തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാകും നടത്തുകയെന്ന് കോട്ടയം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. പരിസ്ഥിതി സൗഹൃദ രീതിയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പരിസ്ഥിതി സൗഹൃദവും മണ്ണില്‍ അലിഞ്ഞു ചേരുന്നതും പുനഃചംക്രമണം ചെയ്യാന്‍ കഴിയുന്നതുമായ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ. പ്ലാസ്റ്റിക്, പി.വി.സി, നോണ്‍ വൂവണ്‍ പോളി പ്രൊപ്പലിന്‍ എന്നിവ കൊണ്ടുണ്ടാക്കിയ ബോര്‍ഡുകളും കൊടിതോരണങ്ങളും തെര്‍മോകോള്‍ ഉപയോഗിക്കുന്ന ആര്‍ച്ചുകളും ഒഴിവാക്കണം. തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് പ്ലാസ്റ്റിക്കുകൊണ്ടുള്ള പേപ്പറുകള്‍, നൂലുകള്‍, റിബണുകള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല.
ചുവരെഴുത്തിനു പകരം ഭിത്തിയില്‍ ഫ്‌ളക്‌സ് ഒട്ടിക്കുന്നതും ചുവരെഴുത്തിനൊപ്പം ഫോട്ടോയ്ക്കു പകരം ഫ്‌ളക്‌സ് ഉപയോഗിക്കുന്നതും ഒഴിവാക്കണം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും കോട്ടണ്‍, തുണി, പേപ്പര്‍, പോളി എത്തിലിന്‍ തുടങ്ങിയ പരിസ്ഥിതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം.
തിരഞ്ഞെടുപ്പിനുശേഷം പോളിംഗ് സ്‌റ്റേഷനുകളില്‍ അവശേഷിക്കുന്ന പേപ്പറുകളും മറ്റു വസ്തുക്കളും നീക്കം ചെയ്യുന്നതിനും നശിപ്പിക്കുന്നതിനും അതത് തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം.
പോളിംഗ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍, പോളിംഗ് കേന്ദ്രങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജൈവ, അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തണം. പാഴ് വസ്തുക്കളും പേപ്പറുകളും നീക്കം ചെയ്യുന്നതിനും നശിപ്പിക്കുന്നതിനും നടപടി സ്വീകരിക്കണം .
വോട്ടെടുപ്പ് അവസാനിച്ചാലുടന്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നീക്കം ചെയ്യണം. ഇവ നശിപ്പിക്കുകയോ സംസ്‌കരിക്കുന്ന ഏജന്‍സികള്‍ക്ക് കൈമാറുകയോ ചെയ്യണം. ഇങ്ങനെ നീക്കം ചെയ്യാത്ത പരസ്യങ്ങള്‍ വോട്ടെടുപ്പ് അവസാനിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ നീക്കം ചെയ്ത് നശിപ്പിക്കുന്നതിനോ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനോ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കേണ്ടതും ഇതിന്റെ ചിലവ് അതത് സ്ഥാനാര്‍ഥികളില്‍നിന്ന് ഈടാക്കേണ്ടതുമാണ്.
വോട്ടെടുപ്പ് നടപടിക്രമത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ബോധവത്കരണത്തിനായി പതിക്കുന്ന പോസ്റ്ററുകളും ബോര്‍ഡുകളും നീക്കം ചെയ്യുന്നതിനും തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ക്രമീകരണം ഏര്‍പ്പെടുത്തണം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത വസ്തുക്കള്‍ മാത്രമാണെന്ന് ഉറപ്പുവരുത്തണം. ഭക്ഷണപാനീയങ്ങള്‍ പുനരുപയോഗിക്കാവുന്ന പാത്രങ്ങളിലും ഗ്ലാസുകളിലും മാത്രം വിതരണം ചെയ്യുക. പര്യടന വേളയിലും ഭവന സന്ദര്‍ശത്തിലും ഡിസ്‌പോസിബിള്‍ കുപ്പികളിലെ വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണം. പുനരുപയോഗിക്കാവുന്ന കുപ്പികളുടെയും ഗ്ലാസുകളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കണം. ഭക്ഷണ പാഴ്‌സലുകള്‍ പാത്രങ്ങളിലോ വാഴയിലയിലോ നല്‍കാന്‍ ശ്രദ്ധിക്കുക.
കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മാസ്‌കുകള്‍, ഗ്ലൗസുകള്‍, സാനിറ്റൈസര്‍ കുപ്പികള്‍ എന്നിവ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കണം.
ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും സഹകരണത്തോടെയാണ് ജില്ലയില്‍ ഹരിത ചട്ട പാലനത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്.
ഹരിതചട്ട പാലനം സംബന്ധിച്ച കോടതി ഉത്തരവുകളും സര്‍ക്കാര്‍ നിര്‍ദേശങ്ങളും തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളും എല്ലാവരും പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.
ഹരിചട്ട പാലനവുമായി ബന്ധപ്പെട്ട സഹായത്തിന് ഹരിത കേരളം മിഷനെയും ശുചിത്വ മിഷനെയും ബന്ധപ്പെടാം. ഫോണ്‍: 8848893176,9188120325
0 Comments