Latest News
Loading...

ഈരാറ്റുപേട്ടയില്‍ ഫലം പ്രവചനാതീതം

നഗരസഭയായതിന് ശേഷം നടക്കുന്ന രണ്ടാമത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തമായ മല്‍സരമാണ് ഈരാറ്റുപേട്ടയില്‍ നടക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ആദ്യഘട്ടത്തില്‍തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ് പ്രചാരണം ശക്തമാക്കിയപ്പോള്‍ ഇത്തവണ ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. ഇരുമുന്നണികള്‍ക്കും വെല്ലുവിളിയുമായി എസ്ഡിപിഐയും ശക്തമായ സാന്നിധ്യമായി രംഗത്തുണ്ട്.

28 അംഗ നഗരസഭയിലേയ്ക്കാണ് ഈരാറ്റുപേട്ടയില്‍ മല്‍സരം നടക്കുന്നത്. യുഡിഎഫില്‍ മേഖലയില്‍ ശക്തമായ സാന്നിധ്യമുള്ള മുസ്ലീം ലീഗ് 16 സീറ്റിലും കോണ്‍ഗ്രസ് 11 സീറ്റിലും മല്‍സരിക്കുമ്പോള്‍ ജോസഫ് ഗ്രൂപ്പിനും ഒരു സീറ്റ് നല്‍കി. 

2 വാര്‍ഡുകളില്‍ യുഡിഎഫ് സ്വതന്ത്രരാണ് മല്‍സരിക്കുന്നത്. വെല്‍ഫയര്‍ പാര്‍ട്ടിയുമായി പ്രാദേശികനേതൃത്വമെടുത്ത തീരുമാനപ്രകാരം കോണ്‍ഗ്രസും ലീഗും ഓരോ സീറ്റുവീതം പിന്തുണച്ചുകൊണ്ട് സ്വതന്ത്രരെയാണ് മല്‍സരിപ്പിക്കുന്നത്.

ഇടതുമുന്നണിയില്‍ സിപിഎം 16 സീറ്റിലും സിപിഐ 7 സീറ്റിലും മല്‍സരിക്കുന്നു. എല്‍ജെഡി, ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എന്നിവര്‍ക്ക് ഓരോ സീറ്റ് നല്‍കി. ഒരു എല്‍ഡിഎഫ് സ്വതന്ത്രനും മല്‍സരരംഗത്തുണ്ട്. 

സിപിഐ മുന്‍പ് മല്‍സരിച്ചിരുന്ന മൂന്നാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇവിടെ സിപിഐഎം സിപിഐ സൗഹൃദമല്‍സരമാണ് നടക്കുന്നത്.



കഴിഞ്ഞതവണ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് 6 സീറ്റില്‍ മല്‍സരിച്ച ജനപക്ഷം ഇത്തവണ ഒരു വാര്‍ഡില്‍ മാത്രമാണ് മല്‍സരത്തിന് മുതിരുന്നത്. 2015ല്‍ വിജയിച്ച 4 കൗണ്‍സിലര്‍മാരില്‍ ഒരാള്‍ മാത്രമാണ് 2020ല്‍ പാര്‍ട്ടിയ്‌ക്കൊപ്പമുള്ളത്. പി.എച്ച് ഹസീബ് സിപിഐയില്‍ ചേര്‍ന്നാണ് ഇത്തവണ ജനവിധി തേടുന്നത്.

പി.സി ജോര്‍ജ്ജ് എംഎല്‍എയുടെ മുസ്ലീം വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ജനവികാരം എതിരായതോടെയാണ് നഗരസഭയില്‍ ഇത്തവണ മല്‍സരത്തിന് ജനപക്ഷം മടിക്കുന്നത്. 

കഴിഞ്ഞതവണ 4 സീറ്റുകള്‍ നേടിയ എസ്ഡിപിഐ, ഇത്തവണ മുന്‍ കൗണ്‍സിലറെയടക്കം രംഗത്തിറക്കി 16 ഡിവിഷനുകളില്‍ മല്‍സരരംഗത്തുണ്ട്. പലതവണ അധികാരക്കൈമാറ്റം നടന്ന നഗരസഭയില്‍ ഇത്തവണ തങ്ങള്‍ക്കനുകൂലമായ ജനവികാരം ഉയരുമെന്ന പ്രതീക്ഷയിലാണ് എസ്ഡിപിഐ. 8 വാര്‍ഡുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും മല്‍സരിക്കുന്നുണ്ട്.

Post a Comment

0 Comments