Latest News
Loading...

തകര്‍ക്കുവാനോ തളര്‍ത്തുവാനോ പിളര്‍ത്തുവാനോ കഴിയില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

എസ്.എന്‍.ഡി.പി. യോഗത്തെയും ഈഴവ സമുദായത്തെയും ആര്‍ക്കും തകര്‍ക്കുവാനോ തളര്‍ത്തുവാനോ പിളര്‍ത്തുവാനോ കഴിയില്ലെന്ന് എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. മീനച്ചില്‍ യൂണിയന്‍ ആരംഭിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം യൂണിയന്റെ പേരില്‍തന്നെ പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മറ്റാരുടെയും താത്പര്യങ്ങള്‍ക്ക് മീനച്ചിലിലെ ഈഴവ സമൂഹത്തെ വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 


  വിദ്യാഭ്യാസ മേഖല ഉള്‍പ്പെടെയുള്ള നിരവധി സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കാണ് യോഗം പദ്ധതിയിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന് കീഴിലെ ശാഖകളില്‍ നിന്നും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

.കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ എസ്.എന്‍.ഡി.പി. യോഗം വിദ്യാഭ്യാസ-വ്യവസായ - സംഘടന രംഗങ്ങളില്‍ ഉണ്ടാക്കിയ അസൂയാവഹമായ നേട്ടങ്ങള്‍ സമൂഹത്തിന് പൊതുവെ ഉപകാരപ്രദമായിട്ടുണ്ടെന്ന് തുഷാര്‍ ചൂണ്ടിക്കാട്ടി. വെള്ളാപ്പള്ളി നടേശന്‍ യോഗം ജനറല്‍ സെക്രട്ടറിയായി 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 5 ന് ചേര്‍ത്തലയില്‍ വിപുലമായ ആഘോഷപരിപാടികള്‍ നടക്കും. യോഗത്തിന്റെ കഴിഞ്ഞ കാല്‍നൂറ്റാണ്ടത്തെ വികസന ചരിത്രം പ്രത്യേകം വീഡിയോ തയ്യാറാക്കിയത് അന്ന് എല്ലാ യൂണിയനുകളിലും സംപ്രേക്ഷണം ചെയ്യും. ഇതോടൊപ്പം ചേര്‍ത്തലയിലെ ആഘോഷ പരിപാടികളുടെ ലൈവ് സംപ്രേക്ഷണവും ഉണ്ടാകും. 138 യൂണിയനുകളിലും നാല് മണിക്ക് ആഘോഷപരിപാടികള്‍ക്ക് തുടക്കമാകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. 

.യോഗത്തിന്‍ നേതൃത്വത്തില്‍ ആരംഭിക്കുന്ന വിപുലമായ കര്‍മ്മപദ്ധതികള്‍ക്ക് മീനച്ചില്‍ യൂണിയനിലെ മുഴുവന്‍ സമുദായ പ്രവര്‍ത്തകരുടെയും പിന്തുണയും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സമ്മേളനത്തില്‍ മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ എം.ബി. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എ.എസ്. പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ ഗോപിക ഉദയന്‍, ഡാക്‌സേവ അവാര്‍ഡ് നേടിയ കെ.കെ. വിനു കൂട്ടുങ്കല്‍, എം.ടെക്. ഡയറി കെമിസ്ട്രി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ രാകേന്ദു സജികുമാര്‍, പത്രാധിപര്‍ കെ.സുകുമാരന്‍ പുരസ്‌കാരം നേടിയ കേരള കൗമുദി ലേഖകന്‍ സുനില്‍ പാലാ, ഡോ. ആരതി രാജന്‍, അംഗിത വിജയകുമാര്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. 

 എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് വാങ്ങിയ 170 വിദ്യാര്‍ത്ഥികള്‍ക്കും തുഷാര്‍ വെള്ളാപ്പള്ളി വിദ്യാഭ്യാസ അവാര്‍ഡുകള്‍ സമ്മാനിച്ചു. 
 മീനച്ചില്‍ യൂണിയന്‍ കണ്‍വീനര്‍ എം.പി. സെന്‍ ആമുഖപ്രസംഗം നടത്തി. പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ് കെ. പത്മകുമാര്‍, പന്തളം യൂണിയന്‍ പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപ്പള്ളി, യൂത്ത്മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി രാകേഷ് നെടുമങ്ങാട്, സൈബര്‍ സേന സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അനിരുദ്ധ് കാര്‍ത്തികേയന്‍, സംസ്ഥാന ചെയര്‍മാന്‍ അനീഷ് പുല്ലുവേലില്‍, പ്രഭാഷകന്‍ സജീഷ് മണലേല്‍, മീനച്ചില്‍ യൂണിയന്റെയും പോഷകസംഘടനകളുടെയും നേതാക്കളായ ഉല്ലാസ് മതിയത്ത്, രാമപുരം സി.റ്റി. രാജന്‍, അരുൺ കുളംപള്ളില്‍, വി.കെ. ഗിരീഷ്‌കുമാര്‍, സി.ജി. അനില്‍കുമാര്‍, മിനര്‍വ മോഹന്‍, സോളി ഷാജി, അനീഷ് ഇരട്ടയാനി, ആത്മജന്‍ കൊല്ലപ്പള്ളി, രഞ്ജന്‍ ശാന്തി, കെ.ആര്‍. രാജന്‍ വയല, എം.എന്‍. രമേഷ് പുലിയന്നൂര്‍, കെ.ആര്‍. സൂരജ് പാലാ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. യൂണിയന്‍ കണ്‍വീനര്‍ എം.പി. സെന്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ ലാലിറ്റ് എസ്. തകടിയേല്‍ നന്ദിയും പറഞ്ഞു. 

Post a Comment

0 Comments