Latest News
Loading...

ഡെലിവറി ബോയ് ചമഞ്ഞ് വീട് കയറി ആക്രമണം

 പട്ടാപ്പകൽ ഡെലിവറി ബോയ് ചമഞ്ഞ് വീട് കയറി ആക്രമണം. കാഞ്ഞിരപ്പള്ളിയ്‌ക്ക് സമീപം, കൂവപ്പള്ളിയിലാണ് സംഭവം. ഊർമ്മിള എന്ന സ്ത്രീയാണ് ആക്രണത്തിന് ഇരയായത്. ഫ്‌ലിപ്പ്കാർട്ടിൽ നിന്നും സാധനവുമായി എത്തിയതാണെന്ന വ്യാജേനയാണ് ഇയാൾ വീട്ടിലെത്തിയത്. ഡെലിവറി ബോയ് ചമഞ്ഞെത്തിയ കള്ളന്റെ ആക്രമണത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


.ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. യുവതിയും രണ്ട് മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ ഫ്‌ലിപ്പകാർട്ടിൽ നിന്നും സാധനം ഓർഡർ ചെയ്തിരുന്നതിനാൽ യുവതിക്ക് മോഷ്ടാവിന്റെ മേൽ സംശയം തോന്നിയിരുന്നില്ല. മാത്രമല്ല, ഡെലിവറിക്ക് എത്തുന്ന ആളുകളുടെ കൈയ്യിൽ കാണാറുള്ള വലിയ ബാഗും കള്ളന്റെ പക്കൽ ഉണ്ടായിരുന്നതായി യുവതി പോലീസിനോട് പറഞ്ഞു.


ഓർഡർ ചെയ്ത സാധനം നൽകാൻ എന്ന വ്യാജേന യുവതിയുടെ അടുത്തെത്തിയ കള്ളൻ ഇവരുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു. ഇത് തടയാൻ നോക്കിയ യുവതിയെ മുഖത്തടിച്ച് വീഴ്‌ത്തിയ ശേഷം മാല പൊട്ടിച്ച് ഇയാൾ രക്ഷപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിക്കവേ യുവതി മോഷ്ടാവിന്റെ പിന്നാലെ ഓടി. കള്ളൻ തനിച്ചല്ലായിരുന്നുവെന്നും, ഇയാൾക്കായി ബൈക്കിൽ ഒരാൾ കാത്തുനിൽപ്പുണ്ടായിരുന്നുവെന്നും യുവതി പോലീസിൽ മൊഴി നൽകി. മാസ്‌കും, ഫേസ് ഷീൽഡും ധരിച്ചാണ് മോഷ്ടാവ് എത്തിയത് അതിനാൽ മുഖം വ്യക്തമായില്ലെന്നും യുവതി പറഞ്ഞു. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു. സമാനമായ സംഭവങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടുള്ളതായി പ്രദേശവാസികൾ അറിയിച്ചു.

Post a Comment

0 Comments