സിപിഎം നിര്‍ദ്ദേശം ശിരസാവഹിച്ച് ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് കോട്ടയം എസ് പി സ്വീകരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. ജില്ലയിലെ ക്രമസമാധാനം താറുമാറായിരിക്കുകയാണ്. ഗുണ്ടകള്‍ ക്രൂര കൊലപാതകങ്ങള്‍ നടത്തുമ്പോഴും, സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെടുമ്പോഴും അതിന് നേര്‍ക്ക് കണ്ണടയ്ക്കുന്ന നിലപാടാണ് ജില്ലാ പോലീസ് മേധാവി കൈക്കൊള്ളുന്നതെന്നും സുരേഷ് ആരോപിച്ചു.
സിപിഎം ജില്ലാ സമ്മേളനത്തിന് ഗുണ്ടാ സംരക്ഷണം നല്‍കാനെത്തിയ കാപ്പാ പ്രതികള്‍ ജില്ലയിലുടനീളം വിലസുകയാണ്. ജില്ലയിലെ എല്ലാ കാപ്പാ പ്രതികളെയും പിടികൂടി എന്ന് പോലീസ് പത്രക്കുറിപ്പ് ഇറക്കിയ സമയത്താണ് ഇത്തരത്തില്‍ ഒരു പ്രതി ഒരാളെ തല്ലിക്കൊന്ന് എസ് പി ഓഫീസ് കോമ്പൗണ്ടില്‍ തന്നെയുള്ള ഈസ്റ്റ് പോലീസ്റ്റേഷനില്‍ മൃതശരീരവും ആയി എത്തി പോലീസുകാരെ വിളിച്ചുണര്‍ത്തിയത്. കഞ്ചാവ് കച്ചവടത്തെ കുറിച്ച് പോലീസിന് വിവരം കൈമാറിയതിന് ആണ് ഒരാളെ കൊലപ്പെടുത്തിയത് എന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ പോലീസിനു നല്‍കിയ വിവരം എങ്ങനെ ചോര്‍ന്നു എന്നതും അന്വേഷണ വിധേയമാക്കണം.
പാലാ മുനിസിപ്പല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ പട്ടാപ്പകല്‍ ആണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ബസ്സിനുള്ളില്‍ പീഡനത്തിന് ഇരയായത്. പോലീസ് പട്രോളിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ കാര്യക്ഷമമല്ല എന്നതിന് വ്യക്തമായ തെളിവാണിത്. ഇരയായ ഒരു സ്ത്രീ പരാതിയുമായി മുന്നോട്ടു വന്നപ്പോഴാണ് പങ്കാളി കൈമാറ്റ കേസ് പുറത്തു വന്നത്. ഇതിനു പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വ്യക്തമായിട്ടും ചില ചെറുമീനുകളെ മാത്രം വലയിലാക്കി വമ്പന്‍ സ്രാവുകളെ രക്ഷിക്കുന്ന നിലപാടാണ് എസ് പിയുടേത്
അടിയന്തരമായി എസ്പിയെ ചുമതലകളില്‍ നിന്നും നീക്കുകയും, മേല്‍പ്പറഞ്ഞ മൂന്ന് സംഭവങ്ങളിലും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്യണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
0 Comments