Latest News
Loading...

തെക്കേക്കരയില്‍ പ്രസിഡന്റ് സ്ഥാനം സിപിഎം ഉപേക്ഷിച്ചേക്കില്ല

ജനപക്ഷം പിന്തുണയോടെ ലഭിച്ച പ്രസിഡന്റ് സ്ഥാനം സിപിഎം ഉപേക്ഷിക്കില്ലെന്ന് സൂചന. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ 2 ജനപക്ഷം അംഗങ്ങളുടെ പിന്തുണയോടെയാണ് സിപിഎം അധികാരത്തിലെത്തിയത്. വൈസ് പ്രസിഡന്റ് വോട്ടെടുപ്പില്‍ ഒരംഗത്തിന്റെയും പിന്തുണ ലഭിച്ചിരുന്നു. 

ജനപക്ഷപിന്തുണ വലിയ വാര്‍ത്തയായതോടെ ആവശ്യമെങ്കില്‍ ചര്‍ച്ച ചെയ്ത് രാജി വയ്ക്കുന്ന കാര്യത്തിലും തീരുമാനമെടുക്കുമെന്ന് കഴിഞ്ഞദിവസം ഏരിയ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനം തേടി വിഷയം ജില്ലാ കമ്മറ്റിയിലേയ്ക്ക് വിട്ടെങ്കിലും അവിടെയും തീരുമാനമായില്ല. സംസ്ഥാനകമ്മറ്റിയാവും വിഷയത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുക. 

ജനപക്ഷം പിന്തുണ തങ്ങളുടെ നയത്തിനെതിരല്ലെന്നാണ് സിപിഎമ്മിലെ പൊതുവികാരം. തങ്ങള്‍ ആവശ്യപ്പെട്ടോ ഏതെങ്കിലും ധാരണയുടെ പുറത്തോ ലഭിച്ച പിന്തുണയല്ല. എസ്ഡിപിഐ, ബിജെപി പോലുള്ളവരുടെ പിന്തുണയല്ല ഇതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഏതെങ്കിലും വര്‍ഗീയ നിലപാട് സ്വീകരിക്കുന്നവരുടേതല്ലാത്തതിനാല്‍ ലഭിച്ച പ്രസിഡന്റ് പദവി നഷ്ടപ്പെടുത്താനിടയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. 

രാജിവയ്ക്കുകയാണെങ്കില്‍തന്നെ അതിനുള്ള സമയം പിന്നിട്ടുകഴിഞ്ഞതായും വിലയിരുത്തപ്പെടുന്നു. എസ്ഡിപിഐയുടെ അടക്കം പിന്തുണ ലഭിച്ച മറ്റിടങ്ങളില്‍ അപ്പോള്‍തന്നെ സ്ഥാനം രാജിവച്ചിരുന്നു. ജനപക്ഷവും സിപിഎമ്മും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഫലമാണ് പ്രസിഡന്റ് പദവിയെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. എന്നാല്‍ തങ്ങളുടെ വോട്ട് വേണ്ടെന്ന് യുഡിഎഫ് വ്യക്തമാക്കിയിരുന്നതിനാല്‍ എല്‍ഡിഎഫിന് ചെയ്തുവെന്ന് ജനപക്ഷവും വ്യക്തമാക്കുന്നു.

Post a Comment

0 Comments