾ പറയാൻ പ്രേരിപ്പിച്ച് അടുപ്പമുണ്ടാക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.


സമൂഹമാധ്യമത്തിൽ ചന്തു എന്ന വ്യാജ പേരിലുള്ള അക്കൗണ്ടിലാണ് വിദ്യാർഥിനിയുമായി സൗഹൃദമുണ്ടാക്കിയത്. 9 ദിവസം മുൻപാണ് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടിയുടെ പക്കലുണ്ടായിരുന്ന പണവും സ്വർണവും സന്ധ്യ കൈക്കലാക്കിയെന്നും പൊലീസ് പറഞ്ഞു. ഇരകളുമായി ബന്ധപ്പെട്ടിരുന്നത് സമൂഹമാധ്യമങ്ങളിലെ മെസഞ്ചർ ആപ്ലിക്കേഷനുകളിലൂടെയായിരുന്നെന്നും വൈഫൈ ഉപയോഗിച്ച് ലാപ്ടോപ്പിലൂടെ മാത്രമായിരുന്നു ഇതെന്നും പൊലീസ് പറയുന്നു.

സൈബർ സെല്ലിന്റെ സഹായത്തോടെ സമൂഹമാധ്യമ അക്കൗണ്ടിൽ നിന്ന് യഥാർഥ പേരും ഫോൺ നമ്പറും കണ്ടെത്തുകയായിരുന്നു. പൊലീസ് പിടികൂടുന്നതു വരെയും ഒപ്പമുള്ളത് സ്ത്രീയാണെന്നു മനസ്സിലായില്ലെന്നു വിദ്യാർഥിനി പറഞ്ഞതായും പൊലീസ് വെളിപ്പെടുത്തി.

Post a Comment

0 Comments