Latest News
Loading...

അരുണാപുരം മിനി ഡാം പദ്ധതി പ്രദേശം മന്ത്രിയും എൻജിനീയർമാരും സന്ദർശിച്ചു.

വേനലിൽ തുടർച്ചയായി ആറു മാസം വരെ വററി വരളുന്ന മീനച്ചിലാറിനെ നീരണയിക്കുമെന്നും ജലസേചന പദ്ധതികൾ ഒന്നും ഇല്ലാത്ത കോട്ടയം ജില്ലയിൽ വേന ലിലും ജല ലഭ്യത ഉറപ്പു വരുത്തുവാൻ കെ.എം.മാണി സാർ വിഭാവനം ചെയ്ത പദ്ധതികൾ ഒന്നൊന്നായി നടപ്പാക്കുമെന്നും ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്ത്യൻ പറഞ്ഞു. ഇതിനായി പ്രത്യേക ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. 

ആദ്യ ഘട്ടമെന്ന നിലയിൽ മീനച്ചിലാറിൻ്റെ ഇരുകരകളെയും തമ്മിൽ ബന്ധിപ്പിച്ച് പാലാ അരുണാപുരം സെ.തോമസ് കോളജ് കടവിൽ വിഭാവനം ചെയ്യുകയും നിർമ്മാണം തുടങ്ങി വച്ച ശേഷം സാങ്കേതിക കാരണങ്ങളാൽ തടസ്സപ്പെടുകയും ചെയ്ത  മിനി ഡാം കം ബ്രിഡ്ജ് പദ്ധതിക്കായി പുതിയ ഡിസൈനും എസ്റ്റിമേറ്റും താമസംവിനാ തയ്യാറാക്കി അംഗീകരിക്കുന്നതിനാവശ്യമായ നിർദ്ദേശം നൽകി കഴിഞ്ഞതായും മന്ത്രി അറിയിച്ചു. ഇതിനായി പുതിയ ടോപ്പോഗ്രാഫിക്ക് സർവ്വേയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.ഇറിഗേഷൻ ഡിസൈൻ & റിസേർച്ച് വിംഗ് ഇതിനായുള്ള രൂപരേഖ തയ്യാറാക്കുവാൻ തുടർ നടപടികൾ സ്വീകരിക്കും.


.രണ്ട് വർഷമായി മുടങ്ങി കിടക്കുന്ന പദ്ധതി ഉടൻ നടപ്പാക്കുന്നതിന് വേണ്ടിയുള്ള തുടർ നടപടി ആവശ്യപ്പെട്ട് ജോസ്. കെ.മാണിയുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് പാലാമണ്ഡലം കമ്മിററി മന്ത്രിയോട് അഭ്യർത്ഥിച്ചതിൻ്റെ അടിസ്ഥാനത്തിൽ ജലസേചന വകുപ്പ് എൻജിനീയർമാരോടൊപ്പം പദ്ധതി പ്രദേശം മന്ത്രി റോഷി അഗസ്ത്യൻ സന്ദർശിച്ചു. പദ്ധതി പ്രദേശത്തു വച്ച് പ്രൊജക്ട് എൻജിനീയർമാരുടെ വിദഗ്ദ സംഘവുമായി മന്ത്രി വിശദമായ ചർച്ച നടത്തി.മൂന്ന് വർഷമായി മീനച്ചിൽ താലൂക്ക് മേഖലയിൽ പെയ്തിറങ്ങുന്ന ശക്തമായ മഴയിലും ഉരുൾപൊട്ടലിലും മീനച്ചിലാറ്റിൽ ഒഴുകി എത്തിയ മണ്ണും അടിഞ്ഞുകൂടിയ ചെളിയും കാരണം മഴക്കാലത്ത് മീനച്ചിലാറ്റിലെ പ്രളയജലം കരയിലേക്ക് ഇരച്ചു കയറി വൻ നാശനഷ്ടമാണ് ഒരോ വർഷവും മീനച്ചിലാറിൻ്റെ തീരത്ത് വരുത്തി വയ്ക്കുന്നതെന്ന് മന്ത്രിയോടൊപ്പമുണ്ടായിരുന്ന ജോസ്.കെ.മാണി ചൂണ്ടിക്കാട്ടി. 

.മണ്ണും ചെളിയും നീക്കം ചെയ്ത് പരമാവധി വെള്ളം ഉൾക്കൊള്ളുന്ന വിധം മീനച്ചിലാറിൻ്റെആഴം വർദ്ധിപ്പിക്കണമെന്നും ജോസ്.കെ.മാണി ആവശ്യപ്പെട്ടു. ഇതിനായി എക്സിക്യൂട്ടീവ് എൻജിനീയരോഡ് റിപ്പോർട്ട്  ആവശ്യപ്പെട്ടു കഴിഞ്ഞതായി മന്ത്രി അറിയിച്ചു.ചെക്ക്ഡാമുകൾ മുഴുവനും മണ്ണും ചെളിയും ചപ്പുചവറുകളും മറ്റും നിറഞ്ഞ് വേനലിൽ ശുദ്ധജലം കിട്ടാത്ത അവസ്ഥയാണെന്ന് ജനപ്രതിനിധികളും സംഘടനാ നേതാക്കളും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി,
പി. എം. ജോസഫ്, പ്രൊഫ.ലോപ്പസ് മാത്യു, ടോബിൻ .കെ .അലക്സ്, റൂബി ജോസ്, തോമസ് ആൻ്റണി, ജയ്സൺമാന്തോട്ടം, ഇറിഗേഷൻ പ്രൊജക്ട് വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ സി.കെ.ശ്രീകല, എക്സിക്യൂട്ടീവ് എൻജിനീയർ കെ.എസ്.സുജ, അസി.എക്സിക്യൂട്ടീവ് എൻജിനീയർ ബിന്ദു ദിവാകരൻ, മഞ്ചുഷ എന്നിവരും മന്ത്രിയോടൊപ്പം ചർച്ചകളിൽ പങ്കെടുത്തു.

Post a Comment

0 Comments