കോട്ടയം ഈരയില്‍ക്കടവിലെ നേര്‍രേഖയില്‍ കിടക്കുന്ന പാതയില്‍ അമിതാവേഗം ജീവനെടുക്കുന്നു. അമിതവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ച് ഇന്നലെ യുവാവ് മരിച്ചതാണ് ഒടുവിലത്തെ അപകടം. മണിപ്പുഴ ഭാഗത്തു നിന്നു വന്ന കാര്‍ മുപ്പായിപ്പാടം ഭാഗത്തേക്കു പോകുന്ന റോഡിലേക്കു തിരിച്ചപ്പോള്‍ ഇതേ ഭാഗത്തു നിന്നു വന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.
ഗോകുലിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിനു വീട്ടുവളപ്പില്‍ നടക്കും. പനച്ചിക്കാട് വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥന്‍ പുതുപ്പള്ളി ഇരവിനല്ലൂര്‍ ഗോകുലത്തില്‍ (കടവില്‍പറമ്പില്‍) ഗോപാലകൃഷ്ണന്‍ നായരുടെ മകന്‍ ജി.ഗോകുലാണ് (20) വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചത്. മണര്‍കാട് സെന്റ് മേരീസ് ഐ.ടി.ഐ വിദ്യാര്‍ത്ഥിയാണ് മരിച്ച ഗോകുല്‍.
ഇടിയുടെ ശക്തിയില്‍ ഗോകുല്‍ 10 മീറ്റര്‍ അകലെ റോഡിനു പുറത്തേക്കു തെറിച്ചുവീണു. ബൈക്ക് കാറിന്റെ മുന്നിലേക്ക് ഇടിച്ചുകയറി തലകീഴായി തകര്‍ന്ന നിലയിലായിരുന്നു. കാര്‍ യാത്രക്കാരായ സഹോദരങ്ങള്‍ ഉടന്‍ ഗോകുലിനെ ഇതുവഴി വന്ന കാര്‍ യാത്രക്കാരന്റെ സഹായത്തോടെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഈരയില്‍ക്കടവ് വികസന ഇടനാഴിയില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും അമിതവേഗത്തിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. ഇന്നലെ ഇവിടെയുണ്ടായ അപകടത്തില്‍ യുവാവ് മരിക്കാന്‍ കാരണം ബൈക്കിന്റെ അമിത വേഗമെന്നു പോലീസ് വ്യക്തമക്കി. റേസിങ്ങിനായും അല്ലാതെയും ഈരയില്‍ക്കടവ് റോഡില്‍ ബൈക്കുകള്‍ പായിക്കുന്നതു യുവാക്കളുടെ ഹരമാണ്. ഈരയില്‍ക്കടവ് മുതല്‍ മണിപ്പുഴ ജംഗ്ഷന്‍ വരെയുള്ള മൂന്നര കിലോമീറ്റര്‍ നീളമുള്ള റോഡാണ് മത്സരത്തിന്റെ വലിയ വേദി.
നീണ്ടു നിവര്‍ന്നു കിടക്കുന്ന റോഡിലൂടെ അതിവേഗത്തിലാണ് വാഹനങ്ങള്‍ അമിത വേഗത്തില്‍ പായുന്നത്. ഇതിനായാണ് യുവാക്കള്‍ ഇവിടെ എത്തുന്നത്. അമിത വേഗത്തില്‍ ബൈക്ക് ഓടിക്കുന്നതും, ബൈക്ക് സ്റ്റണ്ടിങ് നടത്തുന്നതുമായ യുവാക്കളാണ് ഇവിടെ എത്തുന്നത്.
അതേസമയം റോഡിലെ അമിത വേഗക്കാരെ നിരവധി തവണ നാട്ടുകാരും, പോലീസും അടക്കം താക്കീത് ചെയ്തിട്ടും ഫലമൊന്നമുണ്ടായില്ല. രാത്രിയും ഇതുവഴിയുള്ള യാത്ര അപകടകരമാണ്. വഴിവിളക്കുകള്‍ ഇല്ല. വിജനമായ റോഡില്‍ എന്തെങ്കിലും അപകടം സംഭവിച്ചു വഴിയില്‍ കിടന്നാല്‍ ആരും അറിയുക പോലുമില്ലെന്നു നാട്ടുകാര്‍ പറയുന്നു.
0 Comments