Latest News
Loading...

"വികസനങ്ങൾ മുരടിപ്പിച്ചു തിരുവഞ്ചൂർ കോട്ടയംകാരെ അപഹാസ്യരാക്കുന്നു"


കോട്ടയം : വൻഭൂരിപക്ഷത്തോടെ വോട്ടർമാർ തിരഞ്ഞെടുത്ത തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തിന്റെ വികസനം മുരടിപ്പിക്കുകയാണെന്നും  എംഎൽഎയായി ഇരിക്കാൻ യോഗ്യനല്ലെന്നും യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ ആരോപിച്ചു. കോട്ടയത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് പറഞ്ഞു, മനോഹരമായിരുന്ന ശീമാട്ടി റൗണ്ടാന ഇപ്പോൾ കാക്കകൂടാണ്. 

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിർമ്മിക്കുന്ന ആകാശ പാതയ്ക്ക് ആകെ ചെലവ് 5.18 കോടിയാണ്. ആകാശപാതയോ അതോ ഗാന്ധി സ്മൃതി മണ്ഡപമോ ഏതാണ് ഇവിടെ പൂർത്തിയാകുന്നതെന്ന കാര്യം പോലും തിരുവഞ്ചൂരിന് അറിയില്ല. 

കുറച്ചൊക്കെ പണി ചെയ്തു തിരുവഞ്ചൂർ കാശ് ദൂരത്തടിക്കുകയും കപട വാഗ്‌ദാനങ്ങൾ നൽകി കോട്ടയംകാരെ പറ്റിക്കുകയും ചെയ്ത പദ്ധതികളായ കോടിമത പാലം, താലൂക്ക് ഓഫീസ് രണ്ടാംഘട്ടം, നട്ടാശേരി റഗുലേറ്റർകം ബ്രിഡ്ജ്, കച്ചേരിക്കടവ് ടൂറിസം പദ്ധതി, കഞ്ഞിക്കുഴി മേൽപ്പാലം, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, തച്ചുകുന്ന് കുടിവെള്ള പദ്ധതി, ചിങ്ങവനം സ്പോർട്സ് കോളേജ്, നാഗമ്പടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, നാഗമ്പടം ഇൻഡോർ സ്റ്റേഡിയം, ജില്ലാ ആശുപത്രി വികസന പദ്ധതി, വെള്ളുത്തുരുത്തി പാലം ഇവയൊക്കെ ഇനി തിരുവഞ്ചൂരിന് ബാലികേറാമലയാണ്. ജനവഞ്ചകനും വികസന മുരടിപ്പുകാരനുമായ തിരുവഞ്ചൂരിനെ ജനം കോട്ടയത്ത് നിന്നും പുറത്താക്കുമെന്നും സോബിൻലാൽ അഭിപ്രായപ്പെട്ടു.  

കമ്പിയില്ലാതെ പാലാരിവട്ടം പാലം പണിതു ഇപ്പോൾ കമ്പിയെണ്ണുന്ന ഇബ്രാഹിംകുഞ്ഞു ഉൾപ്പെടെയുള്ളവരുടെ ഒക്കചങ്ങാതിയായ തിരുവഞ്ചൂർ, പണികൾ പൂർത്തിയാക്കാതെ കോടികളുടെ അഴിമതിയും ദൂർത്തുമാണ് നടത്തിയിരിക്കുന്നത്‌. തിരുവഞ്ചൂരിന്റെ അഴിമതിക്കും ദൂർത്തിനുമെതിരെ  വരും ദിവസങ്ങളിൽ യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും.

Post a Comment

0 Comments