വാഹനാപകടം; പ്രതിശ്രുത വരൻ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ


പാലാ ഈരാറ്റുപേട്ട റോഡില്‍ പനയ്ക്കപ്പാലത്തിനടുത്തു വെച്ച് സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ സ്വദേശി അജിത് ജേക്കബ് പാറയില്‍ ആണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ അജിത്തിനെ ആദ്യം ഭരണങ്ങാനം മേരിഗിരി ആശുപത്രിയിലും പിന്നീട് ചേര്‍പ്പുങ്കലുള്ള മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലും എത്തിച്ചുവെങ്കിലും ഇന്നു രാവിലെ മരണം സംഭവിക്കുകയായിരുന്നു.

വാഴക്കുളം സ്വദേശിനിയുമായുള്ള വിവാഹം ജനുവരി ഏഴിനു നടക്കാനിരിക്കെയാണ് മരണം. ഡിസംബര്‍ 31ന് ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിബിന്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ശനിയാഴ്ച രാത്രി 8.15 ഓടെയായിരുന്നു അപകടം.