Latest News
Loading...

ഈരാറ്റുപേട്ടയുടെ മാലിന്യപ്രശ്‌നം. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് ആരോഗ്യകാര്യ ചെയര്‍മാന്‍


ഈരാറ്റുപേട്ടയിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ അനിവാര്യമാണെന്ന് ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി ആരോഗ്യ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ.കെ സഹില. തേവരുപാറയിലെ ഡമ്പിംഗ് യാര്‍ഡ് സന്ദര്‍ശിച്ചശേഷമാണ് ആരോഗ്യകാര്യ ചെയര്‍മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

നാട്ടിലെ പഴയകാല ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, റസിഡന്‍സ്ഭാരവാഹികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മഹല്ല് നേതൃത്വങ്ങള്‍ ഇവരുടെയെല്ലാം അഭിപ്രായങ്ങള്‍ സ്വരൂപിച്ച് മാലിന്യ പ്രശ്‌നത്തിന് സമഗ്രമായ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ മാസ്റ്റര്‍പ്ലാന്‍ ആരോഗ്യ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റിയിലും തുടര്‍ന്ന് മുന്‍സിപ്പല്‍ കൗണ്‍സിലിലും അവതരിപ്പിച്ച് പദ്ധതി ഉടന്‍ തന്നെ നടപ്പാക്കണമെന്ന് ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു. 

തേവരുപാറയിലെത്തിയ ഡോ. സഹില സൂപ്പര്‍വൈസര്‍ ഷാജഹാന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുമായും ചര്‍ച്ചകള്‍ നടത്തി. നാളെ ഹരിതകര്‍മ്മസേനയുമായി ചര്‍ച്ച നടത്തും. വേതനം അടക്കമുള്ള വിഷയങ്ങളില്‍ ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാലുള്ള തടസ്സങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംഭരിക്കാന്‍ ആരംഭിച്ചെങ്കിലും പിന്നീട് അത് മുടങ്ങിയ നിലയിലാണ്. വെള്ളിയാഴ്ച ആരോഗ്യസ്റ്റന്‍ഡിംഗ് കമ്മറ്റി ചേരുമെന്നും തുടര്‍ന്ന് വ്യാപാരികളുമായി ചര്‍ച്ച നടത്തുമെന്നും അവര്‍ പറഞ്ഞു.

Post a Comment

0 Comments