ടെലഗ്രാം ഗ്രൂപ്പ് വഴി മരയ്ക്കാറിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി സ്വദേശി നസീഫിനെയാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിലുള്ള സൈബർ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചിത്രത്തിന്റെ വ്യാജപ്രിന്റ് സിനിമ കമ്പനി എന്ന ടെലിഗ്രാം ഗ്രൂപ്പിൽ അപ് ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കാഞ്ഞിരപ്പള്ളി പൊലീസിന്റെ സഹായത്തോടെ ജില്ലാ സൈബർ പൊലീസ് സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
.നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്ക് പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെ നസീഫ് തനിക്ക് തെറ്റ് പറ്റിയതായും, മാപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വീഡിയോ സന്ദേശം ഇടുകയും ചെയ്തിരുന്നു. നല്ല പ്രിന്റ് ആണെന്നും ഓഡിയോ ഹെഡ്‌സെറ്റ് ഉപയോഗിച്ച് കേൾക്കണമെന്നും പറഞ്ഞ് സിനിമ പല ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുത്ത ഇയാളെ സൈബർ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളെപ്പറ്റി കൃത്യമായ വിവരം ലഭിച്ച ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം , നിരീക്ഷണത്തിനായി ടെലഗ്രാം ഗ്രൂപ്പിന്റെയും ഇയാളുടെ വാട്‌സ്അപ്പ് നമ്പരിന്റെയും വിശദാംശങ്ങൾ ജില്ലാ സൈബർ പൊലീസിനു കൈമാറി. തുടർന്നു, സൈബർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രാത്രിയിൽ തന്നെ പൊലീസ് സംഘം ഇയാളുടെ വിശദാംശങ്ങൾ ശേഖരിച്ചു.
കാഞ്ഞിരപ്പള്ളി പൊലീസിന്റെ സഹായത്തോടെ ഞായറാഴ്ച രാവിലെ എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മൊബൈൽ ഫോൺ ഷോപ്പിന്റെ ഉടമയാണ് ഇയാൾ. മരക്കാർ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കൂടുതൽ ആളുകൾ വരും ദിവസങ്ങളിൽ പിടിയിലാകുമെന്നാണ് സൂചന.
0 Comments