Latest News
Loading...

ജനറൽ ആശുപത്രിയെ രോഗീസൗഹൃദ കേന്ദ്രമാക്കി: സിപിഐ എം

ജനറൽ ആശുപത്രിയിൽ തിരക്ക്‌ ഒഴിവാക്കാനായി മാനേജിംങ്‌ കമ്മിറ്റി നടപ്പാക്കിയ ക്രമീകരണങ്ങൾ ആശുപത്രിയെ രോഗീസൗഹൃദ കേന്ദ്രമാക്കിയെന്ന്‌ സിപിഐ എം പ്രതിനിധി സംഘം വിലയിരുത്തി. കാഷ്വലിറ്റി, ഒപി കൗണ്ടറുകൾ, പരിശോധന കേന്ദ്രങ്ങൾ, ഫാർമസി എന്നിവ പ്രധാന ബ്ലോക്കിൽ ഒരേസ്ഥലത്താണ്‌ പ്രവർത്തിച്ചുവന്നത്‌.  ഒപി കൗണ്ടറുകൾ പുതിയ ബ്ലോക്കിലേക്ക്‌ മാറ്റി ക്രമീകരിച്ചത്‌ പ്രധാന ബ്ലോക്കിൽ നിത്യേന ഉണ്ടാകുന്ന തിരക്ക്‌ ഒഴിവാക്കാൻ സഹായകമാണ്‌. എന്നാൽ കോവിഡ്‌ ചികിത്സാ കേന്ദ്രം പ്രവർത്തിക്കുന്ന ബ്ലോക്കിൽ ഒപി കൗണ്ടർ സ്ഥാപിച്ചുവെന്ന നിലയിൽ പ്രചാരണം നടത്തുന്ന നഗരസഭയിലെ യുഡിഎഫ്‌ ജനപ്രതിനിധികളുടെ നിലപാട്‌ രോഗികളിൽ ആശങ്കസൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്‌ട്രിയാരോപണമാണെന്ന്‌ സിപിഐ എം ഏരിയാ ലോക്കൽ കമ്മിറ്റി പ്രതിനിധികളും നഗരസഭാ കൗൺസിൽ അംഗങ്ങളും അടങ്ങിയ സംഘം അഭിപ്രായപ്പെട്ടു. 



.ആർഎംഒ ഡോ. അനീഷ് ഭദ്രൻ പുതിയ ബ്ലോക്കിലെ പ്രവർത്തനങ്ങളും സൗകര്യങ്ങളും സംഘത്തോട്‌ വിശദീകരിച്ചു. ഫാർമസിയും സൗകര്യപ്രദമായ സ്ഥലത്തേക്ക്‌ മാറ്റി സ്ഥാപിക്കണമെന്ന്‌ സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ ഷാർലി മാത്യു,കെ കെ ഗിരീഷ്, പാലാ ലോക്കൽ സെക്രെട്ടറി കെ അജി,ലോക്കൽ കമ്മിറ്റിയംഗം എം ജി രാജു, നഗരസഭയിലെ പാർട്ടി പാർലമെന്ററി പാർട്ടി നേതാവ്‌ അഡ്വ. ബിനു പുളിക്കക്കണ്ടം,വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ്, ബിന്ദു മനു, സതി ശശികുമാർ, ജോസിൻ ബിനോ, ഷീബ ജിയോ എന്നിവരുൾപ്പെട്ട സംഘം ആവശ്യപ്പെട്ടു.


പുതിയ ഒപി കൗണ്ടർ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ കോവിഡ്‌ രോഗികളുമായി ഒരുവിധ സമ്പർക്കവും സൃഷ്ടിക്കുന്നില്ല. പുതിയ ബ്ലോക്കിൽ രണ്ട്‌ ഭാഗങ്ങളിലായാണ്‌ കോവിഡ്‌ വാർഡും ഒപി കൗണ്ടറുകളും പ്രവർത്തിക്കുന്നത്‌. വെത്യസ്‌ത വഴികളിലൂടെയാണ്‌ രോഗികൾ കേന്ദ്രങ്ങളിലേയ്‌ക്ക്‌ എത്തുന്നത്‌. 12 രോഗികൾ മാത്രമാണ്‌ കേന്ദ്രത്തിൽ ചികിത്സയിലുള്ളത്‌. എങ്കിലും സുരക്ഷയെ കരുതി കോവിഡ്‌ വാർഡിൽ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്താനും വാർഡ്‌ സ്ഥിതി ചെയ്യുന്ന ഭാഗത്ത്‌ നെറ്റ്‌ അടിച്ച്‌ വേർതിരിക്കാനും സംഘം നിർദ്ദേശം നൽകി.  

പാലാ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനം തടസപ്പെടുത്തി സ്വകാര്യ ആശുപത്രികളെ സഹായിക്കുന്നതാണ്‌ നഗരസഭയിലെ യുഡിഎഫ്‌ ജനപ്രതിനിധികളുടെ നിലപാടെന്ന്‌ നേതാക്കൾ അഭിപ്രായപ്പെട്ടു. പുതുതായി സജ്ജമാക്കിയ 10 യൂണിറ്റുകൾ ഉൾപ്പെട്ട ഡയാലിസിസ് ബ്ലോക്ക്‌ മികച്ച സൗകര്യത്തോടെയാണ്‌ സജ്ജമാകുന്നത്‌. ജില്ലാ ആശുപത്രിയിൽ ഒരേ സമയം എട്ട് രോഗികൾക്ക് മാത്രമേ ഡയാലിസിസ് സൗകര്യമുള്ളൂ. എന്നാൽ പാലാ ആശുപത്രിയിൽ സ്വകാര്യ മെഡിക്കൽ കോളേജിന്‌ തുല്യമായ ഡയാലിസിസ് സൗകര്യമാണ്‌ ഒരുങ്ങുന്നത്‌. കൂടാതെ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്‌, ശുചീകരണത്തിന്‌ എയർപോർട്ടുകളിൽ ഉപയോഗിക്കുന്ന നിലവാരത്തിലുള്ള ഹൈടെക്ക്‌ ക്ലീനിംങ്‌ മിഷ്യനും സജ്ജമായിട്ടുണ്ട്. 23ന്‌ ആശുപത്രി സന്ദർശനത്തിന്‌ മന്ത്രി വി എൻ വാസവൻ എത്തുന്നുണ്ട്‌. ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള സർകാർ സഹായങ്ങൾ ലഭ്യമാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പ്രതിനിധി സംഘം അറിയിച്ചു.

Post a Comment

0 Comments