Latest News
Loading...

മദ്യലഹരിയില്‍ ഓട്ടോഡ്രൈവറുടെ അഴിഞ്ഞാട്ടം; പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് ഇടിച്ചുതകർത്തു


പാലാ: കടകളുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം റിവേഴ്‌സ് എടുക്കുകയായിരുന്ന ഓട്ടോ തട്ടി മറിഞ്ഞതിനെതുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. ഇതേതുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ ഇരുചക്രവാഹനത്തിന്റെ ഉടമ ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാതെ അപകടമുണ്ടാക്കിയ ഓട്ടോയുമായി കടന്നുകളഞ്ഞു. തെരഞ്ഞടുപ്പ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മദ്യനിരോധനം നിലനില്‍ക്കുന്ന ദിവസമാണ് അമിതമായി മദ്യപിച്ച് ഒരു ഓട്ടോ ഡ്രൈവര്‍ അപകടമുണ്ടാക്കിയത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് പാലാ യൂണിവേഴ്‌സല്‍ തീയേറ്ററിന് മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ അമിത വേഗതയില്‍ പിന്നോട്ടെടുത്ത ഓട്ടോ ഇടിച്ചത്.

സാരമായ കേടുപാടുകള്‍ സംഭവിച്ച ബൈക്കിന്റെ ഉടമ ബൈക്ക് നന്നാക്കി തന്നാല്‍ മതി എന്ന് പറഞ്ഞെങ്കിലും ഓട്ടോ ഡ്രൈവര്‍ 2000 രൂപയില്‍ കൂടുതല്‍ നല്‍കില്ലെന്നും നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്‌തോ എന്ന് പറഞ്ഞ് വെല്ലുവിളിച്ചു. എന്നാല്‍ 2000 രൂപയില്‍ കേടുപാടുകള്‍ പരിഹരിക്കാനാവില്ലെന്നും 4000 രൂപയിലധികം ചിലവു വരുമെന്നും അതിനാല്‍ വാഹനം നന്നാക്കിയതിന് ശേഷം വര്‍ക്ഷോപ്പില്‍ നേരിട്ട് ബില്ലടച്ചാല്‍ മതിയെന്നും മറ്റു നഷ്ടപരിഹാര തുക ഒന്നും വേണ്ടെന്നും ബൈക്കുടമ പറഞ്ഞെങ്കിലും ഓട്ടോ ഡ്രൈവര്‍ വഴങ്ങിയില്ല. സംഭവത്തിന് ദൃക്‌സാക്ഷികളായി കൂടിയ ആളുകള്‍ നഷ്ടം കൊടുത്ത് പ്രശ്‌നം പരിഹരിക്കാന്‍ ഉപദേശിച്ചെങ്കിലും ഓട്ടോ ഡ്രൈവര്‍ അവരോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു. പോലീസിനെ വിളിച്ചു വരുത്തി കേസെടുത്തോളൂ.. ഞാന്‍ കോടതിയില്‍ കണ്ടോളാം എന്ന് പറഞ്ഞ് ആക്രോശിച്ചു.

തര്‍ക്കത്തിനിടയില്‍ വിവരം അറിഞ്ഞ് പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് നഷ്ടപരിഹാരത്തെക്കുറിച്ച് ഒന്നും പറയാതെ അതിവേഗത്തില്‍ അപകടത്തിനിടയാക്കിയ ഓട്ടോയുമായി ഇയാള്‍ കടന്നുകളയാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ബൈക്കുടമയുടെ സുഹൃത്ത് ഓട്ടോയില്‍ കയറി തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ ഓട്ടോയുടെ പിന്‍സീറ്റില്‍ കുടുങ്ങി. സുഹൃത്തുമായി അതിവേഗത്തില്‍ പാലാ മെയിന്‍ റോഡിലൂടെ വണ്‍വേ തെറ്റിച്ച് പാഞ്ഞു. വാഹനം തിരിച്ച് പോകണമെന്നും പോലിസ് വന്ന് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിയിട്ട് പോയാല്‍ മതിയെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ ഓട്ടോ നിര്‍ത്തിയില്ലെന്ന് മാത്രമല്ല, സുഹൃത്തിനോട് ഓടുന്ന ഓട്ടോയില്‍നിന്ന് ഇറങ്ങിയില്ലെങ്കില്‍ വാഹനം ഉടന്‍ മറിച്ച് അപായപ്പെടുത്തുമെന്നും പറഞ്ഞു, എന്നാല്‍ ഓട്ടോ നിര്‍ത്തിയതുമില്ല. 

പിന്നീട് ഇയാള്‍ മുരിക്കുംപുഴയിലെ ഓട്ടോ സ്റ്റാന്‍ഡിന് സമീപം സുഹൃത്തിനെ ഇറക്കിവിട്ട് ഓട്ടോയുമായി കടന്നു കളഞ്ഞു. സംഭവ സ്ഥലത്തെത്തിയ പാലാ പോലീസ് വിവരങ്ങള്‍ തിരക്കുകയും ബൈക്കുടമയോട് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. സംഭവ സ്ഥലത്തെ ദൃശ്യങ്ങളും അപകടമുണ്ടാക്കിയ ഓട്ടോയുടെ നമ്പറും സഹിതം ബൈക്കുടമ പാലാ പോലീസില്‍ പരാതി നല്‍കി.

Post a Comment

0 Comments